കൊച്ചി: എറണാകുളത്ത് പീഡനത്തിന് ഇരയായ നാല് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് രംഗത്ത്. സ്വന്തം വീടുകളില്‍ പോലും നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല എന്ന് ഓര്‍ക്കുമ്പോള്‍ ഉള്‍പ്പിടച്ചിലാണ്. അശ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത് ഇങ്ങനെയാണ് ‘രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പറയാമായിരുന്നുവെന്നും പക്ഷേ ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ വയ്യാത്ത കാലത്ത് ആരോട് പറയാനാണെന്നും അശ്വതി കുറിച്ചു.
‘അവധിക്കാലം തീരുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങി പോകാന്‍ ഒരിടമുള്ളതില്‍ ആശ്വസിക്കുന്ന എത്ര കുഞ്ഞുങ്ങളുണ്ടാവും അല്ലേ ? ആ വാര്‍ത്ത ആവര്‍ത്തിച്ചു പറയുന്നില്ല, ധൈര്യക്കുറവ് കൊണ്ടാണ്. വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തൊരു ഉള്‍പിടച്ചിലാണ്. ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ ആരും അറിയാതെ അവള്‍ എന്തിലൂടെ ഒക്കെ ജീവിച്ചു തീര്‍ത്തേനെ’, അശ്വതി പറഞ്ഞു.
‘പെര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്. കൈയിലുള്ളതിനെ ചേര്‍ത്ത് പിടിക്കുന്നു, ഈ ലോകം അത്ര നന്നല്ല കുഞ്ഞേ എന്ന് ഹൃദയ ഭാരത്തോടെ പറഞ്ഞു വയ്ക്കുന്നു, അശ്വതി പറഞ്ഞു.
അതേസമയം ലൈംഗികാതിക്രമണത്തിനിരയായ നാലു വയസുകാരിയുടെ കേസില്‍ കുട്ടിയിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയത് എന്നുള്ള വിവരം പുറത്തു വരുന്നുണ്ട്. ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുതായാണ് വിവരം.
കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലായിരുന്നു കുട്ടി ചൂഷണത്തിനിരയായെന്ന സൂചനകള്‍ ലഭിച്ചത്. സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍ കുരിശ് പോലീസ് അന്വേഷണം നടത്തുകയും കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റടിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്യും.