
ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും സംഘവും തുര്‍ക്കിയില്‍ പോയി കണ്ടത് 14 പേരെ. മൂന്നുവര്‍ഷം മുന്‍പ് ഉമര്‍ നടത്തിയ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്.
ഡോക്ടറാണെന്ന് കരുതുന്ന മുസാഫര്‍ അഹമ്മദ് റാത്തര്‍, ഫരീദാബാദില്‍ സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമില്‍ ഷക്കീല്‍ എന്നിവര്‍ക്കൊപ്പാണ് ഉമര്‍ തുര്‍ക്കിയിലേക്ക് പോയത്. രണ്ടാഴ്ചയോളം ഇവര്‍ തുര്‍ക്കിയില്‍ തങ്ങി ഏകദേശം 14 പേരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ കൂടിക്കാഴ്ച നടത്തിയ 14 പേര്‍ ആരെല്ലാമാണെന്ന് കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
അവരില്‍ ഒരാള്‍ ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ സഹോദരനാണെന്ന് കരുതുന്നു. തുര്‍ക്കിയില്‍ എത്തിയ ഇവര്‍ താമസിക്കുന്നതിനായി ഹോട്ടലുകള്‍ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണത്തിലൂടെ വ്യക്തമായിട്ടുണ്ട്.
അതേസമയം, 2021 അവസാനം മുതലെ ഉമര്‍ നബി വിദേശയാത്രകള്‍ ആരംഭിച്ചിരുന്നതായാണ് കണ്ടെത്തല്‍. പിന്നീടാണ് കൂട്ടാളികളുമായി തുര്‍ക്കിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. മറ്റ് ഭീകര കേസുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ കേസിലെ പ്രധാന പ്രതികള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നോ എന്നതുമായി ബന്ധപ്പെട്ട് തെളിവുകളോ സൂചനകളോ ലഭിച്ചിട്ടില്ല.