കൊച്ചി : ജമീന്ദാരി സമ്പ്രദായം പാടെ തുടച്ചുനീക്കിയെന്നു അവകാശപ്പടുമ്പോഴും അന്യായമായ മറ്റൊരു ജമീന്ദാരീ സമ്പ്രദായമായി വഖഫ് ബോർഡ് ഇന്നും നിലനിൽക്കുന്നുവെന്ന് സ്വാമി ചിദാനന്ദപുരി. എന്താണിത്രയധികം അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് എന്ന സ്ഥാപനം നമ്മുടെ രാജ്യത്ത് കൈകാര്യം ചെയ്ത് കൊണ്ടിരിക്കുന്നത്? ഇതിന്റെ ജോലിയെന്താണ്? തങ്ങളുടെ സമുദായക്കാരനെ ഒരു സംസ്ഥാനത്തിന്റെ ഉപമുഖ്യമന്തിയാക്കണമെന്ന് രാഷ്‌ട്രത്തിലെ സംവിധാനത്തോട് ആവശ്യപ്പെടാനുള്ള ചങ്കൂറ്റം ഇവർക്കെങ്ങനെയുണ്ടായി എന്നും ചിദാനന്ദപുരി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ജനാധിപത്യരാഷ്‌ട്രത്തിൽ മതത്തിന്റെ മറവിൽ ആരംഭിച്ച ഒരു സംഘടനയ്‌ക്ക് എങ്ങനെയാണ് രാജ്യത്തെ മൂന്നാമത്തെ ഭൂവുടമയാവാൻ സാധിച്ചത്? മറ്റെല്ലാ മതവിഭാഗങ്ങളുടെയും മതസ്വത്ത് തർക്കം സിവിൽ കോടതികളിൽ തീർപ്പാക്കുമ്പോൾ വഖഫ് സ്വത്ത് മാത്രം പ്രത്യേകവഖഫ് ട്രൈബ്യൂണലുകളിലൂടെ തീർപ്പാക്കുന്നതിലെ അനീതിയും ഭരണഘടനയുടെ അഖണ്ഡരാഷ്‌ട്രസങ്കല്പത്തെ തന്നെ ശിഥിലമാക്കുന്ന അപകടസ്ഥിതിയും സമൂഹം ചർച്ച ചെയ്തേ മതിയാവൂ എന്നും അദ്ദേഹം പറയുന്നു.
ഇസ്ലാമിക ന്യായശാസ്ത്രത്തിലെ ഒരദ്ധ്യായമാണ് വഖഫ്. വഖഫ് എന്നൊരു വാക്ക് ഖുറാനിലില്ല എന്നു ഖുർ ആൻ വിദ്വാൻമാരിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. പല ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് എന്ന സംവിധാനമില്ലത്രെ. ഹദീസുകളിലും ഇസ്‌ലാമികനീതിശാസ്ത്രങ്ങളിലും മാത്രമാണ് ഇതിനെ സംബന്ധിച്ച പരാമർശങ്ങളുള്ളത് എന്നു കേട്ടു മനസ്സിലാക്കിയിട്ടുണ്ട്. അതുതന്നെ കയ്യിലെത്തിച്ചേർന്ന ഭൂമി എന്തുചെയ്യണമെന്ന ചോദ്യത്തിന് നൽകുന്ന ഉത്തരമായി സൂചിപ്പിച്ചതുമാണത്രെ. ഭാരതത്തിൽ വഖഫ് എന്ന ആശയം ഇസ്ലാമികഭരണകാലത്ത് ഉടലെടുത്തതാണെന്നും ചിദാനന്ദപുരി സൂചിപ്പിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
വഖഫ്- അന്യായമായ സമാന്തരന്യായവ്യവസ്ഥ!
പ്രാകൃതനിയമങ്ങളെന്നും കംഗാരുകോടതികളെന്നും മറ്റുമുള്ള പദങ്ങൾ ഇയ്യിടെയായി നാം കൂടുതൽ കേട്ടു വരുന്നവയാണ്. കേരളത്തിൽ, മുനമ്പത്ത് 600 കുടുംബങ്ങളുടെ സ്വത്ത് തങ്ങളുടേതാണെന്ന വഖഫ് ബോർഡിന്റെ അവകാശവാദത്തെയും തുടർന്നുണ്ടായ നിയമനടപടികളെയും സംബന്ധിച്ച് പലരും വിശേഷിപ്പിച്ചതാണ് മേൽ സൂചിപ്പിക്കപ്പെട്ട പദങ്ങൾ. മുനമ്പത്തെ പാഠം രാജ്യം മുഴുവനും പ്രാവർത്തികമാക്കാൻ പോകുന്ന ഒരു സംഘർഷാത്മക അധിനിവേശത്തിന്റെ തുടക്കമായി വേണം കരുതാനെന്നും പലർക്കും അഭിപ്രായമുണ്ട്.
1995- ൽ ഭാരതത്തിൽ അംഗീകരിച്ചു നടപ്പിലാക്കപ്പെട്ട വഖഫ് നിയമഭേദഗതിയുടെ 40- ആം വകുപ്പു പ്രകാരം നിലവിലുള്ള രജിസ്ട്രേഷൻ നിയമങ്ങളെ മാനിക്കാതെ തന്നെ വഖഫ് ബോർഡിന് അവർ തങ്ങളുടെ ഭൂമിയെന്ന് മാനിക്കുന്ന ഏതു ഭൂമിയിലും അവകാശവാദമുന്നയിക്കാവുന്നതാണ്. അത്തരമൊരവകാശവാദമായാണ് നാം മുനമ്പത്തെ ഇപ്പോഴത്തെ വിഷയത്തെ കാണുന്നത്.
സ്വതന്ത്ര ഭരതത്തിൽ ജമീന്ദാരി സമ്പ്രദായം പാടെ തുടച്ചുനീക്കിയെന്നു നാം അഭിമാനപൂർവം അവകാശപ്പടുമ്പോഴും അന്യായമായ മറ്റൊരു ജമീന്ദാരീ സമ്പദായമായി ഇന്ന് വഖഫ് ബോർഡ് നമ്മുടെ മുമ്പിൽ നിലനിൽക്കുന്നു. റെയിൽവേ, സൈന്യം എന്നിവ കഴിഞ്ഞാൽ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ സ്വത്ത് കൈവശമുള്ള മൂന്നാമത്തെ സംഘടനയാണ് വഖഫ് ബോർഡ്. രാജ്യത്ത് എട്ടരലക്ഷത്തിലേറെ നമ്പർ വലിയ സ്വത്തുക്കൾ വഖഫിന്റെതായി ഇന്നുണ്ടത്രെ. അതിൽ പത്തുശതമാനത്തോളം ഉള്ളത് ബംഗാളിൽ മാത്രമാണത്രെ!
കർണാടകയിൽ നിയമസഭയിലേക്ക് കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പോടെയാണ് ‘വഖഫ്’ എന്ന ശബ്ദവും ആശയവും കൂടുതൽ ചർച്ചയായത്. അവിടുത്തെ വഖഫ് ബോർഡദ്ധ്യക്ഷൻ ശഫീ സാദി എന്നയാൾ കർണ്ണാടക ഉപമുഖ്യമന്ത്രിയായി ഒരു മുസ്ലീമിനെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ചു. കൂടാതെ, അഞ്ച് മുസ്ലിം നിയമസഭാംഗങ്ങൾക്ക് പ്രത്യേക വകുപ്പുകൾ വിഭജിച്ച് നൽകാനും ആവശ്യപ്പെട്ടു. ഇത് സജീവരാഷ്‌ട്രീയചർച്ചകൾക്കു വഴിവെച്ചപ്പോൾ ഗുൽബർഗിലെ വഖഫ് അദ്ധ്യക്ഷൻ സയ്യിദ് ഹബീബ് സർമസ്ത് മറ്റൊരു പ്രഖ്യാപനം നടത്തി.
മുസ്ലീംങ്ങൾക്ക് പ്രത്യേക സംവരണവും ഔദാര്യവും ആവശ്യമില്ലെന്നും അവരുടെ കയ്യിൽ ഗുൽബർഗിൽ മാത്രം 27,000 ഹെക്ടറിലധികം വഖഫ് ഭൂമിയുണ്ടെന്നുമായിരുന്നു പ്രസ്താവന. മുസ്ലീംങ്ങൾ വഖഫ് സ്വത്തുകൾ കൃത്യമായി വളർത്തി പരിപാലിച്ചാൽ ഇവിടുത്തെ നിയാമകശക്തിയായി തീരാൻ മുസ്ലിം സമൂഹത്തിന് ഒരു പ്രയാസവും ഇല്ലെന്നും അഭിപ്രായപ്പെട്ടു.
എന്താണിത്രയധികം അഹങ്കരിക്കാൻ മാത്രം വഖഫ് ബോർഡ് എന്ന സ്ഥാപനം നമ്മുടെ രാജ്യത്ത് കൈകാര്യം ചെയ്ത് കൊണ്ടിരിക്കുന്നത്? ഇതിന്റെ ജോലിയെന്താണ്? തങ്ങളുടെ സമുദായക്കാരനെ ഒരു സംസ്ഥാനത്തിന്റെ ഉപമുഖ്യമന്തിയാക്കണമെന്ന് രാഷ്‌ട്രത്തിലെ സംവിധാനത്തോട് ആവശ്യപ്പെടാനുള്ള ചങ്കൂറ്റം ഇവർക്കെങ്ങനെയുണ്ടായി? സമസ്തപ്രപഞ്ചത്തിനും സുഖവും ശാന്തിയും ആശിർവദിക്കുകയും എല്ലാറ്റിലേയും ഏകതയെയും നന്മയെയും കാണിക്കുകയും ചെയ്ത ഒരു സംസ്കൃതിയുടെ അടിവേരുകളിൽനിന്നു വളർന്നു വന്ന ഭാരതമെന്ന നമ്മുടെ ജനാധിപത്യരാഷ്‌ട്രത്തിൽ മതത്തിന്റെ മറവിൽ ആരംഭിച്ച ഒരു സംഘടനയ്‌ക്ക് എങ്ങനെയാണ് രാജ്യത്തെ മൂന്നാമത്തെ ഭൂവുടമയാവാൻ സാധിച്ചത്?
ഈയിടെ ദൽഹിയിലെ ലാൻഡ് ഡവലപ്മെന്റ് ഓഫീസിന്റെ കൈവശമുള്ള 108 സ്വത്തുകളിലും, ലഖ്നൗവിലെ ശിവാലയക്ഷേത്രത്തിനുമേലും, ഗുജറാത്തിൽ സൂറത്ത് മുൻസിപ്പാലിറ്റി മുഴുവനായും, ഹൈദരബാദിലെ നഗരപരിധിയിലുള്ള 300 ഏക്കർ ഭൂമിയിലും, മദ്ധ്യപ്രദേശിലെ 47 സർക്കാർ കെട്ടിടങ്ങളിലും, തമിഴ്നാട്ടിലെ തിരുച്ചെന്തുരൈ ഗ്രാമത്തിലെ 389 ഏക്കർ കൃഷിഭൂമിയും 1500 വർഷം പഴക്കമുള്ള ക്ഷേത്രവുമടക്കമുള്ള ഭൂമികളിലും,കർണ്ണാടകയിൽ വിജയപുരജില്ലയിൽ തിക്കോട്ട താലൂക്കിലെ 1200 ഏക്കർ ഭൂമിയുമെല്ലാം തങ്ങളുടെതാണെന്നുള്ള അവകാശവാദം ബോർഡ് ഉന്നയിച്ചിരിക്കുകയാണ്. പലതിലും നോട്ടീസ് നൽകലും വഖഫ് ബോർഡ് നടത്തിക്കഴിഞ്ഞു.
