ന്യൂഡൽഹി : 2050 ൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യ ഇന്ത്യയിലായിരിക്കുമെന്ന് പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട് . 2050 ആകുമ്പോഴേക്കും ഇന്ത്യ ഇന്തോനേഷ്യയെ മറികടന്ന് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായി മാറും. മുസ്ലീങ്ങളുടെ എണ്ണം 31 കോടി ആയി തീരുമെന്നാണ് റിപ്പോർട്ട്.ഉയർന്ന ഫെർട്ടിലിറ്റി നിരക്ക് കാരണം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ അതിവേഗം വളരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് .
ലോക മതങ്ങളുടെ ഭാവി: ജനസംഖ്യാ വളർച്ചാ പ്രവചനങ്ങൾ, 2010-2050 എന്ന പേരിലാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. മുസ്ലീം രാജ്യമെന്ന ലേബലിൽ അറിയപ്പെടുന്ന പാകിസ്ഥാൻ പോലും രണ്ടാം സ്ഥാനത്താകും. 273 ദശലക്ഷമായിരിക്കും പാകിസ്ഥാനിൽ മുസ്ലീം ജനസംഖ്യ. നിലവിൽ ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള ഇന്തോനേഷ്യ 2050 ആകുമ്പോഴേക്കും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും 257 ദശലക്ഷം മുസ്ലീങ്ങളാകും ഉണ്ടാകുകയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കൂടാതെ, ലോകത്തിലെ മൂന്നാമത്തെ വലിയ മതവിഭാഗമായി ഹിന്ദുക്കൾ മാറുമെന്നും റിപ്പോർട്ട് പറയുന്നു. 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ 31 കോടി മുസ്ലീങ്ങളുണ്ടാകുമെന്നും, ഇത് ആഗോള മുസ്ലീം ജനസംഖ്യയുടെ 11% വരുമെന്നും റിപ്പോർട്ട് പറയുന്നു. വരും ദശകങ്ങളിൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ എണ്ണം അതിവേഗം വർദ്ധിക്കുമെന്നും, 2010 ൽ ഏകദേശം 1.6 ബില്യൺ ആയിരുന്നത് 2050 ൽ ഏകദേശം 2.8 ബില്യൺ ആയി വർദ്ധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
നൈജീരിയയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഈ നൂറ്റാണ്ടിന്റെ മധ്യത്തിൽ ഏകദേശം 231 ദശലക്ഷം മുസ്ലീങ്ങളാകും നൈജീരിയയിൽ ഉണ്ടാകുക. നിലവിൽ മൊത്തം ജനസംഖ്യയുടെ 2.5% ആയ ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യ 2050 ആകുമ്പോഴേക്കും 2.3% ആയി കുറയുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.