• Mon. Aug 11th, 2025

24×7 Live News

Apdin News

ഊര്‍മ്മിള: ‘സഹനസ്‌നേഹ’ത്തിന്റെ കരുത്ത്

Byadmin

Aug 11, 2025



രാമായണത്തിലെ ശ്രദ്ധേയ കഥാപാത്രമാണ് ഊര്‍മ്മിള. മിഥിലാധിപന്‍ ജനകന്റെ രണ്ടാമത്തെ പുത്രി. സീതയുടെ സഹോദരി. സീത അയോനിജ ആണെന്നതു പരിഗണിച്ചാല്‍ ജനകന്റെ ഏകമകളാകും ഊര്‍മ്മിള. (ജനകന്റെ അനുജനായ കുശധ്വജന്റേയും പത്‌നി ചന്ദ്രഭാഗയുടേയും മക്കളാണ് ഭരതപത്‌നിയായ മാണ്ഡവിയും ശത്രുഘ്‌നപത്‌നിയായ ശ്രുതകീര്‍ത്തിയും). ജനകന്റെ ഔരസപുത്രിയും ലക്ഷമണപത്‌നിയും ആയിരുന്നിട്ടും രാമായണത്തിലും കൊട്ടാരക്കെട്ടിലും സീതാരാമന്മാര്‍ക്കും ലക്ഷ്്മണനും ലഭിച്ചതിന്റെ നൂറിലൊന്നുപോലും ശ്രദ്ധ ലഭിക്കാതെ പോയ കഥാപാത്രമാണ് ഊര്‍മ്മിള. പാതിവ്രത്യത്തിലും കുലീനതയിലും സീതയ്‌ക്കൊപ്പമായിരുന്നിട്ടും ഭൂമിപുത്രിയെ വാനോളം പുകഴ്‌ത്തിയവരാരും ഊര്‍മിളയ്‌ക്ക് പാതിപരിഗണനയെങ്കിലും കൊടുത്തിരുന്നോ എന്നത് സംശയമാണ്. എങ്കിലും ഊര്‍മിളയുടെ ത്യാഗത്തെ ആര്‍ക്കും കുറച്ച് കാണാന്‍ കഴിയില്ല.

പിതാവിന്റെ ആജ്ഞ ശിരസാവഹിച്ച് വനവാസത്തിനിറങ്ങുന്ന രാമന്‍ അമ്മമാരോട് യാത്രാനുമതിക്കായി അന്തപ്പുരത്തില്‍ എത്തുന്ന വേളയില്‍ സീതാദേവിയും അനുയാത്രയ്‌ക്ക് നിര്‍ബന്ധം പിടിക്കുന്നു. അതേസമയം ജ്യേഷ്ഠന്റെ സഹായത്തിനായി പോകാന്‍ ലക്ഷമണനും ഒരുങ്ങുന്നു. അതിനായി ലക്ഷമണനും അമ്മമാരുടെ അനുഗ്രഹം തേടുന്നു. വനദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് സീതാദേവിയെ നിരുത്സാഹപ്പെടുത്താന്‍ ശ്രീരാമന്‍ ആവുംമട്ടു ശ്രമിച്ചിട്ടും വിഫലമായി. ഭര്‍ത്താവിനൊപ്പമാകുമ്പോള്‍ കാട്ടിലെ എത്ര കൂര്‍ത്ത കല്ലും മുള്ളും തനിക്ക് പുഷ്പതുല്യമെന്നും താന്‍ കേട്ടിരിക്കുന്ന രാമായന കഥകളിലെല്ലാം രാമനൊപ്പം സീതയും കാടുപൂകുന്നുണ്ടെന്നും പറഞ്ഞ് സീതാദേവി അനുയാത്രയ്‌ക്ക് അനുമതി നേടിയെടുക്കുന്നു.

ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടെയും രക്ഷാശുശ്രൂഷകള്‍ക്കായി ലക്ഷമണനും അവര്‍ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നു. ഈ സമയം ഊര്‍മ്മിളയും മനസാ ആഗ്രഹിക്കുന്നുണ്ട് ഭര്‍ത്താവിനൊപ്പം പോകാന്‍. എന്നാല്‍ കാട്ടില്‍ സീതാരാമന്‍മാര്‍ക്ക് സംരക്ഷണമേകാന്‍ താനുണ്ടെന്നും ഇവിടെ തന്റെ അഭാവത്തില്‍ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ ഊര്‍മ്മിള കൊട്ടാരത്തില്‍ തുടരണമെന്നുമാണ് ലക്ഷ്മണന്‍ ഊര്‍മ്മിളയോട് ആവശ്യപ്പെട്ടത്. പിന്നീട് ഭര്‍ത്താവിനൊപ്പം പോകാന്‍ ഊര്‍മ്മിള വാശിപിടിച്ചതുമില്ല.