വഖഫ് എന്നത് ഭക്തി, മതപരം, സഹാനുഭൂതി എന്നിവയാൽ മുസ്ലിം മതനിയമമനുസരിച്ച് സ്വത്തുക്കൾ എന്നത്തേക്കുമായി ദാനം നൽകുന്ന പ്രക്രിയയാണ്. അല്ലാഹുവിന്റെ പേരിൽ ഇങ്ങനെ ലഭിക്കുന്ന സ്വത്തുവകകൾ സംരക്ഷിച്ചു നിർത്തുന്ന ചുമതല മാത്രമാണ് വഖഫ് ബോർഡിനുള്ളത്. തങ്ങളുടെ സ്ഥാവരജംഗമസ്വത്തുക്കൾ സക്കാത്തിലൂടെ നൽകി കഴിഞ്ഞാൽ അത് വഖഫ് ആയി മാറുന്നുവെന്നാണ് ഇസ്ലാമികവിശ്വാസം. സക്കാത്തായി നൽകിയതിൽ വ്യക്തിക്ക് പിന്നെ യാതൊരു തരത്തിലുമുള്ള ഉടമസ്ഥാവകാശത്തിനും അധികാരമില്ല.
ഈ സ്വത്തുക്കൾ അള്ളാഹുവിന്റെ സ്വത്തായി കണക്കാക്കി പള്ളികൾ, കബറിടങ്ങൾ എന്നിവ പരിപാലിക്കാനും വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിൽ സ്ഥാപനങ്ങൾ നടത്തുവാനും അംഗപരിമിതർക്കും ദരിദ്രർക്കും സാമ്പത്തികസഹായം നൽകാനുമൊക്കെയായി ഉപയോഗിക്കാൻ മതം അനുവാദം നൽകുന്നു. എന്നാൽ വഖഫ് ബോർഡ് ഈ സ്വത്ത് അവർക്കിഷ്ടമുള്ള രീതിയിൽ കൈകൈര്യം ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നത്. ചിലപ്പോഴത് വില്പനയാവാം, കൈമാറ്റമാവാം, വാടകക്കാവാം. എന്തിനും അധികാരം ബോർഡിനാണ്.
സ്വതന്ത്രഭാരതത്തിൽ 1954- ൽ ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് വഖഫ് നിയമം നടപ്പിലാക്കുന്നത്. 1955- ൽ ചിലമാറ്റങ്ങളോടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വഖഫ് ബോർഡുകൾ നിലവിൽ വന്നു. ഭരണഘടനയുടെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ പാർലമെൻറിനും നിയമസഭകൾക്കും ഇതു സംബന്ധിച്ച നിയമനിർമ്മാണങ്ങൾക്ക് അനുമതിയും നൽകുന്നു. ഭരണഘടനാനുസൃതമായിരിക്കില്ലെന്ന് കണ്ടെത്താൻ കഴിയാതെ ചില ഭേദഗതികളോടെ നിയമത്തിന് സാധൂകരണം നൽകുകയാണുണ്ടായത്.
മാത്രവുമല്ല, സ്വതന്ത്രഭാരതത്തിൽ സ്വത്ത് സംബന്ധിച്ച ഉടമസ്ഥാവകാശവിഷയത്തിലും തർക്കത്തിലും നിയമനാധികാരം എല്ലാം സിവിൽ കോടതികൾക്കാണ് എങ്കിലും വഖഫ് സ്വത്തിനെ സംബന്ധിച്ച് അപ്രകാരമായിരിക്കില്ല എന്ന വിചിത്രവും ഭരണഘടനയുടെ ആശയങ്ങൾക്കനുസരിച്ച് അംഗീകരിക്കാനാവാത്തതുമായ വ്യവസ്ഥ പ്രീണനരാഷ്‌ട്രീയനയം കാരണം നടപ്പിലാക്കി. ആയതിന് പ്രത്യേക ട്രൈബ്യൂണലുകൾ സ്ഥാപിച്ച് അതിലൂടെ പരിഹാരം കാണണമെന്ന് നിർദ്ദേശിക്കപ്പെടുകയും ചെയ്തു.
ക്രമേണ വഖഫിന്റെ പേരിൽ വഖഫ് ബോർഡിൽ കൂട്ടിചേർത്ത സ്വത്തിന് മേൽ ഒരുപാട് ചോദ്യങ്ങളുയർന്നു വന്നു. ഉത്തരപ്രദേശ് സർക്കാരും മറ്റും ഇതിന്മേൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞവർഷം സുപ്രീം കോടതിയിൽ അശ്വിനി ഉപാദ്ധ്യായ എന്നൊരാൾ ബോർഡിന്റെ ഭരണഘടനാവിരുദ്ധമായ ഇടപെടലുകളെ സംബന്ധിച്ച് ഹരജി നൽകിയെങ്കിലും വ്യക്തിപരമായി ഹരജിക്കാരനെ ബാധിക്കാത്ത വിഷയമായി കോടതി ഹരജി തള്ളുകയാണുണ്ടായത്. ഭാരതത്തിന്റെ ഭരണഘടനയിൽ വഖഫ് എന്നൊരു വാക്കുപോലും ഇല്ലാതെയിരിക്കെ എങ്ങനെ വഖഫിന്റെ പേരിൽ ഒരു നിയമമുണ്ടായി എന്നതും, വഖഫ് ബോർഡ് ഒരു മതസ്ഥാപനമായിരിരക്കെ ഇതിന്റെ മുഴുവൻ ചെലവുകളും പൊതുനികുതിപ്പണം കൊണ്ട് സർക്കാർ നിർവ്വഹിക്കുന്നത് ശരിയാണോ, പള്ളികളിലെയും ശ്മശാനത്തിലെയും പണം സർക്കാരിലേക്ക് ഒടുക്കാതെ വഖഫ് ബോർഡംഗങ്ങൾ ചെലവഴിക്കുന്നത് ആർട്ടിക്കിൾ 27 ന്റെ ലംഘനമല്ലേ എന്നുമായിരുന്നു ആ ഹരജിയിലെ വാദമുഖങ്ങളിൽ പ്രധാനമായും ഉണ്ടായിരുന്നത്.
