ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ പുന്നപ്പാക്കം സ്വദേശി വെങ്കല്‍ ഗോപിനാഥ് (25) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന ഗോപിനാഥിന്റെ ദേഹത്ത് ബസ് കയറുകയായിരുന്നു. നിലയ്ക്കലിലെ പത്താം നമ്പര്‍ പാര്‍ക്കിങ് ഏരിയയില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
തമിഴ്‌നാട്ടില്‍ നിന്നും തീര്‍ഥാടകരുമായി എത്തിയ ബസ്സാണ് അപകടത്തിന് ഇടയാക്കിയത്. ദര്‍ശന ശേഷം മടങ്ങിയെത്തിയ ഗോപിനാഥ് പാര്‍ക്കിങ് ഏരിയയിലെ നിലത്ത് ഉറങ്ങുകയായിരുന്നു. പിന്നിലേക്ക് എടുത്ത ബസ് ഗോപിനാഥിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം നിലയ്ക്കല്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.