
വയനാട് : ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വയനാട് കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്മ ജീവനൊടുക്കിയ സംഭവത്തില്‍ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം. ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയതില്‍ രേഷ്മ ബത്തേരി പൊലീസിന് നല്‍കിയ പരാതിയടക്കം ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയത്.
രേഷ്മയെ ബത്തേരി കോളിയാടിയിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ 30നാണ്.സാമ്പത്തിക ബാധ്യത കാരണം കോവിഡ് കാലത്ത് ഭര്‍ത്താവ് ജിനേഷ് ബീനാച്ചി പഴുപ്പത്തൂര്‍ സ്വദേശികളില്‍ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങി. ഇത് വിവിധ ഘട്ടങ്ങളായി പലിശ സഹിതം തിരിച്ചുനല്‍കിയെന്ന് വ്യക്തമാക്കുന്ന ജിനേഷിന്റെ പരാതിയുടെ പകര്‍പ്പും രേഷ്മയുടെ പരാതിയുടെ പകര്‍പ്പും കുടുംബം പുറത്തുവിട്ടു. അന്ന് നല്‍കിയ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും വ്യാജരേഖകളും ഉപയോഗിച്ച് ജിനേഷിന്റെ വീടും സ്ഥലവും തട്ടിയെടുത്തതിലെ മാനസിക വിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം.
കടബാധ്യതയെ തുടര്‍ന്ന് ജിനേഷ് ഇസ്രയേലിലേക്ക് പോകും മുമ്പ് ഈ സംഘം മര്‍ദിച്ചതായും പരാതിയുണ്ട്. ആറ് മാസം മുമ്പാണ് ഇസ്രായേലില്‍ വച്ച് ജിനേഷിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജിനേഷിന്റെ മരണ ശേഷം ഇതേസംഘം തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും രേഷ്മ ബത്തേരി പൊലീസില്‍ കഴിഞ്ഞ ആഗസ്റ്റ് 27ന് പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ഒപ്പിട്ട് നല്‍കിയ രേഖകള്‍ തിരികെ കിട്ടണം എന്നാവശ്യപ്പെട്ടായിരുന്നു പരാതി.
വ്യാജരേഖകള്‍ ചമച്ച് സ്വത്ത് തട്ടിയെടുക്കുകയും മകളുടെ മരണകാരണം ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയത് മൂലമാണെന്നും ചൂണ്ടിക്കാട്ടി രേഷ്മയുടെയും ജിനേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ പരാതി ബത്തേരി പൊലീസ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.