ന്യൂദെൽഹി: ഏകീകൃത സിവിൽ കോഡ് ഈ മാസം തന്നെ ഉത്തരാഖണ്ഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. 2022 മാർച്ചിൽ പുതിയതായി അധികാരത്തിൽ വന്ന ധാമി സർക്കാർ ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ സംസ്ഥാനത്ത് യോഗം ചേർന്ന് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി വിദഗ്‌ദ്ധ സമിതി രൂപീകരിക്കാനും തീരുമാനമായി. റിട്ടയേർഡ് ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഏകീകൃത സിവിൽ കോഡ് ബിൽ 2024 ബ്രുവരി 7 ന് ആണ് സംസ്ഥാന നിയമസഭ പാസാക്കി. തുടർന്ന് ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഇതിന്റെ വിജ്ഞാപനം 2024 മാർച്ച് 12 ന് പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡ് 2024 നിയമത്തിന് കീഴിലുള്ള നിയമങ്ങൾക്കും അന്തിമ രൂപം നൽകി. ഇത് സംബന്ധിച്ച് രജിസ്ട്രേഷനും പരാതികളും കൈകാര്യം ചെയ്യാൻ ഒരു ഓൺലൈൻ ആക്സസ് പ്രാപ്തമാക്കുന്നതിന് ഒരു പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും രൂപം നൽകിയിട്ടുണ്ട്.