
ന്യൂദൽഹി : ചെങ്കോട്ട സ്ഫോടനത്തിൽ സ്വയം പൊട്ടിത്തെറിച്ച ഡോ. ഒമർ നബിയെ വഴിതെറ്റിയ യുവാവ് എന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് വിശേഷിപ്പിച്ചതിനെതിരെ പാർട്ടി നേതാവ് ഷാമ മുഹമ്മദ് എതിർപ്പ് പ്രകടിപ്പിച്ചു. ഒമർ നബി വഴിതെറ്റിയ യുവാവല്ല, മറിച്ച് ഒരു കൊടും തീവ്രവാദിയാണെന്നും ഇസ്ലാമിൽ ആത്മഹത്യ നിഷിദ്ധമാണെന്നും ഷമ മുഹമ്മദ് പറഞ്ഞു. തന്റെ എക്സ് അക്കൗണ്ടിലാണ് ഷമ ഇത്തരത്തിൽ പ്രതികരിച്ചത്.
“ഇവർ വഴിതെറ്റിയ ആളുകളാണ്, അവർക്ക് ഇസ്ലാമിനെ പ്രതിനിധീകരിക്കാൻ കഴിയില്ല. പുറത്തുവന്നിരിക്കുന്ന ഉമർ നബിയുടെ വീഡിയോയോട് ഞാൻ വിയോജിക്കുന്നു. കാരണം അത് ഇസ്ലാമിന്റെ യഥാർത്ഥ ചിത്രം അവതരിപ്പിക്കുന്നില്ല. ഒരു സാഹചര്യത്തിലും ആത്മഹത്യ ഇസ്ലാമിൽ അനുവദനീയമല്ല. നിങ്ങൾ ആത്മഹത്യ ചെയ്യുകയും നിരപരാധികളെ നിങ്ങളോടൊപ്പം കൊല്ലുകയും ചെയ്താൽ, ഇത് ഇസ്ലാമിന്റെ ചിത്രമല്ല, ഇസ്ലാമിന്റെ പാതയുമല്ല.” – ഇമ്രാൻ മസൂദ് പറഞ്ഞു.
ഇതിന് മറുപടിയെന്നോണം ഷമ മുഹമ്മദും പ്രതികരിച്ചു.
“നിങ്ങളെത്തന്നെയോ പരസ്പരം കൊല്ലുകയോ ചെയ്യരുത്. തീർച്ചയായും, അല്ലാഹു നിങ്ങളോട് ഏറ്റവും കരുണയുള്ളവനാണ്. ഇസ്ലാമിൽ ആത്മഹത്യ നിഷിദ്ധമാണ്. ഉമർ വഴിതെറ്റിയ ഒരു യുവാവല്ല, മറിച്ച് ഒരു തീവ്ര തീവ്രവാദിയായിരുന്നു.” – ഷമ എക്സിൽ കുറിച്ചു.