
എസ്എന്‍പിഎന്‍
ഭാഷാ അടിസ്ഥാനത്തില്‍ 1956 ല്‍ ഐക്യകേരളം രൂപപ്പെട്ടശേഷം ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ശബരിമല സംഭവം പ്രധാന പ്രചാരണ വിഷയങ്ങളില്‍ ഒന്നായിരുന്നു. 1950 ജൂണില്‍ നടന്ന ശബരിമല തീവെപ്പായിരുന്നു അന്നത്തെ ചര്‍ച്ചാവിഷയം. അധികാരത്തില്‍ വന്നാല്‍ ആ സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും എന്നായിരുന്നു സിപിഐയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് വിശ്വസിച്ച് ശയ്യാലംബരായ വയോധികര്‍ പോലും പരസഹായത്തോടെ ബൂത്തുകളില്‍ എത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടുചെയ്ത തെരഞ്ഞെടുപ്പായിരുന്നു. 1957 ലെ ആദ്യ ജനവിധി. അതേവര്‍ഷം ഏപ്രില്‍ 5 ന് അധികാരത്തില്‍ വന്ന ഒന്നാം ഇഎംഎസ് മന്ത്രിസഭ ശബരിമല സംബന്ധിച്ച വാഗ്ദാനം അവഗണിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ശബരിമലയുടെ പേരില്‍ ആദ്യമായി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റുകാരുടെ പിന്‍മുറക്കാര്‍ പുതിയ ശബരിമലക്കൊള്ളയുടെ പേരില്‍ കമ്മ്യൂണിസ്റ്റ് വാഴ്ചയുടെ അന്തകരാകുമോ എന്ന ചോദ്യം ഏറെ പ്രസക്തമാവുകയാണ്.
1950 ല്‍ പറവൂര്‍ ടി.കെ. നാരായണപിള്ള തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തീവെപ്പ് സംഭവം നടന്നത്. കാലവര്‍ഷം തിമിര്‍ത്ത് പെയ്യുന്ന സമയത്ത് മണ്ണെണ്ണയും മറ്റും ഉപയോഗിച്ചാണ് ക്ഷേത്രം കത്തിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിഐജിയായിരുന്ന കേശവമേനോന്‍ ആയിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍ അത് പ്രസിദ്ധീകരിക്കാനോ നടപടി സ്വീകരിക്കാനോ തിരു-കൊച്ചി ഭരണക്കാര്‍ തയ്യാറായില്ല. ഇതാണ് ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആയുധമാക്കിയത്. മധ്യതിരുവിതാംകൂറിലെ രണ്ട് പ്രബല ക്രൈസ്തവ കുടുംബങ്ങളെയാണ് അന്വേഷണ കമ്മിഷന്‍ പ്രതികളായി സംശയിച്ചത്.
ഇഎംഎസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വാക്കുപാലിക്കാതെ വന്നതോടെയാണ് മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലമെന്ന പേരില്‍ ഹൈന്ദവ ഏകീകരണത്തിന് ശ്രമിച്ചത്. 1957 ഏപ്രില്‍ 5 ന് നിലവില്‍വന്ന ഒന്നാം ഇഎംഎസ് മന്ത്രിസഭ കൊണ്ടുവന്ന വിവാദ വിദ്യാഭ്യാസ ബില്ലിനും ഭൂബന്ധ ബില്ലിനും എതിരെ മന്നത്ത് പത്മനാഭനും കത്തോലിക്കാ സഭയും ചേര്‍ന്ന് വിമോചന സമരത്തിന് കോപ്പ് കൂട്ടുമ്പോള്‍ 1957 ഡിസംബര്‍ 19 ന് ശബരിമല തീവെപ്പ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ശബരിമലയുടെ പേരില്‍ എന്‍എസ്എസിനെ കത്തോലിക്കര്‍ക്കെതിരെ തിരിക്കുകയായിരുന്നു ഇഎംഎസിന്റെ തന്ത്രം. എന്നാല്‍ ഈ ശ്രമം പാൡപ്പോയതും പിന്നീടുണ്ടായ വിമോചന സമരവും ചരിത്രമാണ്.
പിണറായി ഭരണത്തിലൂടെ ഹിന്ദു ക്ഷേത്രങ്ങളും ഹൈന്ദവധര്‍മ്മ സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിക്കപ്പെടുകയായിരുന്നുവെന്നാണ് ശബരിമല കൊള്ളയുമായി നടന്ന സംഭവങ്ങള്‍ വിളിച്ചോതുന്നത്. ഇതിന് സമാനമായ ക്ഷേത്രക്കൊള്ളയും ഹിന്ദു നിന്ദയും നടന്നത് 1773-1799 കാലത്ത് മൈസൂര്‍ നവാബ്മാരായിരുന്ന ഹൈദരലിയുടെയും മകന്‍ ടിപ്പുവിന്റെയും കാലത്താണെന്ന് ചരിത്രം ഓര്‍മ്മപ്പെടുത്തുന്നു.
1939 ല്‍ തലശ്ശേരിക്ക് അടുത്ത പിണറായിയില്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുതിയ ‘പിണറായി’യിലൂടെ ചരിത്രമാകുമെന്ന് ഉറപ്പാണ്. 1957 ല്‍ ശബരിമലയെ സാക്ഷിയാക്കി അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് ഭരണം 69 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബാലറ്റുപേപ്പറിലൂടെത്തന്നെ ചരിത്രത്തിലേക്ക് മടങ്ങുന്നതും കാലത്തിന്റെ കണക്ക് തീര്‍ക്കലാകാം. ആധുനിക കമ്മ്യൂണിസ്റ്റ് വാഴ്ചയുടെ ഈറ്റില്ലമായിരുന്ന സോവിയറ്റ് യൂണിയനില്‍ ആ പാര്‍ട്ടി 74-ാം വര്‍ഷമാണ് ചരിത്രമായതെങ്കില്‍ ഇവിടെ അത് കഷ്ടിച്ച് ഏഴ് പതിറ്റാണ്ട് വരെ എന്നതും കൗതുകമുണര്‍ത്തുന്ന സമാനതയായി മാറുകയാണ്.
സ്വാതന്ത്ര്യാനന്തരകാലത്ത് അരപതിറ്റാണ്ട് മുമ്പ് ഇടത്-സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിത്തറയില്‍ രൂപപ്പെട്ട ദ്വിമുന്നണി രാഷ്‌ട്രീയം എല്ലാവിധ ആശയങ്ങളും വലിച്ചെറിഞ്ഞ് അവസരവാദപരവും അപകടകരമായ തീവ്രവാദ ആശയക്കാരുമായി കൈകോര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കേരള രാഷ്‌ട്രീയത്തില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് കാരണമാകുമെന്നുറപ്പ്.