വനവാസകാലം കഴിയുവോളം ഒരുതുള്ളി കണ്ണീര്‍ പോലും പൊഴിക്കാതെ ഊര്‍മ്മിള അമ്മമാരെ ശുശ്രൂഷിച്ച് നിശബദയായി കൊട്ടാരത്തില്‍ കഴിഞ്ഞു എന്നാണ് ഒരു കഥ. മറ്റൊരു കഥയില്‍ വനവാസകാലത്ത് ഒരിക്കല്‍ പോലും ഉറങ്ങാതിരുന്ന ലക്ഷ്മണനെ സന്ദര്‍ശിച്ച നിദ്രാദേവി വരസന്നദ്ധത അറിയിക്കുമ്പോള്‍, തനിക്കു വരമൊന്നും വേണ്ടെന്നും പകരം കൊട്ടാരത്തിലെത്തി ഊര്‍മ്മിളയ്‌ക്ക് ഇഷ്ടവരം കൊടുത്താല്‍ മതിയെന്നും മറുപടി നല്‍കി. കൊട്ടാരത്തിലെത്തിയ നിദ്രാദേവി ഇഷ്ടവരം ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഊര്‍മ്മിള പറഞ്ഞത്, ‘വനവാസകാലത്ത് ലക്ഷമണന്‍ തന്നെ ഓര്‍ക്കാതിരിക്കണമെന്നും അല്ലെങ്കില്‍ സീതാരാമ ശുശ്രൂഷയില്‍ വീഴ്ച വരുമെന്നുമാണ്. ജ്യേഷ്ഠ-ജ്യേഷ്ഠത്തിയമ്മമാരുടെ ശുശ്രൂഷയില്‍ മുഴുകിയിരിക്കുന്ന പതി തന്നെ ഓര്‍ക്കാതിരിക്കാന്‍ പത്‌നി വരം ചോദിക്കുന്ന മറ്റൊരു സന്ദര്‍ഭവും ഉണ്ടാകില്ല ലോകസാഹിത്യത്തില്‍ വേറെ. ഊര്‍മ്മിളയുടെ മനക്കരുത്തിനും നിശ്ചയദാര്‍ഢ്യത്തിനും ഇതില്‍പ്പരം ഉദാഹരണം വേറെ വേണോ?

വനവാസം കഴിഞ്ഞ് സീതാരാമലക്ഷമണന്‍മാര്‍ തിരിച്ചെത്തിയപ്പോള്‍ അയോദ്ധ്യാ നിവാസികള്‍ അവരെ കാണാന്‍ ഓടിയെത്തി. എന്നാല്‍ അവര്‍ക്കിടയില്‍ ഊര്‍മ്മിളയെ കാണാതെ വന്നപ്പോഴാണ് ലക്ഷ്മണന്‍ തന്റെ പത്‌നി എവിടെ എന്ന് അന്വേഷിക്കുന്നത്. ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു ഊര്‍മ്മിള അപ്പോള്‍. ഭര്‍ത്താവിനെ കണ്ടപ്പോള്‍ ആ പാദങ്ങളില്‍ നമസ്‌കരിച്ച് ഊര്‍മ്മിള തന്റെ ജോലിയില്‍ മുഴുകുകയാണ് ചെയ്തത്. ലക്ഷ്മണനെപ്പോലെ ഊര്‍മ്മിളയും സ്വന്തം കടമകള്‍ക്കും ഉത്തരവാദിത്തങ്ങള്‍ക്കുമാണ് മുന്‍തൂക്കം നല്‍കിയത്. അതിനാലാണ് ചില കഥകളില്‍ ”ദേവീ, സ്ഥാനം കൊണ്ട് നീ അനുജത്തിയാണെങ്കിലും നിന്റെ ത്യാഗത്തിനു മുന്‍പില്‍ താന്‍ കനിഷ്ഠനാണ്”’എന്നു പറഞ്ഞ് ശ്രീരാമചന്ദ്രന്‍ ഊര്‍മ്മിളയുടെ പാദങ്ങള്‍ തൊട്ടു ശിരസ്സില്‍ വയ്‌ക്കുന്നതായി വിവരിക്കുന്നത്. ഒന്നാലോചിച്ചാല്‍, ഊര്‍മ്മിളയുടെ ത്യാഗം കൊണ്ടു കൂടിയാണല്ലോ ശ്രീരാമചന്ദ്രന് അവതാരലക്ഷ്യം ഭംഗിയായി നിറവേറ്റാന്‍ സാധിച്ചത്.

ഏത് കാര്യവും കൃത്യമായും വൃത്തിയായും ചെയ്തു തീര്‍ക്കണമെങ്കില്‍ കുടുംബസമാധാനം വേണം. വര്‍ത്തമാനകാലത്ത്, ഈ കലിയുഗത്തില്‍, പുതുതലമുറയ്‌ക്ക് ഊര്‍മ്മിളയില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്. അണുകുടുംബത്തിലേക്ക് ചുരുങ്ങുന്ന ഇക്കാലത്ത് കുടുംബബന്ധങ്ങള്‍ ശിഥിലമാകാതെ നോക്കാന്‍ ഊര്‍മ്മിളയുടെ ത്യാഗവും സേവനഭാവവും അവശ്യം വേണ്ടതുണ്ട്. ദാമ്പത്യത്തില്‍ പവിത്രത കാട്ടാത്ത, നിസാര കാര്യങ്ങളില്‍ പോലും വിട്ടുവീഴ്ച ചെയ്യാതെ കലഹിക്കുന്ന, മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ നടതള്ളുന്ന ഇന്നത്തെ തലമുറ ഊര്‍മ്മിള ഭര്‍ത്താവിനോടും കുടുംബത്തോടും കാട്ടിയ പ്രതിബദ്ധതയും ത്യാഗവും മാതൃക ആക്കോണ്ടതാണ്.

കൊട്ടാരത്തിലെ സുഖഭോഗങ്ങള്‍ക്ക് നടുവിലും ഒരു തപസ്വിനിയെപ്പോലെ നീണ്ട പതിനാല് വര്‍ഷം പരിഭവങ്ങളും പരാതിയുമില്ലാതെ കഴിഞ്ഞ ഊര്‍മ്മിള സമസ്ത ഭാരത സ്ത്രീകള്‍ക്കും ഉത്തമ മാതൃകയാണ്. രാമായണത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളില്‍ ഊര്‍മ്മിളയുടെ സ്ഥാനം എന്നും ഉയര്‍ന്നു തന്നെ നില്‍ക്കും.

By admin