• Tue. Nov 11th, 2025

24×7 Live News

Apdin News

ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ്, നടന്നത് ചാവേറാക്രമണം: പാകിസ്ഥാനിൽ നിന്നുള്ള ലഷ്കർ തീവ്രവാദികൾ ബംഗ്ലാദേശിലേക്ക് നീങ്ങിയെന്ന് റിപ്പോർട്ട്

Byadmin

Nov 11, 2025



ദില്ലി: രാജ്യത്തെ നടുക്കി ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവർ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം. ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിവരം.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തിന് പിന്നിൽ ഭീകരശക്തികളുടെ പങ്ക് തള്ളിയിട്ടില്ലെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. പ്രാഥമികമായി എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

അതേസമയം, സ്ഫോടനത്തിന് പിന്നാലെ ചർച്ചയാകുന്നത് ലഷ്‌കർ-എ-തൊയ്ബാ കമാൻഡർ പുറത്തുവിട്ട ഒരു വീഡിയോയാണ്. പാകിസ്താനിലെ ഖൈർപൂർ തമേവാലിയിൽ നിന്നുള്ള ലഷ്‌കർ-എ-തൊയ്ബാ കമാൻഡർ സൈഫുള്ള സെയ്ഫ് ഒക്ടോബർ 30-ന് പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോൾ രഹസ്യാന്വേഷണ ഏജൻസികൾ ഗൗരവമായി പരിശോധിക്കുന്നത്. ‘ഓപ്പറേഷൻ സിന്ദൂർ’ ന് പകരംവീട്ടാനുള്ള നീക്കം സംഘടന നടത്തുന്നെന്നും ഇയാൾ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞിരുന്നു. ലഷ്‌കർ തലവൻ ഹാഫിസ് സെയ്ദ് ബംഗ്ലാദേശ് വഴിയാണ് ഇന്ത്യയ്‌ക്കെതിരെ പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് സൈഫ് വ്യക്തമാക്കിയിരുന്നു.

ഈ പ്രസ്താവനയ്‌ക്ക് പിന്നാലെ, പാകിസ്താനിൽ നിന്നുള്ള ലഷ്‌കർ തീവ്രവാദികളെ ബംഗ്ലാദേശിലേക്ക് നീക്കിയതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ വിലയിരുത്തുന്നു. അതേസമയം, ഐഎസ് സംഘടനയും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായുള്ള മുൻവിവരങ്ങൾക്കും ഇപ്പോഴത്തെ സംഭവവുമായി ബന്ധമുണ്ടോ എന്നത് പരിശോധിക്കുകയാണ്.

എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ സംയുക്തമായി നടത്തുന്ന അന്വേഷണത്തിലൂടെ സ്‌ഫോടനത്തിന് പിന്നിലെ യഥാർത്ഥ ആസൂത്രണം ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. കാറിലുണ്ടായിരുന്നത് മൂന്നുപേരാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ചെങ്കോട്ടയിലെ പാര്‍ക്കിങിൽ പുറത്തേക്ക് വരുന്ന കാറിൽ ഡ്രൈവിങ് സീറ്റിൽ മാത്രമാണ് ഒരാളെ കാണുന്നത്. ഇതിനാൽ സ്ഫോടനം നടക്കുമ്പോള്‍ കാറിൽ ഒരാള്‍ മാത്രമാണോ ഉണ്ടായിരുന്നതെന്നും സംശയിക്കുന്നുണ്ട്.

കാർ ചെങ്കോട്ടയ്‌ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

By admin