ഉള്ളി കയറ്റുമതിയിൽ സെപ്റ്റംബറിൽ ഏർപ്പെടുത്തിയ 20 ശതാനം നികുതി പിൻവലിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര ഗവൺമെന്റ്. ഏപ്രിൽ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുക. രാജ്യത്ത് ഉള്ളിയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി 2023 ഡിസംബർ 8 മുതൽ 2024 മെയ് 3 വരെ മിനിമം കയറ്റുമതി നിരക്കുൾപ്പെടെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അഞ്ച് മാസത്തോളം ഉള്ളിയുടെ കയറ്റുമതിയും നിരോധിക്കുന്ന സാഹചര്യമുണ്ടായി. ഈ നിയന്ത്രണങ്ങൾക്കാണ് നിലവിലെ തീരുമാനത്തിലൂടെ അയവുവരുന്നത്
കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും 2023-24 ൽ 17.7 ലക്ഷം ടണും, 2024-25 ൽ( മാർച്ച് 18 വരെ) 11.65 ലക്ഷം ടണും മൊത്തം കയറ്റുമതി നടന്നുവെന്നാണ് ഗവൺമന്റെ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാസം തോറുമുള്ള ഉള്ളികയറ്റുമതി 2024ലെ 0.72 ലക്ഷം ടണ്ണിൽ നിന്ന് 1.85 ആയി വർധിച്ചു.
റാബി വിളകളുടെ വിപണിയിലെ വരവിനോടനുബന്ധിച്ച് റീടെയിൽ വില കുറയാനുള്ള സാഹചര്യം മുന്നിൽ കണ്ട് കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഉള്ളി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് തങ്ങളുടെ പുതിയതീരുമാനമെന്ന് ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം പറഞ്ഞു.
ഭക്ഷ്യ ധാന്യ വിളകളുടെ ഹോൾസെയിൽ വിപണിവില മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും രാജ്യത്ത് മൊത്തത്തിൽ 39 ശതമാനം ഇടിവ് ഉണ്ടായെന്ന് മന്ത്രാലയം പറയുന്നു. അതു പോലെ ഉള്ളിയുടെ രാജ്യത്തെ റീടെയിൽ വിലയിലും കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ 10 ശതമാനം ഇടിവുണ്ടായി.
അഗ്രികൾച്ചറൽ ആൻഡ് ഫാർമേഴ്സ് വെൽഫയർ അസോസിയേഷന്റെ കണക്കു പ്രകാരം ഈ വർഷത്തെ റാബി ഉൽപ്പാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവാണുള്ളത്. ഇന്ത്യയിലെ മൊത്തം ഉള്ളി ഉൽപ്പാദനത്തിന്റെ 70-75 ശതമാനം വരുന്ന റാബി ഉള്ളി ഒക്ടോബർ-നവംബർ മാസത്തിൽ ഖാരിഫ് വിളവ് വിപണിയിലെത്തുന്നതു വരെ ഉള്ളിയുടെ വിപണി വില സ്ഥിരത നിലനിർത്തുന്നതിൽ നിർണായകമാണ്.