
കൊച്ചി: എം.ഡി.എം.എയുമായി അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന ടാന്‍സാനിയന്‍ ജഡ്ജിയുടെ മകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പഞ്ചാബ് ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ ഡേവിഡ് എന്‍ടെമി കിലെകമജെങ്കയ്‌ക്കാണ് അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്ന ഉപാധിയോടെ ജാമ്യം ലഭിച്ചത്. ഡേവിഡിന്‌റെ പിതാവ് എന്‍ടെമി എന്‍ കിലെകമജെങ്ക ടാന്‍സാനിയന്‍ ഹൈക്കോടതി ജഡ്ജിയാണ്. ഡേവിഡിനെയും സഹപാഠി അറ്റ്ക ഹരുണ്‍ മ്യോംഗയെയും 221.89 ഗ്രാം എം.ഡി.എം.എയുമായാണ് മാസങ്ങള്‍ക്കു മുന്‍പ് പോലീസ് അറസ്റ്റു ചെയ്തത്.
അറസ്റ്റ് ചെയ്തപ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് ജാമ്യം അനുവദിച്ചത്. അറസ്റ്റിന്റെ കാരണം സംഭവ സമയത്തോ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോഴോ പ്രതികളെ അറിയിച്ചില്ല. മറ്റ് തെളിവുകളുടെ അഭാവമുണ്ടെന്നും കോടതി പറഞ്ഞു.
മൂന്ന് മാസത്തോളമായി പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു.