ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചുവെന്നത് ഈ നൂറ്റാണ്ടില്‍ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ സന്തോഷകരമായ വാര്‍ത്തയാണെന്ന് നടി ഉര്‍വശി. പുരസ്‌കാരം വൈകിയെത്തിയെന്ന് താന്‍ പറയില്ല, ഇനിയുമേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുവെന്നും ഉര്‍വശി പറഞ്ഞു.
താന്‍ ഉയര്‍ത്തിയ പ്രതിഷേധം ഇതോടെ കെട്ടടങ്ങി. തനിക്കും വിജയരാഘവനും സഹനടീനടന്‍മാര്‍ക്കുള്ള ദേശീയ പുരസ്‌കാരം നല്‍കിയ ജൂറിയുടെ നടപടിയെ ഉർവശി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘ഞാനും കുട്ടേട്ടനും (വിജയരാഘവന്‍) പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മികച്ച നടിക്കും നടനുമുള്ള പുരസ്‌കാരം നല്‍കാമായിരുന്ന ശക്തമായ കഥാപാത്രങ്ങളായിരുന്നു അവ. എന്നിട്ടും സഹനടനിലും സഹനടിയിലും ഒതുക്കി. ഇതിന് ജൂറി നിര്‍ബന്ധമായും വിശദീകരണം നല്‍കണം’- എന്നായിരുന്നു ഉര്‍വശിയുടെ ആവശ്യം.
ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനയ്‌ക്കാണ് മോഹന്‍ലാലിന് പുരസ്‌കാരം ലഭിച്ചത്. 2023 ലെ പുരസ്‌കാരത്തിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. 2025 സെപ്തംബര്‍ 23-ന് നടക്കുന്ന എഴുപത്തിയൊന്നാമത് നാഷണല്‍ ഫിലിം അവാര്‍ഡ്സ് പുരസ്‌കാര വേദിയില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969-ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.