ടെഹ്റാൻ: ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. ഇറാന്റെ മുൻ വിദേശകാര്യമന്ത്രി കമാൻ ഖരാസി(81)ക്കാണ് ബുധനാഴ്‌ച്ച നടന്ന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ആക്രമണത്തിൽ ഖരാസിയുടെ ഭാര്യ കൊല്ലപ്പെട്ടു.ഇറാന്റെ പരമോന്നതനേതാവായിരുന്ന അയത്തുള്ള അലി ഖമനയിയുടെ വിദേശകാര്യ ഉപേദേഷ്ടാവായും ഖരാസി പ്രവർത്തിച്ചിട്ടുണ്ട്.
ഇറാൻ ആണവായുധം നേടുന്നതിനായി വാദിച്ചിരുന്നയാളാണ് ഖരാസി. ഇസ്രയേൽ ആക്രമണത്തിൽ ടെഹ്‌റാനിലെ നൂറുവർഷത്തിലേറെ പഴക്കമുള്ള പസേതുർ ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിക്കും കേടുപാടുകളുണ്ടായി.
അതേസമയം, ഇസ്രയേലിലേക്കും ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ്. താവളങ്ങൾ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തി. യെമെനിലെ ഹൂതികളും ഇസ്രയേലിലേക്ക് മിസൈലയച്ചു. ഇസ്രയേലിന്റെ ഹൈഫ തുറമുഖം ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. അതിനിടെ ജനുവരിയിൽനടന്ന ഭരണകൂടവിരുദ്ധപ്രക്ഷോഭത്തിൽ യു.എസിനും ഇസ്രയേലിനുംവേണ്ടി പ്രവർത്തിച്ചെന്നാരോപിച്ച് പതിനെട്ടുകാരനെ ഇറാൻ തൂക്കിക്കൊന്നു.