• Thu. Nov 6th, 2025

24×7 Live News

Apdin News

എംഎസ്എംഇയും വികസിത കേരളവും

Byadmin

Nov 1, 2025



ന്ന് രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളാണ് (എംഎസ്എംഇ). തെരുവു കച്ചവടക്കാര്‍ മുതല്‍ കയറ്റുമതിക്കാര്‍ വരെ വീട്ടമ്മമാരും കര്‍ഷകരും തൊട്ട് ഐഐഎം വിദ്യാര്‍ത്ഥികള്‍ വരെ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. കൊവിഡ് കാലം മുതലാണ് ചെറുകിട വ്യവസായങ്ങള്‍ പ്രത്യേകിച്ച് സൂക്ഷ്മ -ലഘുവിഭാഗത്തില്‍പ്പെട്ട വ്യവസായങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ലക്ഷക്കണക്കിനു സംരംഭകര്‍ ഈ രംഗത്തേക്കു കടന്നുവന്നതും. മഹാമാരിയുടെ കാലത്ത് നിലവിലുള്ള വ്യാപാര മേഖലകള്‍, തൊഴില്‍ മേഖലകള്‍ അടച്ചുപൂട്ടപ്പെടുകയും അതിജീവനം ആശങ്കയാവുകയും ചെയ്തപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന സാമ്പത്തിക പാക്കേജ് ഫിനിക്‌സ് പക്ഷിയായി. ഈ പാക്കേജ് ഒരു സാമ്പത്തിക പദ്ധതി എന്നതിനൊപ്പം ആത്മവിശ്വാസത്തിന്റെ അതിമനോഹരമായ പൂപ്പാലിക കൂടിയായിരുന്നു. എംഎസ്എംഇകളുടെ വന്‍കുതിപ്പിനാണ് അന്നു മുതല്‍ ഭാരതം സാക്ഷ്യം വഹിക്കുന്നത.് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലെ വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന സുപ്രധാന ആശയം വീട്ടമ്മമാരുള്‍പ്പടെയുള്ള ലക്ഷക്കണക്കിനു പേര്‍ക്ക് പ്രചോദനമായി.
കൊവിഡാനന്തര കാലം ചെറുകിട വ്യവസായങ്ങളുടെ സുവര്‍ണകാലമായിരുന്നു. ജിഡിപിയുടെ 30% കയറ്റുമതിയില്‍ 45%വും സംഭാവന ചെയ്യുന്നത് എംഎസ്എംഇയാണ്. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് 28 കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ മേഖലയില്‍ രൂപപ്പെട്ടു. ഭാരതം നാലാമത്തെ ലോക സാമ്പത്തികശക്തിയായി ഉയര്‍ന്നു. 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ബൃഹത്തായ ലക്ഷ്യത്തിന്റെ ആധാരശിലയാണ് എംഎസ്എംഇകള്‍. ആത്മനിര്‍ഭര്‍ ഭാരത് എന്ന അമൃതകാലയാത്രയുടെ ആത്മാവാണ് ഈ ചെറുകിട വ്യവസായങ്ങള്‍.

എംഎസ്എംഇ കേരളത്തില്‍

ചെറുകിട വ്യവസായങ്ങളുടെ അതിസമ്പന്നമായ ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ ഇന്നത് വെറും ചരിത്രമായി അവശേഷിക്കുന്നു. കയര്‍, കശുവണ്ടി, നെയ്‌ത്ത് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായിരുന്ന കേരളം. മാവൂര്‍ റയോണ്‍സ്, കുണ്ടറ കളിമണ്‍ ഫാക്ടറി, പുനലൂര്‍ പേപ്പര്‍ മില്‍സ്, മന്നം ഷുഗര്‍ മില്‍സ്, പെരുമ്പാവൂര്‍ റയോണ്‍സ് തുടങ്ങി തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ സ്ഥാപിച്ച 51 പ്രമുഖ വ്യവസായങ്ങളില്‍ 99 ശതമാനവും അടച്ചുപൂട്ടി. അക്കാലത്ത് തുടങ്ങിയ പൊതുമേഖലാ സ്ഥാപനമായ ഫാക്ട് മോദി സര്‍ക്കാര്‍ നല്‍കിയ വിവിധ സാമ്പത്തിക പാക്കേജുകളിലൂടെ ജീവനാര്‍ജ്ജിച്ച് കുതിക്കുന്നു. കേരളത്തിന്റെ പരമ്പരാഗത വ്യവസായത്തില്‍ മുന്‍പില്‍ നിന്ന കശുവണ്ടി മേഖലയില്‍ ഏതാണ്ട് 860 കമ്പനികളുണ്ടായിരുന്നതില്‍ അവശേഷിക്കുന്നത് അന്‍പതോളം കമ്പനികളില്‍ മാത്രം. അവയാകട്ടെ നഷ്ടത്തിന്റെയും ജപ്തിയുടെയും അടച്ചുപൂട്ടലിന്റെയും വക്കിലാണിന്ന്. ഈ മേഖലയില്‍ ജോലിചെയ്തിരുന്ന 3.5 ലക്ഷത്തോളം തൊഴിലാളികള്‍ പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെട്ടു. കേരളത്തില്‍ വ്യവസായങ്ങള്‍ പൂട്ടിക്കുന്നതില്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിച്ചു. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായി. യുഡിഎഫിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടി തുടങ്ങിയ പിന്നീട് എല്‍ഡിഎഫ് ഏറ്റെടുത്ത ആഗോള വ്യവസായ സംഗമങ്ങള്‍ ധൂര്‍ത്തിന്റെയും കൊള്ളയുടെയും അരങ്ങായി എന്നല്ലാതെ ഇതൊന്നും വ്യവസായത്തെ സഹായിച്ചില്ല.

