തിരുവനന്തപുരം: എംടെക് പാസാകാത്ത എസ്എഫ്‌ഐ നേതാവിനെ സാങ്കേതിക സര്‍വ്വകലാശാലയില്‍ പ്രവേശന പരീക്ഷ എഴുതിച്ച് പിഎച്ച്ഡിക്ക് പ്രവേശനം നല്‍കി. സാങ്കേതിക സര്‍വ്വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും എസ്എഫ്‌ഐ നേതാവുമായിരുന്ന ആഷിഖ് ഇബ്രാഹിംകുട്ടിക്കുവേണ്ടി പ്രത്യേക ഉത്തരവിറക്കിയത് മുന്‍ വിസി ഡോ.സജി ഗോപിനാഥ്.
എംടെക് പ്രൊഡക്ഷന്‍ എഞ്ചിനീയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ പാസാകാത്ത ആഷിഖിന് തൃശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഗവേഷണത്തിന് പ്രവേശനം നല്‍കുകയായിരുന്നു. പ്രവേശന പരീക്ഷ എഴുതാന്‍ സര്‍വകലാശാലയില്‍ നിന്ന് പ്രത്യേക അനുമതി നേടിയത് സിന്‍ഡിക്കേറ്റ് അംഗമെന്ന സ്വാധീനം ഉപയോഗിച്ചും.
സാങ്കേതിക സര്‍വകലാശാല ചട്ടം അനുസരിച്ച് എല്ലാസെമസ്റ്ററും പാസ്സായഅവസാന സെമസ്റ്റര്‍ പരീക്ഷ എഴുതി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്പിഎച്ച്ഡി പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാനാകുന്നത്. 2024 ജൂലൈയില്‍ ആണ് അവസാന സെമസ്റ്ററിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 2024 ആഗസ്തിലായിരുന്നു പ്രവേശനപരീക്ഷ. എന്നാല്‍ ആഷിഖ് പ്രവേശനപരീക്ഷ എഴുതിക്കഴിഞ്ഞ ശേഷവും ഒന്നാം സെമസ്റ്ററില്‍ മതിയായ ഹാജരില്ലാത്തതിനാല്‍ വീണ്ടും കോളജില്‍ പഠനം തുടരുകയായിരുന്നു.
സര്‍വ്വകലാശാലയിലെ ഡോക്ടറല്‍ കമ്മറ്റികൂടുന്നതിനു മുമ്പ് മുഴുവന്‍ മാര്‍ക്‌ലിസ്റ്റുകളും പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രവേശനപരീക്ഷസമയത്തും പ്രവേശനം നേടുമ്പോഴും ആഷിഖ് എംടെക് പാസ്സായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. മാത്രമല്ല പ്രവേശന പരീക്ഷക്ക് അനുമതിനല്‍കിയത് തന്നെ ചട്ടവിരുദ്ധമായാണെന്നും കണ്ടെത്തി. എന്നാല്‍ ഐഎച്ച്ആര്‍ഡിയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ സര്‍വകലാശാലയിലെത്തിയ റിസര്‍ച്ച് ഡീനിനിനെ ആഷിഖ് ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെ സിപിഎം ഇടപെട്ട് റിസര്‍ച്ച് ഡീനിനെ ഐഎച്ച്ആര്‍ഡിയിലേക്ക് മടക്കി.
ഇതിനിടെ ആഷിഖിന്റെ നിയമനം സംബന്ധിച്ച് വിസിക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. തുടര്‍ന്ന് ആഷിഖിന്റെ പ്രവേശനം സംബന്ധിച്ച് വിവിരങ്ങള്‍ ആരാഞ്ഞ് വിസി ഡോ.കെ. ശിവപ്രസാദ് തൃശൂര്‍ കോളജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കി. കൂടാതെ ആഷിഖിനും മാര്‍ക് ലിസ്റ്റ് ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തന്റെ പിഎച്ച്ഡി പ്രവേശനം തടയുന്നു എന്ന് ചൂണ്ടിക്കാണിച്ച് ആഷിഖ് തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.