• Tue. Sep 2nd, 2025

24×7 Live News

Apdin News

ഇസ്ലാം പുരാതന കാലം മുതൽക്കേ ഉണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കും ; ഇസ്ലാം നിലനിൽക്കില്ല എന്ന ആശയം ഹിന്ദു തത്ത്വചിന്തയിലില്ല ; മോഹൻ ഭഗവത്

Byadmin

Aug 29, 2025



ന്യൂഡൽഹി : ഇസ്ലാം പുരാതന കാലം മുതൽ ഇന്ത്യയിൽ ഉണ്ടെന്നും, ഭാവിയിലും നിലനിൽക്കുമെന്നും ആർ‌എസ്‌എസ് സർസംഘചാലക് മോഹൻ ഭഗവത് . ഇന്ത്യയിൽ ഇസ്ലാമിന് എപ്പോഴും ഒരു സ്ഥാനമുണ്ടാകുമെന്നും , ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെയാണെന്നും അവരുടെ ആരാധനാ രീതി മാത്രമാണ് വ്യത്യസ്തമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ പരസ്പര വിശ്വാസം നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആർ‌എസ്‌എസിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത് . ‘ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെയാണ്… അതിനാൽ അവർക്കിടയിൽ ഐക്യത്തിന്റെ ചോദ്യമില്ല; അവരുടെ ആരാധനാ രീതി മാത്രമേ മാറിയിട്ടുള്ളൂ. നമ്മൾ ഇതിനകം ഒന്നാണ്. എന്താണ് മാറിയത്? ആരാധനാ രീതി മാത്രമേ മാറിയിട്ടുള്ളൂ; അത് ശരിക്കും എന്തെങ്കിലും വ്യത്യാസമുണ്ടാക്കുന്നുണ്ടോ?’

‘ഇസ്ലാം പുരാതന കാലം മുതൽ ഇന്ത്യയിൽ ഉണ്ട്, ഇന്നും നിലനിൽക്കുന്നു, ഭാവിയിലും നിലനിൽക്കും. ഇസ്ലാം നിലനിൽക്കില്ല എന്ന ആശയം ഹിന്ദു തത്ത്വചിന്തയിലില്ല. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പരസ്പരം വിശ്വാസം ഉണ്ടായിരിക്കണം . ‘റോഡുകളും സ്ഥലങ്ങളും ‘ആക്രമണകാരികളുടെ’ പേരുകളിൽ ഇടരുത്. മുസ്ലീം പേരുകൾ ഉണ്ടാകരുതെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. എ.പി.ജെ അബ്ദുൾ കലാം, അബ്ദുൾ ഹമീദ് എന്നിവരുടെ പേരുകൾ അവിടെ ഉണ്ടായിരിക്കണം’ അദ്ദേഹം പറഞ്ഞു.

മതപരമായ കാരണങ്ങളാൽ ആരെയും ആക്രമിക്കുന്നതിൽ സംഘം വിശ്വസിക്കുന്നില്ല. കേരള വെള്ളപ്പൊക്കം, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളിൽ എല്ലാവരെയും സഹായിക്കാൻ എപ്പോഴും മുന്നോട്ടുവന്നിട്ടുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു. മതം വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ കാര്യമാണെന്നും ഈ വിഷയത്തിൽ ഒരു തരത്തിലുള്ള പ്രലോഭനമോ നിർബന്ധമോ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്‌ക്ക് പ്രധാന കാരണമായി മതപരിവർത്തനവും അനധികൃത കുടിയേറ്റവും ചൂണ്ടിക്കാട്ടിയ അദ്ദേഹം നുഴഞ്ഞുകയറ്റം തടയാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും സമൂഹവും അതിന്റെ പങ്ക് വഹിക്കേണ്ടതുണ്ടെന്നും പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റക്കാർക്കല്ല, മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള നമ്മുടെ ജനങ്ങൾക്കാണ് ജോലി ലഭിക്കേണ്ടതെന്ന് മോഹൻ ഭഗവത് പറഞ്ഞു

ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ജനങ്ങൾക്ക് ഒരേ ഡിഎൻഎ ആണെന്ന വാദത്തോട് താൻ യോജിക്കുന്നുവെന്നും എന്നാൽ ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങളും നിയന്ത്രണങ്ങളുണ്ടെന്നും കുടിയേറാൻ ആഗ്രഹിക്കുന്നവർ ഈ നിയമങ്ങൾ പാലിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ആർ.എസ്.എസ് അക്രമത്തിൽ പങ്കാളിയാണെന്ന ആരോപണവും മോഹൻ ഭാഗവത് തള്ളി. ‘അക്രമത്തിൽ ഉൾപ്പെട്ട ഒരു സംഘടനയ്‌ക്കും ഇന്ത്യയിലെ 75 ലക്ഷം സ്ഥലങ്ങളിൽ എത്താനോ ഇത്രയധികം പിന്തുണ നേടാനോ കഴിയില്ല. നമ്മൾ അങ്ങനെയായിരുന്നെങ്കിൽ, നമ്മൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമായിരുന്നോ? നമ്മൾ എവിടെയെങ്കിലും ഒളിവിൽ പോകുമായിരുന്നു’ അദ്ദേഹം പറഞ്ഞു.

By admin