അടിയുടെ, ഇടിയുടെ, വെടിയുടെ മുന്‍പില്‍ തോല്‍ക്കില്ല എന്ന മുദ്രാവാക്യവുമായി ചെങ്കൊടി ഏന്തിയ തൊഴിലാളി പാര്‍ട്ടി ഓടിനടന്ന് തൊഴില്‍ശാലകള്‍ പൂട്ടിച്ചു. നോക്കുകൂലി ഉള്‍പ്പടെയുള്ള ഭീഷണികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരുകാലത്ത് കൃഷിയുടെയും വ്യവസായങ്ങളുടെയും ആത്മനിര്‍ഭര ഭൂമിയായിരുന്ന കേരളത്തില്‍ നിന്ന് 1960 കളോടെ വിദ്യാസമ്പന്നരും അല്ലാത്തവരുമായവര്‍ തൊഴില്‍ തേടി അന്യദേശങ്ങളിലേക്കു ചേക്കേറാന്‍ തുടങ്ങി.

വ്യവസായം തുടങ്ങിയവരും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും മുന്‍പോട്ട് പോകാനൊരു പാതതേടി അലയുമ്പോഴാണ് നരേന്ദ്ര മോദി 2014 ല്‍ പ്രധാനമന്ത്രിയാവുകയും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി കേരളത്തിന്റെ വ്യവസായലോകത്തിന് പ്രതീക്ഷയും ആവേശവും നല്‍കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലെ കേരളത്തിന് ഏറെ അനുയോജ്യമായ വോക്കല്‍ ഫോര്‍ ലോക്കല്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിലേറ്റി. പ്രാദേശിക വിഭവങ്ങള്‍, പ്രാദേശിക വിപണി, പ്രാദേശിക മാനവവിഭവശേഷി ഈ മൂന്ന് ഘടകങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രാദേശിക വികസനം എന്നതിന് ആശ്രയം സ്ത്രീകള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനുപേര്‍ കേന്ദ്രസര്‍ക്കാരിന്റെ ഉദ്യം രജിസ്‌ട്രേഷനിലൂടെ സംരംഭകരായി. ഇതു പ്രകാരം 166331 സംരംഭങ്ങള്‍, 783173 വനിതാ സംരംഭകര്‍ എന്നതാണ് 2025 സെപ്തംബറിലെ കണക്ക്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത ആശയങ്ങളും പദ്ധതികളും കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടോ? സംസ്ഥാന സര്‍ക്കാരും വ്യവസായ വകുപ്പും സംരംഭകര്‍ക്കു ക്രിയാത്മക പിന്തുണണ നല്‍കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം.

എംഎസ്എംഇ കേരളത്തിന്റെ സാധ്യതകള്‍

1. ടൂറിസം
വാട്ടര്‍ ടൂറിസം- 590 കിലോമീറ്റര്‍ നീളുന്ന കേരളത്തിന്റെ തീരദേശം അതിന്റെ അനന്തമായ ടൂറിസം സാധ്യതയില്‍ 50 ശതമാനം പോലും കേരളം വിനിയോഗിച്ചിട്ടില്ല. വാട്ടര്‍ ടൂറിസം, വാട്ടര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകള്‍ വളരണം.