1955 ലെ നിയമം മൂലം വഖഫ് ബോർഡിന് സമാനതകളും പരിധികളുമില്ലാത്ത അധികാരങ്ങൾ ലഭിച്ചതായും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുകയുണ്ടായി. രാജ്യത്തെ ഭരണഘടനാനുസൃതമായ സ്വത്ത് നിയമങ്ങൾക്കതീതമായി മതസ്വത്തിൽ തർക്കമുടലെടുത്താൽ പ്രത്യേകട്രൈബ്യൂണലിൽ മാത്രം പരിഹാരം തേടുന്നതും സിവിൽ കോടതികളെ മാറ്റി നിർത്തുന്നതും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
നിലവിലുള്ള 14 ട്രൈബ്യൂണലിൽ ഏതിനെ വേണമെങ്കിലും ബോർഡിന് സമീപിക്കാവുന്നതാണ് എന്നിരിക്കെ കേരളത്തിലെ തർക്കം ബംഗാളിലും, ബംഗാളിലേത് തമിഴ്നാട്ടിലും തീർപ്പാക്കാൻ നൽകുന്നതിലൂടെ പരാതിക്കാരന് ഉണ്ടാവുന്ന ക്ലേശങ്ങളും ആയതിൽ വിവരിച്ചിട്ടുണ്ട്. മറ്റെല്ലാ മതവിഭാഗങ്ങളുടെയും മതസ്വത്ത് തർക്കം സിവിൽ കോടതികളിൽ തീർപ്പാക്കുമ്പോൾ വഖഫ് സ്വത്ത് മാത്രം പ്രത്യേകവഖഫ് ട്രിബുണലുകളിലൂടെ തീർപ്പാക്കുന്നതിലെ അനീതിയും ഭരണഘടനയുടെ അഖണ്ഡരാഷ്‌ട്രസങ്കല്പത്തെ തന്നെ ശിഥിലമാക്കുന്ന അപകടസ്ഥിതിയും സമൂഹം ചർച്ച ചെയ്തേ മതിയാവൂ.
ബഹു. സുപ്രീം കോടതി അശ്വിനി ഉപാദ്ധ്യായയുടെ ഹരജി തള്ളിയെങ്കിലും അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾ വളരെ പ്രസക്തങ്ങളാണ്, രാഷ്‌ട്രം നിലനിൽക്കണം എന്ന് ഇച്ഛിക്കുന്ന സമൂഹം ചർച്ചചെയ്യേണ്ടതും നിയമവേദികളിൽ ആവർത്തിച്ചു ഉയർത്തേണ്ടതുമാണ്. മാത്രവുമല്ല, ഭാരതത്തിലെ പൗരന്മാർ ചേർന്ന് പ്രാബല്യത്തിൽ വരുത്തിയ നമ്മുടെ ഭരണഘടന അനുസരിച്ചു സംവിധാനനിർവഹണം നടക്കുന്ന രാജ്യത്തിൽ പൗരനെന്ന നിലയ്‌ക്ക് ഏവരെയും ബാധിക്കുന്നവയും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്കും അന്തഃസത്തയായ ഐക്യത്തിനും അഖണ്ഡതയ്‌ക്കും തുല്യനീതിയ്‌ക്കും വിരുദ്ധവുമായ ആശയങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് ഒരു വ്യക്തിയെ നേരിട്ട് ബാധിക്കുന്ന വിഷയമല്ലെന്നതിന്റെ പേരിൽ ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ സത്യസന്ധതയും ഭരണഘടനാനുസൃതത്വവും രാഷ്‌ട്രഹിതത്വവും ചർച്ചപോലും ചെയ്യാതെ തള്ളുന്ന കോടതിയുടെ നയം എത്രവലിയ നീതികേടാണെന്നതും സാമാജികചർച്ചയ്‌ക്കു വിഷയീഭവിക്കേണ്ടതാണ്.
ഭാരതം പോലുള്ള ഒരു മതനിരപേക്ഷ- ജനാധിപത്യരാജ്യത്ത് മതാടിസ്ഥാനത്തിൽ തീർപ്പ് കല്പിക്കുന്ന വ്യവസ്ഥ എത്രമാത്രം അനാശാസ്യവും അനുചിതവുമാണ് എന്ന വസ്തുതയും ചർച്ചചെയ്യപ്പെടണം. ആരാധനയ്‌ക്കായി നിലവിൽ ഒരു പ്രാചീനക്ഷേത്രമടക്കമുള്ളതും ജനങ്ങൾ ദീർഘകാലമായി നിവസിച്ചു വരുന്നതുമായ ഗ്രാമം മുഴുവനായും കഴിഞ്ഞ ദിവസം വഖഫ് സ്വത്താണെന്ന വാദമുന്നയിക്കപ്പെടുകയുണ്ടായി. എന്താണിതിന് തെളിവ് എന്നാണെങ്കിൽ ആ സ്വത്ത് വാക്കാൽ വഖഫാണ് എന്നാണ് ഉത്തരം. ഇത് അന്യായവും അസ്വീകാര്യവുമല്ലെങ്കിൽ എന്തുകൊണ്ട് സിവിൽ കോടതിയിൽ വാദം കേൾക്കുന്നില്ല? ഇസ്ലാമല്ലാത്ത ഒരു വ്യക്തിയുടെ സ്വത്ത് വഖഫ് ബോർഡ് അവകാശപ്പെട്ടാൽ അതും ട്രൈബ്യൂണലിൽ തീർപ്പാക്കണം എന്നു പറയുന്നത് എന്തു ന്യായമാണ്?
