• Mon. Mar 10th, 2025

24×7 Live News

Apdin News

ഇളയരാജയുടെ വാലിയന്റെ എന്ന സിംഫണി ലണ്ടനില്‍ അരങ്ങേറി; ലോകമെമ്പാടുനിന്നും ഇളയരാജ ആരാധകര്‍ എത്തി

Byadmin

Mar 10, 2025


ലണ്ടന്‍ :ഇളയരാജയുടെ വാലിയന്‍റ് എന്ന സിംഫണിയുടെ അവതരണം ലണ്ടനില്‍ നടന്നു. ലണ്ടനിലെ റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയാണ് ഇളയരാജ ഒരുക്കിയ സിംഫണി അവതരിപ്പിച്ചത്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിംഫണി ഓര്‍ക്കസ്ട്രയാണ് റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്ര.

ഇളയരാജ തയ്യാറാക്കിയ വാലിയന്‍റ് എന്ന പേരിട്ടിരിക്കുന്ന സിംഫണിയുടെ ആദ്യ കേള്‍വിക്കാരാകാന്‍ ലോകത്തെമ്പാടുനിന്നും ഇളയരാജ ആരാധകരായ തമിഴ് വംശജര്‍ എത്തിയിരുന്നു. പരിപാടിയ്‌ക്ക് തൊട്ടുമുമ്പായി വേദിയില്‍ എത്തിയ ഇളയരാജയെ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്ര അംഗങ്ങള്‍ സ്വീകരിച്ചു. നിങ്ങള്‍ ആദ്യമായാണ് വാലിയന്‍റ് എന്ന ഈ സിംഫണി കേള്‍ക്കാന്‍ പോകുന്നതെന്ന് ഇളയരാജ സദസ്സിനോട് പറഞ്ഞു.

തമിഴ് സംഗീതത്തിന്റെ സുവര്‍ണ്ണനിമിഷങ്ങളിലേക്ക് സദസ്സിനെ കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു ഈ സിംഫണി. ക്ലാസിക്കല്‍ വെസ്റ്റേണ്‍ സംഗീതത്തെ തമിഴിലെ പഴയ ഓര്‍മ്മകളുമായി ബന്ധിപ്പിക്കുന്നു എന്നതായിരുന്നു ഈ സിംഫണിയുടെ സവിശേഷത. സിംഫണിയിലെ ഓരോ നോട്ടിലും ഇളയരാജ എന്ന സംഗീതപ്രതിഭയുടെ സ്പര്‍ശം കാണാമായിരുന്നുവെന്ന് സംഗീതമറിയുന്ന സദസ്സിലെ ചിലര്‍ പറഞ്ഞു.
ലണ്ടനിലെ ഇവന്‍റിം അപ്പോളോ എന്ന വലിയ ഹാളില്‍ ആയിരുന്നു സിംഫണി അവതരിപ്പിക്കപ്പെട്ടത്. 3500 സീറ്റുകളാണ് ഈ ഹാളില്‍ ഉണ്ടായിരുന്നത്. സീറ്റുകളെല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു. മിഖായേല്‍ ടോംസ് ആയിരുന്നു സിംഫണി കണ്ടക്ടര്‍. ഏകദേശം 70 ല്‍ അധികം അംഗങ്ങളുള്ള റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്ര ഗംഭീരമായി അവതരിപ്പിച്ചു.



By admin