• Thu. Jan 15th, 2026

24×7 Live News

Apdin News

ഈ സ്വാമി ചില്ലറക്കാരനല്ല, മലപ്പുറത്തെ ഞെട്ടിച്ച് ഹിന്ദുക്കളുടെ മഹാകുംഭമേളയ്‌ക്ക് ഇടത് സര്‍ക്കാരിന്റെ അനുമതി നേടിയെടുത്ത് സ്വാമി ആനന്ദവനം

Byadmin

Jan 15, 2026



മലപ്പുറം: കേരളത്തിലെ വാര്‍ത്തകളില്‍ നിറയുകയാണ് കേരളത്തില്‍ വേരുകളുള്ള കാശിയില്‍ ജുന അഖാഡയുടെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി. കാരണം പിണറായി സര്‍ക്കാര്‍ മലപ്പുറത്ത് നാവാമുകുന്ദക്ഷേത്രത്തിന് മുന്‍പിലെ തിരുനാവായതീരത്ത് സംഘടിപ്പിക്കാന്‍ ശ്രമിച്ച മഹാകുംഭമേള മുടക്കാന്‍ അവസാന നിമിഷം ശ്രമം നടത്തിയപ്പോള്‍ എന്തായാലും മഹാകുംഭമേള നടത്തുമെന്ന് ചങ്കുറപ്പോടെ പറയുകയായിരുന്നു സ്വാമി ആനന്ദവനം ഭാരതി. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മുന്‍പില്‍ പിണറായി സര്‍ക്കാര്‍ ഒടുവില്‍ വഴങ്ങി. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിന്ദു സംഗമമായി മാറാന്‍ പോകുന്ന മഹാകുംഭമേള ജനവരി 19ന് ആരംഭിക്കാന്‍ പോവുകയാണ്.

അവസാന നിമിഷം പൊലീസിനെയും റവന്യൂ ഉദ്യോഗസ്ഥരേയും ഇറക്കി മഹാകുംഭമേള തടയാന്‍ ശ്രമിച്ചപ്പോള്‍ എന്തായാലും മഹാകുംഭമേള നടത്തുക തന്നെ ചെയ്യുമെന്ന് ഉച്ചത്തില്‍ പറയുകയായിരുന്നു സ്വാമി ആനന്ദവനം ഭാരതി.

ഭാരതത്തിലെ പ്രാചീനമായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വര്‍

ഭാരതത്തിലെ ഏറ്റവും പ്രാചീനവും വലുതുമായ നാഗാ സന്യാസി സമൂഹമായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരാണ് സ്വാമി ആനന്ദവനം ഭാരതി. കേരളത്തില്‍ നിന്നുള്ള ആദ്യ മഹാ മണ്ഡലേശ്വരാണ് സ്വാമി ആനന്ദവനം ഭാരതി. അമ്പത് വര്‍ഷം മുമ്പ് സ്വാമി കാശികാനന്ദഗിരി മഹാരാജ് അടക്കമുള്ള മൂന്നു മലയാളികള്‍ നിരഞ്ജിനി അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ ആശ്രമവും പ്രവര്‍ത്തന കേന്ദ്രവും കാശിയും ഋഷികേശും ഒക്കെയായിരുന്നു. ജൂനാ അഖാഡയുടെ കേരള ശാഖയായ കാളികാപീഠാധീശ്വരും കേരളത്തിലെ ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉത്തരാധികാരിയുമാണ് സ്വാമി ആനന്ദവനം ഭാരതി.

പൂര്‍വ്വാശ്രമത്തില്‍ സഖാവ് പി സലില്‍

സ്വാമി ആനന്ദവനം ഭാരതി പൂര്‍വ്വാശ്രമത്തില്‍ ഒരു സഖാവായിരുന്നു. സിപിഐഎം നേതാവും എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റുമായിരുന്ന പി സലില്‍ ആണ് പിന്നീട് ജൂനാ അഖാഡെയുടെ ആത്മീയ ഉന്നതസ്ഥാനത്ത് എത്തിയ സ്വാമി ആനന്ദവനം ഭാരതി. ഒരു കാലത്ത് തൃശൂരിലെ എസ് എഫ് ഐയുടെ തീപ്പൊരി നേതാവായിരുന്നു. സന്ന്യാസത്തിലെ ആത്മീയ ഉന്നതിയിലേക്കുള്ള പി സലിലിന്റെ യാത്ര ഏറെ സംഭവബഹുലമായിരുന്നു. തൃശൂര്‍ ചാലക്കുടി അന്നനാട് മേനോക്കി വീട്ടില്‍ സേതുമാധവന്റെയും ആനന്ദവല്ലിയുടേയും മകനായാണ് സലിലിന്റെ ജനനം.