ഇസ്ലാമിക ന്യായശാസ്ത്രത്തിലെ ഒരദ്ധ്യായമാണ് വഖഫ്. വഖഫ് എന്നൊരു വാക്ക് ഖുറാനിലില്ല എന്നു ഖുർ ആൻ വിദ്വാൻമാരിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. പല ഇസ്ലാമികരാജ്യങ്ങളിൽ പോലും വഖഫ് എന്ന സംവിധാനമില്ലത്രെ. ഹദീസുകളിലും ഇസ്‌ലാമികനീതിശാസ്ത്രങ്ങളിലും മാത്രമാണ് ഇതിനെ സംബന്ധിച്ച പരാമർശങ്ങളുള്ളത് എന്നു കേട്ടു മനസ്സിലാക്കിയിട്ടുണ്ട്. അതുതന്നെ കയ്യിലെത്തിച്ചേർന്ന ഭൂമി എന്തുചെയ്യണമെന്ന ചോദ്യത്തിന് നൽകുന്ന ഉത്തരമായി സൂചിപ്പിച്ചതുമാണത്രെ.
ഭാരതത്തിൽ വഖഫ് എന്ന ആശയം ഇസ്ലാമികഭരണകാലത്ത് ഉടലെടുത്തതാണ്. ആ സമയത്ത് വഖഫ് എന്നത് സൈദ്ധാന്തികമായി ഒരു കേന്ദ്രീകൃതവ്യവസ്ഥയായിരുന്നു. ദില്ലി സുൽത്താന്മാരുടെ ഭരണകാലത്താണ് ഇതാരംഭിച്ചത് എന്നുവേണം കരുതാൻ. മുൽത്താനിലെ ജുമാ മസ്ജിദിന് സുൽത്താൻ മുയിജുദ്ദീൻ സൈയിം രണ്ട് ഗ്രാമങ്ങൾ 1ദാനം നൽകുകയും പള്ളി നടത്തിപ്പുകാരെ ഏൽപിച്ചതിൽ നിന്നുമാണ് ഇതാരംഭിച്ചതെന്നാണ് പണ്ഡിതമതം. ഈ സമ്പ്രദായം പിന്നീട് വികാസം പ്രാപിക്കുകയും ഇസ്ലാമികവിദ്യാഭ്യാസത്തിനും മറ്റും പശ്ചാത്തലമൊരുക്കുകയും ചെയ്തു.
ബ്രിട്ടീഷുകാർ ആദ്യകാലത്ത് ഹിന്ദു മുസ്ലിം മതകാര്യങ്ങളിൽ ഇടപെട്ടിരുന്നില്ലെങ്കിലും 1810- ലെ ബംഗാൾ കോഡിലെ ചട്ടം XIX പ്രകാരം മസ്ജിദ്, ക്ഷേത്രങ്ങൾ, സത്രങ്ങൾ തുടങ്ങിയവയുടെ സുരക്ഷയ്‌ക്കായി വാടകയും മറ്റ് ഉത്പന്നങ്ങൾ വസൂലാക്കലും മറ്റും നടപ്പിലാക്കി. ഇതുപോലെ മദ്രാസ് കോഡ് നിയമങ്ങളും ഉണ്ടാക്കി. ഇതിലൂടെ മതട്രസ്റ്റുകളുടെ നിയന്ത്രണവും അവരുടെ കയ്യിൽ വന്നു ചേർന്നു. ശക്തമായ വ്യവസ്ഥയിലൂടെ ഇവയുടെയൊക്കെ ഉപയോഗം സുനിശ്ചിതമാക്കുക എന്ന ലക്ഷ്യവും മുന്നോട്ട് വെച്ചു.
1839 വരെ മിഷനറിമാരുടെ അഭിപ്രായം മാനിച്ച് തങ്ങളുടെ നിയന്ത്രണം ബ്രിട്ടീഷുകാർ കടുപ്പിക്കാതിരുന്നു. 1863- ൽ ഭൂമിയുടെ അളവും കരം പിരിവും ചേർത്തുണ്ടാക്കിയ നിയമത്തിനകത്ത് മതസ്വത്തുക്കളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് വേർപെടുത്തുകയും ആവശ്യമെന്ന് കണ്ടാൽ കോടതിയിടപെടലിൽ സ്ഥാനീയ സമിതികളുടെ നിർദ്ദേശങ്ങൾ കണക്കിലെടുക്കാം എന്ന നിയമവുമുണ്ടാക്കി. 1890 ലെ ചാരിറ്റബ്ൾ എൻഡോവ്മെൻറ് ആക്ട് പ്രകാരം സേവാപ്രവർത്തനങ്ങൾക്ക് ഖജാൻജി നിർബന്ധമെന്ന നിയമം പ്രാബല്യത്തിൽ വന്നു.
1920ലെ ചാരിറ്റബിൾ ആൻറ് റിലീജിയസ് ട്രസ്റ്റ് നിയമത്തിൽ ഏതൊരു തത്പരകക്ഷിക്കും ട്രസ്റ്റിന്റെ നിയമനിരീക്ഷണം നടത്താനുള്ള അവകാശം നൽകി. 1934 ൽ മുസ്ലിം വഖഫ് നിയമത്തിൽ ആവശ്യമായ രേഖാമൂലമുള്ള ക്രമീകരണം വേണമെന്ന നിർദ്ദേശം നൽകപ്പെട്ടു. ഒപ്പം ബംഗാൾ, ബീഹാർ സംസ്ഥാനങ്ങൾക്കായി വെവ്വേറെ വഖഫ് നിയമങ്ങളും നിലവിൽ വന്നു. ഇതിലൂടെയെല്ലാം മുസ്ലിം സ്വത്തവകാശത്തിന്മേലും വഖഫ് സ്വത്തിലും നിലനിൽക്കുന്ന നിയമം പോരാ എന്നും ഇപ്പോഴുള്ള നിയമവ്യവസ്ഥക്ക് ഇതെതിരാണെന്നും ഉള്ള നിലപാട് ഉയർന്നു വന്നു. എന്നാൽ 1947 ന് ശേഷം വഖഫ് സ്വത്തുക്കളിൽ 1923 ലെ മുസ്ലിം വഖഫ് നിയമം തുടരുകയാണുണ്ടായത്.
