വിശാഖപട്ടണം : ഉറക്കത്തിൽ കൃത്രിമ പല്ല് വിഴുങ്ങി 52 കാരൻ . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് ഇത് നീക്കം ചെയ്തത്.
52 കാരനായ ഇയാൾ വർഷങ്ങളായി കൃത്രിമ പല്ലുകൾ ഉപയോഗിച്ചിരുന്നു. കാലക്രമേണ ഈ കൃത്രിമ പല്ലുകൾ അയഞ്ഞ നിലയിലായി .ഇതാണ് ഉറക്കത്തിൽ ഇവ ഇറങ്ങി പോകാൻ ഇടയാക്കിയത് .പല്ല് സെറ്റ് ശ്വാസനാളത്തിലൂടെ താഴേക്ക് നീങ്ങുകയും ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി എത്തുകയും ചെയ്തു.
ശ്വാസകോശവും ഭാഗങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതിനാൽ ശ്വാസതടസ്സം അനുഭവപ്പെട്ടില്ലെങ്കിലും ശക്തമായ ചുമ ഉണ്ടായി. തുടർന്ന് കിംസ് ഐക്കൺ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഇൻ്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ സിഎച്ച് ഭരതിൽ നിന്ന് ചികിത്സ തേടി. എക്‌സ്‌റേ, സിടി സ്‌കാൻ എന്നിവ നടത്തിയ ശേഷം ശ്വാസകോശത്തിൽ ഡെൻ്റൽ സെറ്റിന്റെ സാന്നിധ്യം ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ശസ്ത്രക്രിയ തീരുമാനിച്ചു.
ശ്വാസകോശത്തിനോ ശ്വാസനാളത്തിനോ പരിക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നതിനാൽ സങ്കീർണമായിരുന്നു ശസ്ത്രക്രിയ .‘ നീക്കം ചെയ്യുമ്പോൾ ഡെൻ്റൽ സെറ്റിന്റെ ഇരുവശത്തുമുള്ള ലോഹ ഘടകങ്ങൾ കൊണ്ട് ശ്വാസകോശത്തിനോ ശ്വാസനാളത്തിനോ പരിക്കേൽക്കാനുള്ള അപകടസാധ്യതയുണ്ട്, ഇത് രക്തസ്രാവത്തിലേക്ക് നയിച്ചേക്കാം. ഭാഗ്യവശാൽ, ശസ്ത്രക്രിയ വിജയിച്ചു, ” ഡോ സിഎച്ച് ഭരത് പറഞ്ഞു.