പാലക്കാട്: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആലത്തൂർ തൃപ്പാളൂരിലെ തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ഗായത്രിപ്പുഴയ്‌ക്കു കുറുകെ തേനാരി പറമ്പിൽ നിന്നു തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്കു നിർമിച്ച തൂക്കുപാലവും അനുബന്ധ സംവിധാനങ്ങളും നിർമിച്ചത്.
കെ.രാധാകൃഷ്ണൻ എംപിയായിരുന്നു ഉദ്ഘാടകൻ. തൂക്കുപാലത്തിന്റെ വെൽഡ് ചെയ്ത് പിടിപ്പിച്ച ഭാഗമാണ് ഇളകി വീണത്. കെ.ഡി പ്രസേനൻ എംഎൽഎയുടെ ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ചാണ് തൂക്കുപാലവും അനുബന്ധ പ്രവൃത്തികളും നടത്തിയത്. മിനി മാസ് ലൈറ്റ്, കുളിക്കടവ്, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ കളിസ്ഥലം, കോഫി ഷോപ്പ്, ശുചിമു റി ബ്ലോക്ക് എന്നിവയാണ് പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചത്.
ദീപാവലി വാവ് ഉത്സവത്തിന് പ്രസിദ്ധമാണ് തൃപ്പാളൂർ ശിവക്ഷേത്രം. ഈ സമയം ഇവിടെ ഭക്തജനത്തിരക്കാണ്. പാലത്തിലൂടെ ഒരേസമയം 250 പേരോളം കടന്നുപോയതാണ് അപകടകാരണമായി പറയുന്നത്. നൂറു പേരാണു പരിധി.