
പത്തുവര്‍ഷമായി അധികാരത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരെ കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ജനവിധി ഇതിന് തെളിവാണ്. രണ്ടുമാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായൊരു ജനവിധി ഉണ്ടാകുമെന്ന് രാഷ്‌ട്രീയരംഗം നിരീക്ഷിക്കുന്ന സിപിഎമ്മിനോട് അനുഭാവമുള്ളവര്‍ പോലും കരുതുന്നില്ല. അവര്‍ അക്കാര്യം പുറത്തുപറയുന്നില്ല എന്നു മാത്രം. അഴിമതിയുടെ പ്രതിരൂപമായ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും പരാജയത്തിന് ഏറ്റവും കൂടുതല്‍ ഉത്തരവാദി ആരോഗ്യമന്ത്രി വീണാ ജോര്‍ജായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ സര്‍ക്കാരിനെതിരായ ജനരോഷം സൃഷ്ടിക്കുന്നതില്‍ ആരോഗ്യവകുപ്പിനുള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യവകുപ്പും അതിന്റെ മന്ത്രിയും ഒരു ബാധ്യതയാണെന്ന് സിപിഎമ്മുകാര്‍ പോലും സ്വകാര്യമായി സമ്മതിക്കും. യഥാര്‍ത്ഥത്തില്‍ അധികാരക്കൊതി മൂത്ത കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന് ദുഷ്പ്രചാരണം നടത്താന്‍ അവസരം നല്‍കുകയായിരുന്നു.
കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുകെട്ട ആരോഗ്യ മന്ത്രിയാണ് വീണാ ജോര്‍ജ്. രാഷ്‌ട്രീയ പശ്ചാത്തലമോ പൊതുപ്രവര്‍ത്തനത്തിലെ അനുഭവമോ ഇല്ലാത്ത വീണാ ജോര്‍ജ് എംഎല്‍എ ആയതും മന്ത്രിയായതും മുഖ്യമന്ത്രി പിണറായി വിജയന്റെ പക്ഷക്കാരി എന്ന നിലയ്‌ക്കാണ്. വീണാ ജോര്‍ജ് മന്ത്രിയായി അധികാരമേറ്റെടുത്തതോടെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും രൂക്ഷമാവുകയാണ് ചെയ്തത്. ശസ്ത്രക്രിയയിലെ പിഴവുകളടക്കം അതിക്രമങ്ങളുടെ പരമ്പര തന്നെ സര്‍ക്കാര്‍ ആശുപത്രികളിലുണ്ടായി. ചിലര്‍ക്ക് ജീവന്‍ നഷ്ടമായി. പലരുടെയും ആരോഗ്യം തകര്‍ന്നു. ഐസിയുവില്‍ ബോധരഹിതയായി കിടന്ന വനിതയെ ബലാത്സംഗം ചെയ്ത പ്രതിയെ രക്ഷിക്കാനുള്ള ശ്രമം പോലും ഉണ്ടായി. ഒന്നും നേരെയാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന് കഴിഞ്ഞില്ലെന്നു മാത്രമല്ല, ഗുരുതരമായ സംഭവങ്ങള്‍ അരങ്ങേറുമ്പോഴും ആരോപണങ്ങള്‍ ഉയരുമ്പോഴും അത്യന്തം ധാര്‍ഷ്ട്യത്തോടെ പെരുമാറുകയാണ് ഈ മന്ത്രി ചെയ്തത്.
കടുത്ത ജനരോക്ഷത്തിന് ഇടവരുത്തിയ ഈ സ്ഥിതിവിശേഷത്തിന് എങ്ങനെ മറയിടാമെന്ന് സിപിഎമ്മും സര്‍ക്കാരും ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സംഭവം വീണുകിട്ടിയത്. കരിങ്കൊടി പ്രതിഷേധം മന്ത്രിക്കെതിരായ വധശ്രമമായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ഒട്ടും വൈകിയില്ല. മാധ്യമങ്ങളില്‍ വന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങളിലൊന്നും ഇങ്ങനെയൊരു വധശ്രമം നടന്നതായി ആരും കണ്ടില്ല. എന്നുമാത്രമല്ല, മന്ത്രിയാണ് വെല്ലുവിളിക്കുന്നതും ആക്രോശിക്കുന്നതും. മന്ത്രിയെ അടക്കി നിര്‍ത്താന്‍ പോലീസുകാര്‍ വല്ലാതെ പാടുപെടുന്നതും കണ്ടു. സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നതു പോലെ മന്ത്രിക്ക് പരിക്കുപറ്റിയിട്ടുണ്ടെങ്കില്‍ അത് ഈ പിടിവലിയില്‍ സംഭവിച്ചിരിക്കാനാണ് സാധ്യത. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലല്ലോ.
ജനാധിപത്യ വിരുദ്ധവും അക്രമാസക്തവുമായ സമരമാര്‍ഗ്ഗങ്ങളുടെ വക്താക്കളും പ്രയോക്താക്കളും സിപിഎമ്മുകാരാണ്. പ്രതിഷേധത്തിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിച്ച ചരിത്രം പോലും ഇവര്‍ക്കുണ്ട്. ദുര്‍ഭരണത്തിന് കുടപിടിക്കാത്തതിനാല്‍ കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടെ എസ്എഫ്ഐ അക്രമികള്‍ കാട്ടിക്കൂട്ടിയത് എന്തൊക്കെയാണെന്ന് ജനങ്ങള്‍ മറന്നിട്ടില്ല. അവരാണ് ഇപ്പോള്‍ മന്ത്രിക്കെതിരെ വധശ്രമം നടന്നു എന്നു പറഞ്ഞു വിലപിക്കുന്നത്. ഈ പ്രചാരണം കേരളത്തിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. അധികാരത്തില്‍ നിന്ന് ഇറങ്ങേണ്ടിവരുമെന്ന് ഉറപ്പായപ്പോഴുള്ള വിഭ്രാന്തിയിലാണ് സിപിഎം. ഇടതുമുന്നണിയിലെ കക്ഷികള്‍ പോലും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒപ്പമില്ല എന്നതാണ് സത്യം.
വീണാ ജോര്‍ജിനെതിരായ ‘വധശ്രമവും’ അവരുടെ ആശുപത്രി വാസവും തട്ടിക്കൂട്ടിയെടുത്ത തിരക്കഥയുടെ ഭാഗമായിരുന്നു. അത് പെട്ടെന്ന് പൊളിയുകയും ചെയ്തു. തിരക്കഥ തയ്യാറാക്കിയവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യരായി നില്‍ക്കുകയാണ്. ഇങ്ങനെയൊരു നാടകം കളിച്ച് മന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. നടീനടന്മാര്‍ അഭിനയിച്ചാല്‍ സിനിമ വിജയിക്കും. ഭരണാധികാരികള്‍ അഭിനയിച്ചാല്‍ ജനങ്ങള്‍ക്ക് മുന്നില്‍ പരാജയപ്പെടും. താന്‍ അധികാരമോഹിയല്ലെന്നും അഴിമതിക്കാരനല്ലെന്നുമൊക്കെ അഭിനയിക്കുന്ന തിരക്കിലാണല്ലോ മുഖ്യമന്ത്രി പിണറായി വിജയനും. തങ്ങള്‍ വലിയ നടീനടന്മാരാണെന്നും, സിനിമ വന്‍ വിജയമാകുമെന്നും ചില താരങ്ങള്‍ പ്രതീക്ഷിക്കാറുണ്ടെങ്കിലും ഫലം നേരെ മറിച്ചാവും. ജനങ്ങളുടെ മുന്‍പില്‍ അഭിനയിക്കുന്ന പിണറായിമാരുടെയും വീണമാരുടെയും ഗതി ഇതുതന്നെയാവും.