
ശ്രീനഗർ: ദൽഹി സ്ഫോടന കേസിൽ പ്രധാന വെളിപ്പെടുത്തൽ. നവംബർ 10 ലെ ആക്രമണത്തിന് ഏകദേശം ഒരു ആഴ്ച മുമ്പ് ഉമർ നബി ജമ്മു കശ്മീരിലെ പുൽവാമയിലുള്ള തന്റെ വീട്ടിലേക്ക് പോയിരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. സ്ഫോടനത്തിന് ഏകദേശം ഒരു ആഴ്ച മുമ്പ് ഉമർ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോൺ സഹോദരന് നൽകിയിരുന്നു. സ്ഫോടനത്തിന് കുറഞ്ഞത് ഒരു ആഴ്ച മുമ്പെങ്കിലും ഈ പ്രദേശത്തെ വീഡിയോ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
പുൽവാമയിൽ നിന്ന് ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലേക്ക് മടങ്ങുന്നതിന് മുമ്പ് ആണ് തന്റെ രണ്ട് ഫോണുകളിൽ ഒന്ന് സഹോദരന് നൽകിയത്. പിന്നീട് ശ്രീനഗറിൽ ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ സ്ഥാപിച്ചതായി ആരോപിക്കപ്പെട്ട ഡോ. അദീൽ അഹമ്മദ് അറസ്റ്റിലായ വിവരം ഒമറിന്റെ സഹോദരന് മനസ്സിലായി. ഫരീദാബാദിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നവംബർ 9 ന് ഡോ. മുസമ്മിൽ ഷക്കീൽ അറസ്റ്റിലായതിനെ തുടർന്നാണിത്. അടുത്ത ദിവസം ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ബോംബ് സ്ഫോടനത്തിന് മുമ്പ്, ഡോ. ഷഹീൻ ഷാഹിദിനെയും അറസ്റ്റ് ചെയ്തതായി അദ്ദേഹം അറിഞ്ഞു.
കൂടാതെ മുസമ്മിൽ തന്റെ സഹോദരന്റെ സഹപ്രവർത്തകനും സുഹൃത്തുമാണെന്നും നബിയുടെ സഹോദരന് അറിയാമായിരുന്നു. പോലീസ് നബിയെ തിരയുന്നുണ്ടെന്ന് അയാൾ മനസിലാക്കുകയും ചെയ്തു. തുടർന്ന് പരിഭ്രാന്തനായ നബിയുടെ സഹോദരൻ പുൽവാമയിലെ വീടിനടുത്തുള്ള ഒരു കുളത്തിലേക്ക് ഫോൺ എറിഞ്ഞു കളഞ്ഞു. ഇതേ സമയം നബിയുടെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ രണ്ടും സ്വിച്ച് ഓഫ് ആണെന്നും നബിയുടെ അവസാനത്തെ സ്ഥലങ്ങൾ ദൽഹിയും പുൽവാമയുമാണെന്നും കണ്ടെത്തി.
തുടർന്ന് ഏജൻസികൾ പുൽവാമയിലെ നബിയുടെ വീട്ടിലെത്തി തീവ്രമായ ചോദ്യം ചെയ്യലിനുശേഷം തനിക്ക് ഒരു ഫോൺ നൽകിയിട്ടുണ്ടെന്നും അത് ഒരു കുളത്തിലേക്ക് എറിഞ്ഞുവെന്നും സഹോദരൻ വെളിപ്പെടുത്തി. പിന്നീട് കണ്ടെടുത്ത ഫോൺ വെള്ളത്തിൽ മുങ്ങിയെന്നും മദർബോർഡിന് കേടുപാടുകൾ സംഭവിച്ചെന്നും അന്വേഷണ സംഘം പറഞ്ഞു. തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് തങ്ങൾക്ക് നബിയുടെ വീഡിയോ വീണ്ടെടുക്കാൻ കഴിഞ്ഞതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫോണിൽ പ്രവാചകനെ വാഴ്‌ത്തുന്ന ഉമറിന്റെ നിരവധി വീഡിയോകളാണ് കാണാൻ കഴിഞ്ഞത്.