1954 ൽ വീണ്ടും ഒരു വഖഫ് നിയമത്തിലൂടെ ഇതിൻറെ ഭരണക്രമം കേന്ദ്രീകൃതമാക്കി. ഇതിനായി വഖഫ് ബോർഡുകൾ നിലവിൽ വന്നു. ഈ നിയമം ഭരണഘടനാനുസൃതം നിലവിലുള്ള വിവിധ സ്വത്തവകാശനിയമങ്ങൾക്ക് വിരുദ്ധമാണെന്നതു മാത്രമല്ല വഖഫ് സമ്പത്തിന്റെ ഭരണപരമായ വിഷയത്തിൽ വലിയമാറ്റവും കൊണ്ടുവന്നു. 1984 ൽ വഖഫ് അന്വേഷണ കമ്മീഷൻ സമർപിച്ച റിപോർട്ടിന്മേൽ ഉപനിയമം കൊണ്ടുവന്നു. സ്വത്ത് സംബന്ധിയായ കാര്യത്തിൽ സുതാര്യത കൊണ്ടുവരികയും ഭരണകാര്യത്തിൽ പുന:സംഘടന നടപ്പിൽ വരുത്തുകയുമായിരുന്നു ലക്ഷ്യമായി പറയപ്പെട്ടത്.
എന്നാൽ മുസ്ലിം സമുദായം ഇതിനെ ശക്തമായി എതിർത്തതിനാൽ പൂർണമായും നടപ്പിലാക്കിയില്ല. ഒടുവിൽ 1995 ൽ മറ്റൊരു ഭേദഗതിയിലൂടെ 1984 ലെ നിയമത്തിൻറെ കുറവുകൾ നികത്താൻ എന്നവകാശപ്പെട്ടുകൊണ്ട് പരിശ്രമം ഉണ്ടായെങ്കിലും മുസ്ലിം വിഭാഗം ഇതിനെയും എതിർത്തു. തുടർന്ന് ഇതിന്റെ പരിഷ്ക്കരണത്തിനായി ഒരു സംയുക്ത പാർലമെന്ററി സമിതി നിലവിൽ വരികയും 2013ൽ അവരുടെ ശുപാർശപ്രകാരമുള്ള നിയമമെന്ന രീതിയിൽ മറ്റൊരു നിയമം കൊണ്ടുവരികയും ചെയ്തു. ഇതാണ് ഇപ്പോൾ നിലവിലുള്ള നിയമം.
ആദ്യമാദ്യം വഖഫ് മതപരവും ധാർമ്മികവുമായ കാര്യങ്ങൾക്കു മാത്രമായി പരിമിതപ്പെട്ടിരുന്നെങ്കിലും പിന്നീട് ബോർഡുകൾക്ക് പൂർണാധികാരം വന്നതോടെ വിൽക്കാനും ക്രയവിക്രയത്തിനും സാധൂകരണം ലഭിച്ചതും, ഔപചാരിക സമർപണത്തിനപ്പുറത്ത് കുടുംബസ്വത്തുക്കളുടെ സമർപണം കടന്നു വന്നതും, വഖഫ് സ്വത്തുക്കളുടെ വർഗീകരണം നടത്തിയതും, മുസൽമാൻ അല്ലാത്ത വ്യക്തിക്കും വഖഫിലേക്ക് സ്വത്ത് ദാനം ചെയ്യാമെന്ന വ്യവസ്ഥ വന്നതും മറ്റുമായി അനേകതരത്തിലുള്ള മാറ്റങ്ങൾ ഇതിൽ കടന്നുകൂടി. 1954 ലെ നിയമ പ്രകാരം സിവിൽ കോടതികളിൽ വഖഫ് സ്വത്തുക്കളുടെ വ്യവഹാരസാധൂകരണം നടന്നിരുന്നുവെങ്കിൽ 1995- ൽ വഖഫ് ന്യായസംവിധാനത്തിലേക്ക് അത് മാറ്റി.
2013 ൽ വാടകക്കാരുടെ ഒഴിപ്പിക്കൽ വരെ ഈ സംവിധാനത്തിന് കൈമാറി. അങ്ങനെ ഭാരതത്തിൽ ഭരണഘടനാനുസൃതനീതി വ്യവസ്ഥയ്‌ക്ക് ഭിന്നമായ സമാന്തര സംവിധാനമായി വഖഫ് ബോർഡുകളും ട്രൈബ്യൂണലുകളും പ്രവർത്തിക്കാനാരംഭിച്ചു. 2013 ലെ നിയമ പ്രകാരം വഖഫ് സ്വത്ത് സംബന്ധിച്ച അന്തിമതീരുമാനം ബോർഡുകൾക്ക് നൽകിയതും, അത് ചോദ്യം ചെയ്യാൻ പാടില്ലാത്തതായി മാറിയതും, നേരത്തെ ബോർഡിലംഗങ്ങളായിരുന്ന നിയമസഭാസാമാജികർ, പാർലമെന്റങ്ഗങ്ങൾ, സാമ്പത്തിക വിദഗ്ദർ, നിയമജ്ഞർ എന്നിവരെയെല്ലാം മാറ്റിനിർത്തി
മുസ്ലിം വിഭാഗത്തിൽ നിന്നു മാത്രമായി അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാക്കിയതുമെല്ലാം ഈ നിയമത്തിൽ വന്ന കാതലായ മാറ്റങ്ങളാണ്. നിലവിലെ ട്രസ്റ്റുകൾക്കും സംരക്ഷകർക്കും ഉണ്ടായിരുന്ന പൂർണാധികാരം എടുത്തു കളഞ്ഞ് എല്ലാം ബോർഡിലേക്കു മാറ്റി. ഫലത്തിൽ ബോർഡിലെ എല്ലാ അംഗങ്ങളും ജീവനക്കാരും, സംരക്ഷകരും, ഉദ്യോഗസ്ഥരും വരെ മുസ്ലിം ആയിരിക്കണമെന്ന നിലയിലേക്ക് കാര്യങ്ങൾ കടന്നു.
ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും ഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും പരമാധികാരത്തിനും തുല്യനീതിയ്‌ക്കും അനുസൃതമായ നിയമങ്ങൾ രൂപപ്പെടുത്തുകയും അല്ലാത്തവ മാറ്റുകയോ ദുർബലപ്പെടുത്തുകയോ ചെയ്യേണ്ടത് രാഷ്‌ട്രഭദ്രതയ്‌ക്ക് അനിവാര്യമാണ്. ആ നിലയ്‌ക്ക് 2024- ൽ പാർലമെൻറിൽ വഖഫ് നിയമഭേദഗതി അവതരിപ്പിക്കപ്പെട്ടു. അത് വിഭാവനം ചെയ്യുന്ന നിയമപരിഷ്ക്കാരത്തിൽ അമുസ്ലിങ്ങൾ നൽകുന്ന സമ്പത്ത് വഖഫിന്റെ അധീനതയിൽ വരില്ലെന്നും, കുറഞ്ഞത് ഒരു വ്യക്തി 5 വർഷമെങ്കിലും ഇസ്ലാം മതവിശ്വാസിയായി കഴിഞ്ഞാലേ അത്തരം ദാനം വഖഫിന്റെതായി മാറൂ എന്നും നിഷ്ക്കർഷിക്കുന്നു.
കൂടാതെ പിൻതുടർച്ചാവകാശികളായി സ്ത്രീകളുണ്ടെങ്കിൽ അവർക്ക് സ്വത്തിന് അവകാശമുണ്ടെന്നും അവർ വഞ്ചിതരാവരുതെന്നുമുള്ള ആശയം ഇത് മുന്നോട്ട് വെക്കുന്നു. വിധവകൾ, തലാക്ക് ചൊല്ലിയ സ്ത്രീകൾ, അനാഥർ എന്നിവരുടെ സംരക്ഷണത്തിനും വഖഫ് സ്വത്തുപയോഗിക്കണമെന്നും പറഞ്ഞിരിക്കുന്നു. പുതിയ നിയമപ്രകാരം വഖഫിൽ സമർപ്പിക്കപ്പെട്ട എല്ലാ സ്വത്തുക്കളുടെയും രജിസ്ട്രേഷൻ നിർബന്ധമാക്കണമെന്ന് ശുപാർശ ചെയ്യുന്നു. പുതിയ നിർദ്ദേശങ്ങളിൽ വഖഫ് ബോർഡ് കൈകാര്യം ചെയ്തിരുന്ന ചില ഘടകങ്ങൾ അതത് സ്ഥലത്തെ കലക്ടർമാരിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു.
സർക്കാർ ഭൂമി വഖഫ് ഭൂമിയെന്ന തരത്തിൽ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള വ്യവസ്ഥയുണ്ടാക്കിയിരിക്കുന്നു. പരിശോധനയിൽ ഇവ തെളിഞ്ഞാൽ മുൻകാലത്തേതായാലും ഇപ്പോഴത്തെതായാലും ആ ഭൂമി സർക്കാർ കണ്ടുകെട്ടുമെന്ന ഉറപ്പും നിയമം അനുശാസിക്കുന്നു. മതനിയമമനുസരിച്ച് വഖഫ് സംബന്ധിയായ ഏത് വിവാദവും തീർപ്പാക്കാനുള്ള അന്തിമാധികാരം ട്രൈബ്യൂണലിനാണെന്നത് മാറ്റി പകരം വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്ന സ്വത്തിൽ തർക്കമുണ്ടെങ്കിൽ രണ്ടു വർഷത്തിനുള്ളിൽ ഹരജി ഫയൽ ചെയ്യാവുന്നതാണ് എന്ന പരിഷ്ക്കാരം കൂട്ടി ചേർത്തു. വഖഫ് ബോർഡിൽ രണ്ട് വനിത അംഗങ്ങൾക്ക് പുറമെ രണ്ട് മുസ്ലിം ഇതര അംഗങ്ങൾ കൂടി ഉൾപ്പെടണം. വഖഫ് എന്ന നിശ്ചയമില്ലാതെ വഖഫ് രൂപീകരിക്കുന്നത് തടയുകയും ആയതിന് ജില്ലാ കലക്ടർമാർക്ക് അപേക്ഷ നൽകി അനുമതി സമ്പാദിക്കുകയും വേണം.
ഈ ഒരു നിയമം പാർലമെന്റ് സമിതിയുടെ മുന്നിൽ ചർച്ചയിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്, നിയമത്തിൽ മാറ്റമുണ്ടാവുമെന്ന ധാരണയോടെ ഇപ്പോൾ പെട്ടെന്ന് ചില വസ്തുക്കൾ വഖഫിന്റെതാണെന്ന അവകാശവാദമുന്നയിക്കുന്നത് എന്നു വേണം കരുതാൻ. കർണാടകയിൽ റവന്യുരേഖകളിൽ കൃത്രിമംകാട്ടി ഒറ്റദിവസം കൊണ്ട് ഭൂമി തട്ടിയെടുത്തതായുള്ള ആരോപണം ഉയർന്നു കഴിഞ്ഞു. പാർലമെന്റിൽ പുതുതായി അവതരിപ്പിക്കപ്പെട്ട നിയമത്തിനെതിരെ കേരള നിയമസഭ ഏകകണ്ഠമായിപ്രമേയം പാസ്സാക്കിയ വിചിത്രതയും നാം കണ്ടു! നിലവിലുള്ള സ്വത്തവകാശ നിയമപ്രകാരം സ്ഥലം പോക്കുവരവ് നടത്തി കൈവശാവകാശ സർട്ടിഫിക്കറ്റും കൈപ്പറ്റി ബാങ്കിൽ നിന്നും ലോണെടുത്ത വ്യക്തികൾക്കുപോലും സ്വത്തിലവകാശമില്ലെന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് മുനമ്പത്ത് നിന്നും വരുന്നത്.