മത്സ്യ ടൂറിസം ഗ്രാമങ്ങള്‍ -തീരദേശങ്ങളില്‍ മത്സ്യ ടൂറിസം ഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെടണം. തീരദേശത്തിന്റെയും തീരദേശ ജനതയുടെയും സുസ്ഥിര വികസനം സാധ്യമാക്കണം.
ഉള്‍നാടന്‍ ജല ടൂറിസം -നിരവധി കനാലുകളും കൈത്തോടുകളുംകൊണ്ട് സമ്പന്നമായ കേരളം കശ്മീര്‍ പോലെ നെതര്‍ലാന്‍ഡ്‌സ് പോലെ ഉള്‍നാടന്‍ ടൂറിസം വികസിപ്പിക്കണം.

ഹോംസ്റ്റേ ടൂറിസം – ഹോസ്റ്റേകള്‍ എംഎസ്എംഇ സെക്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാമനഗര ഭേദമന്യേ നമ്മുടെ നാടിന്റെ രീതിയും സംസ്‌കാരവും രുചികളും ആഭ്യന്തര ആഗോള ടൂറിസ്റ്റുകള്‍ക്കു പകര്‍ന്നു നല്‍കാന്‍ കഴിയും. താമസിക്കാന്‍ ആളില്ലാത ഒഴിഞ്ഞ മുറികള്‍ വര്‍ധിച്ചുവരുന്ന കേരളത്തില്‍ ഹോംസ്റ്റേ ടൂറിസം പ്രോത്സാഹിപ്പിക്കണം. ക്യൂബ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ നമുക്ക് ഇതില്‍ മാതൃകയാക്കാം.

അഗ്രി ടൂറിസം –
കൃഷിയിടങ്ങള്‍, കന്നുകാലി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവിടെ താമസിക്കാനും അവിടുത്തെ പ്രത്യേകതകളുടെ ഭാഗമാക്കാനും സൗകര്യം ഒരുക്കണം. ഉത്പന്നങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവ ലഭ്യമാകുന്ന ഔട്ട്‌ലെറ്റുകള്‍ തുടങ്ങുക, ലോകത്തിന് പ്രിയപ്പെട്ട നമ്മുടെ വയനാടന്‍ കാപ്പി, കാപ്പി പൂക്കുന്നത് മുതല്‍ കോഫി ടേബിളില്‍ എത്തുന്നതുവരെയുള്ള ഘട്ടങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് അനുഭവവേദ്യമാക്കുക, പലയിടങ്ങളിലും അഗ്രി ടൂറിസം ഗ്രാമീണ കാര്‍ഷിക മേഖലയ്‌ക്ക് ഉണര്‍വേകുന്നതാണ്.

2. ഫര്‍ണിച്ചര്‍ വ്യവസായം
തേക്കും, ഈട്ടിയും ഉള്‍പ്പടെയുള്ള ഗുണവും ഈടും ഉള്ള തടികള്‍കൊണ്ടു നിര്‍മ്മിച്ച കേരളത്തിലെ ഫര്‍ണിച്ചറുകള്‍ക്ക് ആഭ്യന്തര-വിദേശ വിപണിയില്‍ നല്ല ഡിമാന്റാനുള്ളത്. എന്നാല്‍ ഈ മേഖലയില്‍ സംരംഭകരായുള്ള തൊഴിലാളികള്‍, ഡിസൈനര്‍മാര്‍ എന്നിവരുടെ വലിയ കുറവ് മേഖലയ്‌ക്കു വന്‍ തിരിച്ചടിയാണെന്നാണ് ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഷാജഹാന്‍ കല്ലുപറമ്പില്‍ പറയുന്നത്. അഭിരുചിയും താല്പര്യവും ഉള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ അസോസിയേഷന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വെറും മരപ്പണിക്കാര്‍ എന്ന ലേബലില്‍ നിന്ന് ഡിസൈനര്‍ ആന്‍ഡ് സ്‌കില്‍ഡ് വര്‍ക്കര്‍ എന്ന ടാഗ് ചെറുപ്പക്കാരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കും.

3. സര്‍ക്കുലര്‍ ഇക്കോണമി –
റീയൂസ്, റീസൈക്കിള്‍, റിക്കവര്‍ ഇതാണ് സര്‍ക്കുലര്‍ ഇക്കോണമി. പ്ലാസ്റ്റിക്, ഇലക്‌ട്രോണിക് ഉല്‍പന്നങ്ങള്‍, ഓട്ടോമോബൈല്‍സ് എന്നീ മേഖലകളില്‍ സര്‍ക്കുലര്‍ ഇക്കോണമി കാര്യക്ഷമമാക്കിയാല്‍ പരിസ്ഥിതി സംരക്ഷണവും ധാരാളം തൊഴില്‍ അവസരങ്ങളും സാധ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ ഇപിആര്‍ (Extended Producer Responsibility)നിയമപ്രകാരം പെറ്റ് ബോട്ടിലുകള്‍ ഉള്‍പ്പടെയുള്ള പ്ലാസ്റ്റിക് കണ്ടെയ്‌നര്‍ നിര്‍മ്മാണത്തില്‍ ചേര്‍ക്കേണ്ട നിര്‍ദ്ദേശിക്കപ്പെട്ട അനുപാതം റീസൈക്കിള്‍ഡ് പ്ലാസ്റ്റിക് കേരളത്തില്‍ ലഭിക്കുന്നില്ലെന്ന് പ്ലാസ്റ്റിക് നിര്‍മാതാക്കള്‍ പറയുന്നു.

