• Sat. Jan 24th, 2026

24×7 Live News

Apdin News

എംടിയുടെ മരണശേഷം എംടി-പ്രമീളനായര്‍ പോര് വീണ്ടും…പിന്നില്‍ ദീദി ദാമോദരന്‍, എതിര്‍ത്ത് എംടിയുടെ മകള്‍

Byadmin

Jan 24, 2026



കോഴിക്കോട്: എംടി വാസുദേവന്‍നായര്‍ എന്ന എഴുത്തുകാരന്‍ വിടവാങ്ങിയ ശേഷം വീണ്ടും ഒരു എംടി-പ്രമീള നായര്‍ പോരിന് കളമൊരുക്കി ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. “എംറ്റി സ്പേസസ് ബാഷ്പീകൃതയുടെ ആറാം വിരല്‍” എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് എച്ച് മിക്കുട്ടിയും ദീദി ദാമോദരനും ചേര്‍ന്നാണ്.  എംടിയുടെ സ്വകാര്യജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സ്ത്രീയായ പ്രമീളനായരെക്കുറിച്ചാണ് ഈ പുസ്തകം. പക്ഷെ എംടിയുടെ സ്വകാര്യജീവിതത്തിലെ പല വിവാദങ്ങളും ഈ പുസ്തകം വീണ്ടും ചര്‍ച്ചാവിഷയമാക്കുകയാണ്. പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും പുസ്തകം എഴുതുന്നിതിനു മുമ്പ് മക്കളോട് അഭിപ്രായം തേടിയില്ലെന്നും എംടിയുടെ മകള്‍ അശ്വതി പറഞ്ഞു.

എംടിയുടെ മകള്‍ അശ്വതി ഈ പുസ്തത്തിനെതിരെ ശക്തമായി രംഗത്ത് വന്നതോടെ വലിയ വാഗ്വാദങ്ങള്‍ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. ഈ പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മക്കളായ അശ്വതിയും സിതാരയും രംഗത്ത് വന്നതിന് പിന്നാലെ ഇതിനെ എതിര്‍ത്ത് ദീദി ദാമോദരനും രംഗത്ത് വന്നതോടെ വിവാദം ശക്തമായിരിക്കുകയാണ്. എംടിയുടെയും പ്രമീളനായരുടെയും മകളാണ് സിതാര. എം ടിയുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും പിന്നീട് ജീവിതസഖിയായി മാറുകയും ചെയ്ത പ്രമീളാ നായരുടെ ജീവിതമാണ് വിശദമായി പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

പുസ്തകം വായിക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും പുസ്തകം എംടിയെ കുറിച്ചല്ലാത്തതിനാൽ അനുവാദം വാങ്ങേണ്ടതില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു.ആരേയും അവഹേളിക്കുന്ന കാര്യങ്ങള്‍ പുസ്തകത്തിലില്ല. ഏതു ഭാഗമാണ് മക്കളെ വേദനിപ്പിച്ചതെന്ന് പറഞ്ഞാല്‍ പരിശോധിക്കാമെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

“പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം. എംടിയെ കുറിച്ചല്ല. സിതാരയും അശ്വതിയും ജനിക്കുന്നതിന് മുമ്പുള്ള കാലഘട്ടമാണ് പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. പുസ്തകത്തിൽ തെറ്റായി എന്താണുള്ളതെന്ന് പറയുന്നവര്‍ വ്യക്തമാക്കി തരണം. പ്രമീള നായര്‍ എന്ന പേര് അവര്‍ക്കെന്നും പ്രശ്നമാണ്. എംടിയുടെ പല ചിത്രങ്ങളിലും പ്രമീള നായരെ പോലുള്ള സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്”. – ദീദി ദാമോദരൻ പറയുന്നു.

പ്രമീളാ നായരുടെ ജീവിതമെന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം ഭാഗങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് എം ടിയുടെ മക്കളായ സിതാരയും അശ്വതിയും സാമൂഹിക മാധ്യമത്തില്‍ പങ്കു വെച്ച സംയുക്തപ്രസ്താവനയില്‍ പറയുന്നത്. പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യരുതെന്നും അശ്വതിയുടെയും സിതാരയുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. “ഈ പുസ്തകത്തില്‍ എഴുതപ്പെട്ടകാര്യങ്ങള്‍ അര്‍ദ്ധസത്യങ്ങളും വളച്ചൊടിക്കലുമാണ്. കുടുംബത്തെ തേജോവധം ചെയ്ത് അതു വഴി ആര്‍ജ്ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വില്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. മക്കളായ തങ്ങള്‍ക്ക് ഏറെ വിഷമമുണ്ടാക്കുന്ന കാര്യങ്ങളാണ് പുസ്തകത്തിലുള്ളത്. “- മകള്‍ അശ്വതി കൂട്ടിച്ചേര്‍ക്കുന്നു.

By admin