തൃശൂര്‍ ശ്രീ കേരള വര്‍മ കോളജിലെ പഠനകാലത്താണ് എസ്എഫ്‌ഐയിലൂടെ സലില്‍ തന്റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരള വര്‍മയിലെ കോളജ് യൂണിറ്റ് സെക്രട്ടറിയായി മാറിയ സലിലില്‍ പലരും ഒരു രാഷ്‌ട്രീയ ഭാവി കണ്ടിരുന്നു. എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റായ സലില്‍ സിപിഐഎം അംഗത്വവുമെടുത്ത് മുഴുവന്‍ സമയ ഇടതുപ്രവര്‍ത്തകനായിരുന്നു.

കൊച്ചിയിലെ കേരള മീഡിയ അക്കാദമിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനം പഠിച്ച അദ്ദേഹം 10 വര്‍ഷത്തോളം മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായി. 2001ലെ കുംഭമേളയില്‍ അപ്രതീക്ഷിതമായി പങ്കെടുക്കാനിടയായതാണ് സ്വാമി ആനന്ദവനത്തിന്റെ ആത്മീയ ജീവിതത്തിനെയാകെ സ്വാധീനിച്ചത്. ഒരു കേസില്‍ പെട്ട് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കെ നാട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ ഉപദേശം ലഭിച്ചപ്പോഴാണ് സലില്‍ അവിചാരിതമായി ഉത്തര്‍ പ്രദേശിലെ കുംഭമേളസ്ഥലത്തെത്തുന്നത്. ആറുദിവസം സലിലിന് അവിടെ തങ്ങേണ്ടി വന്നു. ഗംഗാതീരത്ത് പുല്‍ക്കെട്ടുകള്‍ വിരിച്ച് അതില്‍ക്കിടന്ന് സന്ന്യാസിമാരേയും ആത്മീയ ജീവിതത്തേയും തൊട്ടടുത്ത് നിന്നും കണ്ട് മനസിലാക്കിയ ആ ഒരാഴ്ചക്കാലം സലിലിന്റെ ചിന്താഗതിയേയും വിശ്വാസപ്രമാണങ്ങളേയും അടിമുടി മാറ്റി മറിച്ചു.

നാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ഇടയ്‌ക്കിടെ ഹരിദ്വാറിലേക്കും വാരണസിയിലേക്കും ഋഷികേശിലേക്കും ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നിരന്തരം ആത്മീയ യാത്രകള്‍ നടത്താന്‍ തുടങ്ങി. ആത്മീയത യുക്തിഭദ്രമാണെന്നും തുല്യതയാണ് ആത്മീയത പഠിപ്പിക്കുന്നതെന്നും തിരിച്ചറിഞ്ഞതാണ് തന്റെ ആത്മീയ യാത്രകള്‍ക്ക് സഹായകരമായതെന്ന് സ്വാമി ആനന്ദവനം ഭാരതി പറയുന്നു.

2019ലെ കുംഭമേളയില്‍ വച്ചാണ് സ്വാമി ആനന്ദവനം ഭാരതി ജൂനാ അഖാഡയില്‍ നിന്ന് നാഗദീക്ഷ സ്വീകരിക്കുന്നത്. ജൂനാ അഖാഡെയുടെ കേരളത്തിലെ ശാഖയായ കാളികാപീഠാധിപതിയും സംസ്ഥാനത്തെ ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉന്നതാധികാരിയുമാണ് നിലവില്‍ സ്വാമി ആനന്ദവനം ഭാരതി. മഹാമണ്ഡലേശ്വര്‍ സ്ഥാനം ധര്‍മ സംരക്ഷണത്തിനായുള്ള അഖാഡെയുടെ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണേന്ത്യയില്‍ വ്യാപിപ്പിക്കാനുള്ള നിയോഗമായി കാണുന്നുവെന്ന് സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

ബ്രിട്ടീഷുകാര്‍ 250 വര്‍ഷം മുന്‍പ് നിരോധിച്ച ഉത്സവം; ഇന്ന് മലപ്പുറത്ത് മഹാകുംഭമേളയായി പുനര്‍ജ്ജനിക്കുന്നു

ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷുകാരാണ് മാമാങ്കം നിര്‍ത്തലാക്കിയ ഈ മാമാങ്ക മഹോത്സവം പുതിയ രൂപത്തിലാണ്  പുനരുജ്ജീവിക്കപ്പെടുന്നത്. 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമാങ്കം എന്ന പേരില്‍ നടന്ന ഉത്സവത്തില്‍ വലിയ തോതില്‍ ഹിന്ദുക്കളുടെ കൂടിച്ചേരല്‍ ആണ് നടന്നതിരുന്നത്. ഇത് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് പല കാരണങ്ങള്‍ പറഞ്ഞ് അവര്‍ മാമാങ്കത്തെ നിരോധിച്ചത്. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിലെ ഒരു വില്ലേജ് ഓഫീസറെക്കൊണ്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന തൊടുന്യായം പറഞ്ഞ് മഹാമാഘ മഹോത്സവം തടയുന്നതും വന്‍തോതില്‍ ഹിന്ദുക്കളുടെ സംഗമം ഉണ്ടാകും എന്ന് ഭയന്നിട്ടാണോ? എന്നാണ് പലരും സംശയിക്കുന്നത്.

കട്ടിംഗ് സൗത്തല്ല, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദുസംഗമം

മാമാങ്കത്തില്‍ പടവെട്ടി മരിച്ച ലക്ഷക്കണക്കിനാള്‍ക്കാരുടെ ആത്മാക്കള്‍ക്ക് മോക്ഷം കൊടുക്കുന്നതിനായുള്ള പൂജകളിലൂടെയാണ് ഇത്തവണത്തെ മഹാകുംഭമേള ജനുവരി 18ന് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. കേരളദേശത്തിന്റെ രക്ഷയ്‌ക്കായി പരശുരാമന്‍ സ്ഥാപിച്ച നാല് അംബികാ ക്ഷേത്രങ്ങളില്‍നിന്നും ദീപശിഖകള്‍ മാഘമഹോത്സവവേദിയിലെത്തിയ്‌ക്കും. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന ഭാരതപ്പുഴ ആരംഭിയ്‌ക്കുന്നത് തമിഴ്‌നാട്ടിലെ ഉഡുമല്‍പേട്ടിനടുത്തുള്ള തിരുമൂര്‍ത്തിമലയില്‍നിന്നാണ്. ഈ തിരുമൂര്‍ത്തിമലയില്‍നിന്നും ജനുവരി 19 ന് രാവിലെ ആരംഭിയ്‌ക്കുന്ന രഥയാത്ര ഉഡുമല്‍പേട്ട്, പെള്ളാച്ചി, എട്ടിമട, കോയമ്പത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ക്കുശേഷം കേരളത്തില്‍ പ്രവേശിച്ച് പാലക്കാട്, തൃശ്ശൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി തിരുനാവായയില്‍ എത്തുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

ജനുവരി 19 നാണ് മഹാമാഘമഹോത്സവത്തിന്റെ ധര്‍മ്മധ്വജാരോഹണം തിരുനാവായയില്‍ വച്ചു നടത്താൻ തീരുമാനിച്ചിരുന്നത്. തിരുമൂര്‍ത്തിമലയില്‍നിന്ന് ആരംഭിയ്‌ക്കുന്ന രഥയാത്ര ജനുവരി 22 ന് തിരുനാവായയില്‍ എത്തും. ഭാരതപ്പുഴയുടെ തീരത്ത്, തിരുനാവായയില്‍ എല്ലാ ദിവസവും നിളയെ പൂജിയ്‌ക്കുന്ന ചടങ്ങായ നിളാ ആരതി എന്ന ചടങ്ങ് ഉണ്ടായിരിക്കും, രാജകുടുംബങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കും. കേരളത്തിലെ എല്ലാ സന്ന്യാസിമഠങ്ങളും മാഘമഹോത്സവത്തില്‍ പങ്കാളികളാവുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ആശ്രമങ്ങളും മഹാമാഘമഹോത്സവത്തില്‍ പങ്കെടുക്കും. ജാതിയുടെ വേര്‍തിരിവുകളില്ലാത്ത ഹിന്ദുസംഗമമാണ്  നടക്കുക.

കേരളത്തിലെ ഹിന്ദുക്കളിലെ എല്ലാ സമ്പ്രദായക്കാരും ഈ ദിവസങ്ങളില്‍ അവരുടേതായ ക്രമത്തില്‍, തിരുനാവായയില്‍ വിവിധ പൂജകള്‍ ചെയ്യും, ദിവസവും ഭാരതപ്പുഴയില്‍ പുണ്യസ്‌നാനത്തിനായുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.

By admin