4. കാര്‍ഷിക വ്യവസായം –

കര്‍ഷകന് അവന്റെ കൃഷിഭൂമിയിലെ ഓലയില്‍ നിന്ന് ചൂല് ഉണ്ടാക്കുന്നതു മുതല്‍ പാഴായിപ്പോകുന്ന മുഴുവന്‍ ഉല്പന്നങ്ങളും മൂല്യവര്‍ധിത ഉല്പന്നങ്ങളായി വിപണിയില്‍ എത്തിക്കാനും വിറ്റഴിക്കാനും സാധിക്കണം. വീടിനോടു ചേര്‍ന്ന് ചെറിയ വ്യവസായ യൂണിറ്റുകള്‍ എം.എസ്.എം.ഇ. രജിസ്‌ട്രേഷനു കീഴില്‍ സാധിക്കും. കര്‍ഷകര്‍ ഇന്ന് സംരംഭകര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നപ്പോള്‍ അഭ്യസ്തവിദ്യരായ നിരവധി യുവാക്കള്‍ കൃഷി, കാര്‍ഷിക വ്യവസായത്തിലേക്കു കടന്നുവരുന്നു എന്നത് പ്രതീക്ഷാര്‍ഹമാണ്.

വെല്ലുവിളികള്‍ കേരളത്തില്‍:

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെയും, ഉദ്യം രജിസ്‌ട്രേഷന്റെയും ചിലവില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു നടക്കുന്ന സംസ്ഥാന വ്യവസായ വകുപ്പും സര്‍ക്കാരും സംരംഭകരുടെ പ്രശ്‌നങ്ങളോടും, ആവശ്യങ്ങളോടും മുഖം തിരിക്കുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. പലപ്പോഴും സംരംഭകരോട് ബാങ്കുകള്‍ സ്വീകരിക്കുന്ന നിരുത്സാഹപരമായ നിലപാട്, വിപണന പ്ലാറ്റ്‌ഫോമുകളുടെ അപര്യാപ്തത, അസംസ്‌കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം, വലിയ വിലകൊടുത്ത് സംഭരിക്കേണ്ട അവസ്ഥ എന്നിവ എംഎസ്എംഇകള്‍ സംസ്ഥാനത്ത് നേരിടുന്ന വെല്ലുവിളികളാണ്.

സംസ്ഥാനത്ത് റോ മെറ്റീരിയല്‍ ബാങ്ക്, കോമണ്‍ ടെക്‌നോളജി ഫെസിലിറ്റേഷന്‍ സെന്റര്‍, സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ബാങ്ക്, വോക്കല്‍ ഫോര്‍ ലോക്കല്‍ വിപണന കേന്ദ്രങ്ങള്‍ എന്നിവ ആവശ്യമാണ്. വ്യവസായ സൗഹൃദ ഭരണകൂടമാണ് നമുക്ക് വേണ്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ വികസന ആശയങ്ങളും പദ്ധതികളും ക്രിയാത്മകമായി നടപ്പാക്കിക്കൊണ്ട് കേരളം ഉപഭോക്തൃസംസ്ഥാനത്തില്‍ നിന്ന് ഉത്പാദകസംസ്ഥാനമായി ഉയരണം. 4.8 ലക്ഷം കോടി പൊതുകടം എന്ന നാണക്കേടില്‍നിന്ന്, ആശങ്കയില്‍നിന്ന് കേരളം രക്ഷ നേടണം. പുതിയ ജിഎസ്ടി നിരക്കുകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി കൂടുതല്‍ ഉത്പാദനവും കൂടുതല്‍ വിപണനവും സംസ്ഥാന സര്‍ക്കാര്‍ സാധ്യമാക്കണം. വികസിത ഭാരതത്തിനൊപ്പം വികസിത കേരളത്തിനായ് നമുക്ക് കൈകോര്‍ക്കോം,

(ബിജെപിയുടെ എംഎസ്എംഇ സെല്‍ സ്റ്റേറ്റ് കണ്‍വീനറാണ് ലേഖിക)

 

By admin