ന്യൂദല്‍ഹി : എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യത്തിലും ചലച്ചിത്ര മേഖലയിലും ആദരണീയ വ്യക്തിത്വമായിരുന്നു എംടിയെന്ന് മോദി പറഞ്ഞു.
എംടിയുടെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ എഴുത്തുകാരനായിരുന്നു എം ടിയെന്നും അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിക്ക് പുറമെ എംടിയുടെ വിയോഗത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അനുശോചനം രേഖപ്പെടുത്തി. എംടിയുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് രാഷ്‌ട്രപതി എക്സില്‍ കുറിച്ചു.
ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് എം.ടി. വാസുദേവൻ നായർ വിട പറഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു. എം.ടിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.