കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്‍ ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവരും രണ്ടാം പകുതിയില്‍ ജൂലിയാനോ സിമിയോണിയും ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത് മാത്യുസ് കുഞ്ഞയാണ്.
ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയിരുന്നു. അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.
സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്‍ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്‍ നാലാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസ് ആണ് ഗോളടിച്ചത്.
എട്ടാം മിനുട്ടില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. ഇത്തവണയും ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്റര്‍ക്ക് പിഴച്ചപ്പോള്‍ പന്തെത്തിയത് ഓടിക്കയറിയ എന്‍സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.
26ാം മിനുട്ടില്‍ അര്‍ജന്റീന ഡിഫന്റര്‍ ക്രിസ്റ്റിയന്‍ റൊമേറോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്‍ മടക്കിയത് ബ്രസീലിന് പുത്തനുണര്‍വ് പകര്‍ന്നു. അതുവരെ വലിയ നീക്കങ്ങള്‍ക്ക് നടത്താതിരുന്ന അവര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിരോധ മികവില്‍ അര്‍ജന്റീന എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. 32ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്‍ രണ്ടുഗോള്‍ ലീഡ് തിരിച്ചുപിടിച്ചു.
രണ്ടാം പകുതിയില്‍ ബ്രസീല്‍ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്‍ സീറോ ആംഗിളില്‍ നിന്നുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.