ഒരു രാജ്യത്ത് പല വിഷയങ്ങളിലും രണ്ട് നിയമം നിലനിൽക്കുന്നത് മൂലമുണ്ടാവുന്ന പ്രയാസങ്ങളുടെ കൂടെ നേർക്കാഴ്ചയാണ് മുനമ്പത്തെ ഇപ്പോഴത്തെ സംഭവങ്ങൾ. ഒരു വഖഫ് സ്വത്തിന് റവന്യൂ രേഖകൾക്ക് മുകളിൽ വഖഫ് ബോർഡിന്റെ തിട്ടൂരം സാധുവാകുന്നതാണ് പ്രശ്നങ്ങളുടെ കാതൽ. മുനമ്പത്തെ സ്ഥിതി നോക്കൂ. 1902-ൽ തിരുവിതാംകൂർ മഹാരാജാവ് മുനമ്പത്തുള്ള സ്ഥലം സർദാർ സേത്തിനു പാട്ടത്തിനു നൽകി.പിന്നീട് സിദ്ധിഖ് സേത്തിനു പിന്തുടർച്ച ലഭിച്ച ശേഷം 404 ഏക്കർ ഭൂമി കൈമാറ്റപ്രമാണം രജിസ്റ്റർ ചെയ്തുകൊണ്ട് തന്നെ ഫാറൂഖ് കോളേജിന് കൈമാറുന്നു. ഫാറൂഖ് കോളേജിന് കൈവശമാക്കാൻ ആവാതെ വന്നപ്പോൾ കേസിന് പോവുകയും പറവൂർ സബ് കോടതി, ഹൈ കോടതി എന്നിവിടങ്ങളിൽ നിന്ന് അനുകൂലവിധി ലഭിക്കുകയും ചെയ്തു.
എന്നാൽ കൈവശപ്പെടുത്താൻ പറ്റാതെ വന്ന സാഹചര്യത്തിൽ അവിടെ താമസിക്കുന്ന കുടികിടപ്പുകാരിൽ നിന്ന് ന്യായവില വാങ്ങി രേഖാമൂലം അവർക്കു രജിസ്റ്റർ ചെയ്തു കൊടുത്തു. എന്നാൽ പിന്നീട് വന്നനിയമഭേദഗതിയാൽ വഖഫ് സ്വത്ത്തിന്റെ വിഷയത്തിൽ രജിസ്ട്രേഷനും മറ്റും മൂല്യമില്ലാത്തതായെന്നതിനാൽ കൈമാറ്റ വിഷയം ചോദ്യം ചെയ്യപ്പെട്ടപ്പോൾ സർക്കാർ മൊയ്‌ദു ആഹ്മെദ് നിസ്സാർ എന്ന റിട്ട. ജഡ്ജിയെ കമ്മിഷൻ ആയി വെച്ചിരിക്കുകയാണ്. അതിന്റെ റിപ്പോർട്ട് വഖഫിനു അനുകൂലമായതിനാൽ സ്ഥലം തങ്ങളുടേതാണെന്ന അവകാശവാദത്തിലേക്കും ഒഴിപ്പിക്കൽ നടപടികളിലേക്കും ബോർഡ് നീങ്ങിയിരിക്കുകയാണ്.
പിൻതുടർച്ചാവകാശികളില്ലാത്തതോ, സ്വയം സമ്പാദിച്ചതോ ആയ സ്വത്ത് ഒരു മുസ്ലിം വിശ്വാസപരമായ സക്കാത്തായി അല്ലാഹുവിന് നൽകുന്നത് അയാൾക്ക് ദൈവത്തിലും മതത്തിലും മറ്റുമുള്ള വിശ്വാസമായി കണക്കാക്കാം. എന്നാൽ സ്വത്തുക്കൾ ഇന്നലെ വരെ പിൻതുടർച്ചക്കാർ കൈകാര്യം ചെയ്ത് മറിച്ച് വിറ്റ് ആവശ്യമായ രേഖകളും സമ്പാദിച്ചതിനുശേഷം അത് വഖഫ് സ്വത്താണെന്നും അതിന് റവന്യു രേഖകൾ ആവശ്യമില്ലെന്നും പറയുന്നതായ അന്യായം ലോകത്ത് ഇവിടെ മാത്രമെ നടക്കൂ എന്നു നമുക്കറിയാം. ബ്രിട്ടീഷുകാരന്റെ നിയമനിർമ്മാണം പലപ്പോഴും വിഭജിച്ച് ഭരിക്കാനായിരുന്നെങ്കിൽ പിന്നീട് വന്ന ഇന്ത്യൻ ഭരണാധികാരികൾക്കത് സംഘടിത മതവോട്ടിന്റെ പ്രശ്നമാണ്.
അത് തങ്ങളിൽനിന്നും വേർപെട്ട് പോവുമെന്ന ഭയത്താൽ ആന്തരികസത്യത്തെ മറച്ചു പിടിച്ച് അസത്യത്തിന് വെള്ളപൂശാൻ നടക്കുന്ന രാഷ്‌ട്രീയക്കാർ നൽകിയ ദുരിതത്തിനെതിരെയാണ് മുനമ്പത്തെ ജനങ്ങളുടെ അതിജീവനസമരം നടക്കുന്നത്. ഇത്രയും നാൾ കരമടച്ചും നിയമങ്ങൾ പാലിച്ചും കഴിഞ്ഞ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെടുമ്പോൾ നടക്കുന്ന ഭൂസംരക്ഷണസമരം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. മതപ്രീണനം, വോട്ടുബാങ്കിൽ മാത്രം നോട്ടമുടക്കിയ കണ്ണുകൾ എന്നിവയാൽ രാഷ്‌ട്രസങ്കൽപ്പത്തിനുപോലും വിഘാതമായിനിൽക്കുന്ന ആസുരികരാഷ്‌ട്രീയശക്തികൾ രാഷ്‌ട്രത്തെ നശിപ്പിക്കുകയും അനന്തരം ആർക്കുവേണ്ടി ഇത്തരം ചെയ്തികൾ തങ്ങൾ ചെയ്യുന്നുവോ അവരാൽ തന്നെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിന് മുൻപ് രാഷ്‌ട്രത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും നിത്യനീതിനിർവഹണവും പുലരണം എന്നിച്ഛിക്കുന്ന സമാജം ഉണർന്നു പ്രവർത്തിച്ചേ മതിയാവൂ.
(അദ്വൈതാശ്രമം സത്സംഗം മാസികയുടെ 2024 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)