
ധാക്ക: തന്റെ ഉമ്മ ഇന്ത്യയില്‍ സുരക്ഷിതയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെ ഭയന്ന് യുഎസില്‍ കഴിയുകയാണ് മകന്‍ സജീബ് വാസെദ്.
ഷേഖ് ഹസീനയെ വധശിക്ഷയ്‌ക്ക് വിധിച്ച ബംഗ്ലാദേശ് സര്‍ക്കാരിന്റെ വിധി കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശില്‍ ജെന്‍സീ കലാപത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു ഷേഖ് ഹസീന. പ്രധാനമന്ത്രി മോദിയാണ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും ഷേഖ് ഹസീനയെ അഭയാര്‍ത്ഥിയായി സ്വീകരിച്ചത്. 2024 ആഗസ്ത് മുതല്‍ ഷേഖ് ഹസീന ഇന്ത്യയില്‍ കഴിയുകയാണ്.
ഷേഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ രാജ്യം സ്തംഭിപ്പിക്കുമെന്നും മകന്‍ സജീബ് വാസെദ് താക്കീത് നല്‍കി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടാത്ത ഒരു ജനാധിപത്യവിരുദ്ദ സര്‍ക്കാര്‍ ഉമ്മയ്‌ക്കെതിരെ വിധിച്ച വധശിക്ഷയില്‍ ഒരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷേഖ് ഹസീനയുടെ സാന്നിധ്യമില്ലാതെയുള്ള ഈ വിചാരണയിലും വിധിയിലും പശ്ചാത്തപിക്കുന്നുവെന്നാണ് യുഎന്‍ പ്രതികരിച്ചത്.
ഷേഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശില ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസിനെതിരെ ചില നീക്കങ്ങള്‍ അവിടെ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടായി. കലാപങ്ങളും വ്യാപകമായി അര്ങ്ങേറുകയുണ്ടായി. ഇതില്‍ ഞെട്ടിയിരിക്കുകയാണ് യൂനസ് സര്‍ക്കാര്‍.
ഷേഖ് ഹസീനയെ വിട്ടുനല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം.. പക്ഷെ ഈ ആവശ്യം നിയമപരമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഷേഖ് ഹസീനയുടെ മകന്‍ പറയുന്നത്.