കോഴിക്കോട് : ഉത്തര കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. ക്വാറികള്‍ ഉള്‍പ്പെടെ ഖനനപ്രവൃത്തികള്‍, മലയോര മേഖലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ എന്നിവയ്‌ക്ക് വിലക്കേര്‍പ്പെടുത്തി.കാസര്‍കോട് ,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം,പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്.
കോഴിക്കോട് കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടു പേര്‍ അകപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. കണ്ണൂര്‍ കരിയാട് സ്വദേശി രതീഷ് മരിച്ചു. ജില്ലയിലെ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കോഴിക്കോട് ഫാറോക് പേട്ട പരുത്തിപാറ റോഡില്‍ തണല്‍ മരംബസ് സ്റ്റോപ്പിന് മുകളില്‍ വീണു. ചെറുവാടിയിലും മരങ്ങള്‍ കടപുഴകി .നിരവധി വൈദ്യുതി തൂണുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇരുവഴിഞ്ഞി പുഴയിലും ചെറു പുഴയിലുമാണ് ജലനിരപ്പ് ഉയര്‍ന്നത്. കാരശ്ശേരി ആക്കോട്ട് ചാലില്‍ സുബിന്റെ 300 ലേറെ വാഴ കാറ്റില്‍ നിലംപൊത്തി.കാരശ്ശേരി തോട്ടക്കാട് പുതിയോട്ടില്‍ ഭാസ്‌കരന്റെ വീടിന്റെ മുന്‍വശത്തെ ഭിത്തി തകര്‍ന്നു. ഇവരെ മാറ്റിപ്പാര്‍പ്പിച്ചു.നല്ലളം മോഡേണ്‍ ബസാറിന് സമീപം ട്രാന്‍സ് മിഷന്‍ ടവര്‍ ചരിഞ്ഞു. ഫറോക് 8/4ല്‍ നിര്‍ത്തിയിട്ട ഔട്ടോ യുടെ മുകളില്‍ തേക്ക് മരം വീണെങ്കിലും ആളപായമില്ല. മാവൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഏക്കറുകണക്കിന്ന് വാഴ കൃഷി നശിച്ചു
മലപ്പുറത്ത് നിലമ്പൂരില്‍ കനത്ത മഴ പെയ്യുന്നുണ്ട്.പുന്നപ്പുഴയില്‍ ചങ്ങാടം ഒലിച്ചുപോയതോടെ പുഞ്ചക്കൊല്ലി അളക്കല്‍ ഉന്നതികള്‍ ഒറ്റപ്പെട്ടു.കാസര്‍ഗോഡ് മലയോര മേഖലയില്‍ ശക്തമായ കാറ്റുണ്ട്. എടത്തോട് വെള്ളിച്ചിറ്റയില്‍ എച്ച് ഡി ലൈനിന് മുകളില്‍ മരം വീണതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.