
ന്യൂദൽഹി: ദൽഹി കലാപത്തിലെ പ്രതിയായ ഉമർ ഖാലിദിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിവാദപരമായ ഒരു പ്രസ്താവന നടത്തി. ഖാലിദിന്റേത് പോലുള്ള കേസുകൾ ഉദ്ധരിച്ച് വിചാരണ കൂടാതെയുള്ള നീണ്ട ജയിൽ ശിക്ഷകൾ ഭരണഘടനാ നീതിയെ ദുർബലപ്പെടുത്തുന്നുവെന്ന് മുൻ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ സാഹചര്യത്തിൽ ഉമറിന് ജാമ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഞായറാഴ്ച ജയ്‌പുരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ മുൻകൂർ ജാമ്യം ഒരു പൗരന്റെ അവകാശമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ, അത്തരം ഇളവ് നൽകുന്നതിന് മുമ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ഉമർ അഞ്ച് വർഷമായി ജയിലിലാണ്. ഞാൻ ഞങ്ങളുടെ കോടതിയെ വിമർശിക്കുന്നില്ല. ജാമ്യം ദുരുപയോഗം ചെയ്യുന്നത് തടയാൻ നിങ്ങൾക്ക് വ്യവസ്ഥകൾ ഏർപ്പെടുത്താം, പക്ഷേ ഉമറിന് വേഗത്തിലുള്ള വിചാരണയ്‌ക്ക് അവകാശമുണ്ടെന്ന് നിങ്ങൾ ഓർമ്മിക്കണം. നിലവിലെ സാഹചര്യത്തിൽ വേഗത്തിലുള്ള വിചാരണ സാധ്യമല്ലെങ്കിൽ, ജാമ്യം ഒഴിവാക്കലല്ല, മറിച്ച് നിയമമായിരിക്കണം.” -ഉമർ ഖാലിദിന്റെ കേസിനെക്കുറിച്ച് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ഇതിനു പുറമെ തന്റെ 24 മാസത്തെ ഭരണത്തിനിടെ 21,000 ജാമ്യാപേക്ഷകൾ തീർപ്പാക്കി. ഒരു പ്രത്യേക കേസിൽ ജാമ്യം നിഷേധിച്ചതിന് സുപ്രീം കോടതിയെ വിമർശിക്കുമ്പോൾ ആളുകൾ ചിന്തിക്കാത്ത നിരവധി കേസുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തന്നെ പ്രതി സമൂഹത്തിലേക്ക് തിരിച്ചുവന്ന് വീണ്ടും കുറ്റകൃത്യം ചെയ്യാനോ, തെളിവുകൾ നശിപ്പിക്കാനോ, നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ജാമ്യം മുതലെടുക്കാനോ സാധ്യതയുണ്ടെങ്കിൽ പ്രതിക്ക് ജാമ്യം നിഷേധിക്കാമെന്നും വിവിധ കേസുകളുടെ ഉദാഹരണങ്ങൾ ഉദ്ധരിച്ച് മുൻ ജഡ്ജി പറഞ്ഞു.