ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ ചിത്രകാരി ദിന ഖാലിദ് സൗറുബ് കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസില്‍ ദിനയും കുടുംബവും താമസിച്ചിരുന്ന ടെന്റിന് നേരെ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു.
ഇസ്രാഈല്‍ നരഹത്യയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയായ കലാകാരിയാണ് 22 വയസ്സുള്ള ദിന. നിരവധി ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, ഫലസ്തീന്‍ സാംസ്‌കാരിക മന്ത്രാലയവും ദിനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രതിഭാധനയായ ഒരു യുവതിയുടെ ജീവതം ചെറുപ്പത്തില്‍ തന്നെ യുദ്ധംകൊണ്ട് മുറിച്ചുമാറ്റപ്പെട്ടെന്ന് മന്ത്രാലയം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ചിത്രങ്ങളിലൂടെ ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെ ലോകത്തിന് മുന്നിലെത്തിച്ച ദിനക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2015ല്‍ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചിത്രത്തിന് അല്‍ മീസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ് ലഭിച്ചിരുന്നു. ഫലസ്തീന്‍ വിദ്യാഭ്യാസ വകുപ്പും യുഎന്‍ആര്‍ഡബ്ലിയുഎയും ദിനയെ ആദരിച്ചിരുന്നു.