തിരുവനന്തപുരം : ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍.ഊരാളുങ്കലിന്റേതടക്കം 46 ഏജന്‍സികളുടെ അനുമതിയാണ് നീട്ടി നല്‍കിയത്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച അഴിമതിയാരോപണങ്ങളെല്ലാം വിഴുങ്ങിയാണ് നടപടി.
കഴിഞ്ഞ മേയ് 31 ന് ഊരാളുങ്കലിന്റേതടക്കം കാലാവധി കഴിഞ്ഞിരുന്നു. ഈ മാസം അവസാനം വരെ നീട്ടിയാണ് ധന വകുപ്പ് പുതിയ ഉത്തരവിറക്കിയത്.
നരേന്ദ്രമോദിക്ക് അദാനി എങ്ങനെയാണോ അതു പോലൊണ് പിണറായിക്ക് ഊരാളുങ്കല്‍ എന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. കേരളത്തില്‍ ഏറ്റവുമധികം അഴിമതി നടത്തിയത് പിണറായി സര്‍ക്കാര്‍ ആണെന്നും പറയുകയുണ്ടായി.അഴിമതിയുടെയെല്ലാം പ്രഭവ കേന്ദ്രവും മര്‍മ സ്ഥാനവും ഊരാളുങ്കലാണെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.
കരാറുകള്‍ ടെണ്ടറില്ലാതെ ഊരാളുങ്കലിന് നല്‍കി കോടികളാണ് സിപിഎം സമ്പാദിച്ചതെന്ന് ആരോപിച്ച കെ സി വേണുഗോപാല്‍ എല്ലാ ഇടപാടുകളും യുഡിഎഫ് സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരവാദികളെക്കൊണ്ട് മറുപടി പറയിച്ചിരിക്കുമെന്നും ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഭരണത്തിലെത്തിയതോടെ മലക്കം മറിഞ്ഞിരിക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍. ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവര്‍ത്തികളെന്നാണ് ഭരണം കിട്ടിയപ്പോള്‍ സര്‍ക്കാര്‍ നിലപാട്.