ഇസ്രാഈലിലെ മൂന്ന് നഗരങ്ങളില്‍ ഒന്നിലധികം റോക്കറ്റുകളും ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായും ചെങ്കടലില്‍ യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ഹാരി എസ്. ട്രൂമാനെതിരെ വീണ്ടും ആക്രമണം നടത്തിയതായും യെമനിലെ ഹൂതി സംഘം അറിയിച്ചു. ഗസയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി 4 ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ തങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു.
ഗസയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി നാല് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ ഞങ്ങള്‍ സൈനിക ഓപ്പറേഷന്‍ നടത്തി,’ ഹൂതി സൈനിക വക്താവ് യഹ്യ സരിയ ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികള്‍ നടത്തുന്ന അല്‍ മസീറ ടി.വിയിലൂടെയായിരുന്നു പ്രസ്താവന. ഇസ്രാഈലില്‍ നഗരങ്ങളായ ടെല്‍ അവീവ്, അഷ്‌കെലോണ്‍ എന്നിവിടങ്ങളിലെ മറ്റ് സുപ്രധാന നഗരങ്ങളും തന്റെ സംഘം ലക്ഷ്യം വച്ചതായും വടക്കന്‍ ചെങ്കടലില്‍ യു.എസ് വിമാനവാഹിനിക്കപ്പലിനെതിരെ ഏഴാമത്തെ ആക്രമണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ഗസയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയോ ഇനിയും യുദ്ധം ആരംഭിക്കുകയോ ചെയ്താല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും സരിയ പറഞ്ഞു. ഇസ്രാഈലിനെ ഫലസ്തീനില്‍ നിന്നും പുറത്താക്കുന്നത് വരെ തന്റെ സംഘം ഹമാസിനെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയുടെ വടക്ക് ഭാഗത്തുള്ള അമ്രാന്‍ പ്രവിശ്യയിലെ ഹാര്‍ഫ് സുഫിയാന്‍ ജില്ലയിലെ ഹൂതി സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ചെങ്കടലില്‍ യു.എസ് നാവികസേന 5 വ്യോമാക്രമണങ്ങള്‍ നടത്തിയതായി പുലര്‍ച്ചെ ഹൂതി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രാഈല്‍ നഗരങ്ങള്‍ക്കും യു.എസ് വിമാനവാഹിനിക്കപ്പലിനും നേരെ ആക്രമണം ഉണ്ടായത്.