• Thu. Mar 13th, 2025

24×7 Live News

Apdin News

| ഇവോള്‍വ്-2023: മോട്ടോര്‍ വാഹന വകുപ്പ് പൊടിച്ചത് 60.67 ലക്ഷം

Byadmin

Mar 13, 2025


uploads/news/2025/03/769342/MVD.jpg

കൊച്ചി : പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാന്‍ പ്രോത്സാഹനം നല്‍കുന്നതിന് സംഘടിപ്പിച്ച ഇവോള്‍വ്-2023 പരിപാടിക്ക് മോട്ടോര്‍ വാഹന വകുപ്പ് ചെലവിട്ടത് വന്‍ തുക. പരിപാടിയ്ക്കു ശേഷമുള്ള ഫലത്തെക്കുറിച്ച് മോട്ടോര്‍ വാഹന വകുപ്പിന് യാതൊരു ധാരണയുമില്ലെന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ആഡംബര ചെലവിന്റെ കണക്കുകള്‍ വിവരാവകാശ രേഖയായി വരുന്നത്.

ആഗോളതാപനത്തിന്റേയും കാലാവസ്ഥ വ്യതിയാനത്തിന്റേയും പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനം ഇലക്ര്ടിക് വാഹനങ്ങളിലേക്ക് മാറ്റാന്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനായിരുന്നു പരിപാടി. പരിപാടിക്ക് 60.67 ലക്ഷം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സും എക്‌സ്‌പോയുമായ ഇവോള്‍വിന്റെ രണ്ടാമത്തെ എഡിഷന്‍ 2023 ജനുവരി 19-22 വരെ തിരുവനന്തപുരത്താണ് നടന്നത്.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ജി.എസ്.ടി ഉള്‍പ്പെടെ നല്‍കിയത് 60.67 ലക്ഷം രൂപയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.റോഡ് സുരക്ഷ ഉറപ്പാക്കാന്‍ ഫണ്ടിന്റെയും ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമം മോട്ടോര്‍ വാഹന വകുപ്പ് നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

ഇമാജിന്‍ ക്രിയേഷന്‍സിന് നല്‍കിയ തുക 32.56 ലക്ഷം രൂപ.നാല്‍പത് പ്രതിനിധികള്‍ക്ക് നാലു ദിവസത്തേക്ക് താമസ സൗകര്യം നാലു ലക്ഷം രൂപ. 60 പ്രതിനിധികള്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പിക്ക് ആന്‍ഡ് ഡ്രോപ്പ് ഒരു ലക്ഷം രൂപ. കോളേജുകളില്‍ 10 ദിവസത്തേക്ക് ക്വിസ് നടത്തുന്നതിന് 50,000 രൂപ. പ്രതിനിധികള്‍ക്കുള്ള മെമന്റോകള്‍, 45000 രൂപ എന്നിങ്ങനെയാണ് വിവരാവകാശം വഴി ലഭിക്കുന്ന കണക്കുകള്‍.



By admin