ഗസ്സയില്‍ ഇസ്രാഈല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ ഇസ്രാഈലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലുകള്‍ തങ്ങളുടെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് തടയുമെന്ന് ദക്ഷിണാഫ്രിക്ക, മലേഷ്യ, കൊളംബിയ എന്നീ രാജ്യങ്ങള്‍. മൂന്ന് രാജ്യങ്ങളിലേയും ഭരണകര്‍ത്താക്കളാണ് ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
‘ഇസ്രാഈലിലേക്ക് സൈനിക സാമഗ്രികള്‍ കൊണ്ടുപോകുന്ന കപ്പലുകള്‍ ഞങ്ങളുടെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ തടയും. മാനുഷിക നിയമങ്ങളുടെ കൂടുതല്‍ ലംഘനങ്ങള്‍ സാധ്യമാക്കുന്ന എല്ലാ ആയുധ കൈമാറ്റങ്ങളും ഞങ്ങള്‍ തടയും’ -ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ എന്നിവര്‍ ഈ ആഴ്ച ഫോറിന്‍ പോളിസി മാഗസിന്‍ പ്രസിദ്ധീകരിച്ച സംയുക്ത ലേഖനത്തില്‍ എഴുതി.
ഗസ്സക്കെതിരായ ഇസ്രാഈലിന്റെ യുദ്ധം അന്താരാഷ്ട്ര വ്യവസ്ഥയുടെ പരാജയത്തെ തുറന്നുകാട്ടിയെന്നും ഇസ്രയേലിന്റെ അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നിയമം നടപ്പിലാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അല്ലെങ്കില്‍ അത് തകരുമെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ ഇസ്രായേല്‍ അന്താരാഷ്ട്ര നിയമം ‘വ്യവസ്ഥാപിതമായി’ ലംഘിച്ചുവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ഇസ്രാഈലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസിനെ പിന്തുണച്ച രാജ്യങ്ങളില്‍ മലേഷ്യയും കൊളംബിയയും ഉള്‍പ്പെട്ടിരുന്നു. 2023 ഡിസംബറില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാല്‍ വംശഹത്യ നടത്തിയെന്ന് ദക്ഷിണാഫ്രിക്ക ആരോപിക്കുകയുണ്ടായി. ‘തെല്‍ അവീവ്’ ഗസ്സയിലെ ഫലസ്തീനികളെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാല്‍ ഗസയിലെ ഇസ്രാഈലിന്റെ വംശഹത്യ നിര്‍ത്താന്‍ കോടതി ഉത്തരവിടണമെന്നും ഈ രാജ്യങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി.
ഗസ്സയെ ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിയെയും ലേഖനം വിമര്‍ശിച്ചു. ഗസ്സ ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിയെ വംശീയ ഉന്മൂലനമെന്നും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമെന്നുമാണ് ലേഖനം വിശേഷിപ്പിച്ചത്. അമേരിക്കയില്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ഗസ്സയിലെ ജനങ്ങളെ താല്‍ക്കാലികമായോ സ്ഥിരമായോ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും മാറ്റിപ്പാര്‍പ്പിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിരുന്നു.
കൂടാതെ അടുത്തിടെ അമേരിക്കക്ക് ഗസ്സ ഏറ്റെടുത്ത്, ഫലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം അതിനെ പശ്ചിമേഷ്യയുടെ ‘റിവിയേര’ ആക്കി മാറ്റുമെന്നും ട്രംപ് പറയുകയുണ്ടായി. ദ്വിരാഷ്ട്ര പരിഹാരത്തിന് ലോകം ശ്രമിക്കുമ്പോള്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു.