രജനീകാന്തിന്റെ ‘കൂലി’ എന്ന ചിത്രം ഇന്നലെയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത് . ഇന്ന് രജനീകാന്ത് സിനിമാ മേഖലയിൽ പ്രവേശിച്ചിട്ട് 50 വർഷം തികയുന്നുവെന്ന പ്രത്യേകതയുമുണ്ട് . സിനിമാ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയ രജനീകാന്തിനെ നിരവധി പ്രമുഖർ അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രജനീകാന്തിന് അഭിനന്ദനമറിയിച്ചിട്ടുണ്ട്.
“സിനിമാ രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ശ്രീ രജനീകാന്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന വേഷങ്ങൾ തലമുറകളിലുടനീളം ആളുകളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമാ യാത്ര ചരിത്രപരമാണ്. വരും ദിവസങ്ങളിൽ അദ്ദേഹത്തിന് വിജയവും ആരോഗ്യവും നേരുന്നു,” രജനീകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.
1975-ൽ പുറത്തിറങ്ങിയ ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് സിനിമാരംഗത്തേക്ക് കടന്നുവന്നത്. ആ സിനിമയിൽ കമൽഹാസൻ നായകനും രജനീകാന്ത് പ്രതിനായകനുമായിരുന്നു. ഇത്രയും കാലം ഇന്ത്യയിൽ സൂപ്പർ താരമായി തുടർന്ന മറ്റൊരു നടനില്ല. സാധാരണക്കാരനായ രജനീകാന്തിന്റെ കഥ ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്.കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ പ്രമുഖ ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുള്ള രജനീകാന്ത് വൈവിധ്യമാർന്ന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ഭാഷ’, ‘ദളപതി’, ‘മുത്തു’ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വരുമാനത്തിന്റെ കാര്യത്തിൽ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്.