ഫീച്ചര്‍ ട്രാക്കിംഗ് ആപ്പ് ഉപയോഗം ഒഴിവാക്കിയിട്ടും കോടിക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതിന് ഗൂഗിളിന് 425 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ജൂറിയാണ് ഉപയോക്താക്കളുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വിധി പ്രസ്താവിച്ചത്. അക്കൗണ്ട് ക്രമീകരണങ്ങള്‍ മാറ്റിയിട്ടും ഗൂഗിള്‍ മൂന്നാം കക്ഷി ആപ്പുകളില്‍ നിന്ന് ഡാറ്റ ശേഖരിച്ചുവെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം.
എന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും ഗൂഗിള്‍ പ്രതികരിച്ചു. വെബ് & ആപ്പ് ആക്ടിവിറ്റി ക്രമീകരണങ്ങളില്‍ ഉറപ്പുനല്‍കിയിരുന്ന സ്വകാര്യതാ വ്യവസ്ഥകള്‍ ലംഘിച്ച് ഉപയോക്താക്കളുടെ മൊബൈല്‍ ആപ്പ് ആക്ടിവിറ്റി ഡാറ്റ ശേഖരിച്ചു വില്‍പ്പന നടത്തിയെന്നാണ് ഹരജിക്കാരുടെ ആരോപണം. 2020 ജൂലൈയില്‍ ഫയല്‍ ചെയ്ത കേസില്‍ ഏകദേശം 98 ദശലക്ഷം ഉപയോക്താക്കള്‍ ഉള്‍പ്പെടുന്നു.
വിചാരണക്കിടെ ശേഖരിച്ച ഡാറ്റ വ്യക്തിപരമല്ലാത്തതാണെന്നും, അപരനാമം നല്‍കിയ ശേഷം സുരക്ഷിതമായി എന്‍ക്രിപ്റ്റ് ചെയ്തിടത്താണ് സൂക്ഷിക്കുന്നതെന്നും ഗൂഗിള്‍ വാദിച്ചു. സ്വകാര്യതാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഗൂഗിളിന് നേരത്തെ പല കേസുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ മുഖം, ശബ്ദ ഡാറ്റ ശേഖരിച്ചതിനും ലൊക്കേഷന്‍ ട്രാക്ക് ചെയ്തതിനുമൊക്കെ ബന്ധപ്പെട്ട്, കഴിഞ്ഞ മെയ് മാസത്തില്‍ ടെക്സസ് സംസ്ഥാനത്തിന് 1.375 ബില്യണ്‍ ഡോളര്‍ നല്‍കാനും കമ്പനി സമ്മതിച്ചിരുന്നു.