വാഷിങ്ടണ്‍: ഉക്രൈന്‍ റഷ്യയുമായി സമാധാന കരാറിലെത്താന്‍ തയാറാകണമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ വലിയ രാജ്യമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ സമാധാന കരാറിലേക്ക് പോകുന്നതാണ് ഉക്രൈന് നല്ലതെന്നും ട്രംപ് സെലെന്‍സ്‌കിയെ അറിയിച്ചു.
അലാസ്‌കയില്‍ വച്ച് വ്‌ളാദിമീര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്ന ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു മണിക്കൂറിലധികം നീണ്ട ഫോണ്‍ സംഭാഷണത്തില്‍ പുടിന് ഉക്രൈന്റെ 20% ഭൂമിയില്‍ ഇപ്പോള്‍ നിയന്ത്രണമുണ്ടെന്നും അത് നില നിര്‍ത്താന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അറിയിച്ചു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് പകരം സമാധാന ചര്‍ച്ചകളിലേക്ക് നീങ്ങണമെന്ന് അദ്ദേഹം സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാല്‍ പുട്ടിന്റെ ആവശ്യം സെലെന്‍സ്‌കി നിരസിച്ചെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.