വാഷിങ്ടണ്‍: ഇസ്രാഈല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമെന്നതില്‍ വിശ്വാസമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
എനിക്ക് ആത്മവിശ്വാസമില്ല. ഇത് ഞങ്ങളുടെ യുദ്ധമല്ല, അവരുടെ യുദ്ധമാണ്. ഞാന്‍ ഗസ്സയുടെ ഒരു ചിത്രം കണ്ടു, അത് ആകെ തകര്‍ന്നടിഞ്ഞിരിക്കുന്നു. ആ സ്ഥലം ശരിക്കും മറ്റൊരു രീതിയില്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്… -ട്രംപ് പറഞ്ഞു.
ഇസ്രാഈല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞതായി ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് വെളിപ്പെടുത്തിയിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാനും ഈ ഭീഷണിയെ എന്നെന്നേക്കുമായി ഇല്ലാതാക്കാനും ഇസ്രാഈല്‍ യുദ്ധക്കളത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി നെതന്യാഹുവിനോട് ഞാന്‍ ആവശ്യപ്പെട്ടു, അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു -ബെസാലെല്‍ സ്‌മോട്രിച്ച് പറഞ്ഞു. 42 ദിവസത്തെ പ്രാരംഭ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ രാജിവെക്കുമെന്നാണ് ധനമന്ത്രി സ്‌മോട്രിച്ചിന്റെ ഭീഷണി.