എം.ഡി. രാമനാഥന്‍ എന്ന പേര്‍ കേള്‍ക്കുമ്പോഴേ ആഴം ഗണിക്കാന്‍ ബുദ്ധിമുട്ടായ ഗംഭീര സാഗരവും അതിന്റെ അലയടികളുടെ ഗഹനമായ ശ്രുതിലയവുമാണ് മനസ്സില്‍ ഓടിയെത്തുക. അതേ…സംഗീതമാകുന്ന സാഗരത്തില്‍ മുങ്ങി അനശ്വര, അനവദ്യ, അനുപമങ്ങളായ അനേകം രത്‌നങ്ങള്‍ കര്‍ണ്ണാടക സംഗീതത്തിന് സമര്‍പ്പിച്ച പ്രതിഭാരാജനായിരുന്നു മഞ്ഞപ്ര ദേവേശന്‍ രാമനാഥന്‍ എന്ന എം.ഡി. രാമനാഥന്‍.
മനസ്സിലും സംഗീതത്തിലും ഇത്രയേറെ മലയാളിത്തനിമ കുടിയിരുത്തിയ കര്‍ണാടക സംഗീതജ്ഞര്‍ വളരെ കുറവാണ്. ചെമ്പൈ തുടങ്ങി വച്ച കേരള ബ്രാന്‍ഡ് പിന്നീട് സമര്‍ത്ഥമായി കൈയാളിയ കര്‍ണാടക സംഗീതജ്ഞന്‍ രാമനാഥന്‍ ആയിരിക്കാം. കേരളത്തിലെ സംഗീത കലാലയങ്ങള്‍ക്ക് ശക്തവും വേരോട്ടമുള്ളതുമായ കേരള ബ്രാന്‍ഡ് കര്‍ണാടക സംഗീത ബാണി വികസിപ്പിച്ചെടുക്കാന്‍ കഴിയാതിരുന്നതിന് സംഗീതബാഹ്യമായ ഘടകങ്ങളും കാരണമായിരുന്നിരിക്കാം.
എം.ഡി.ആര്‍ എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധനായ മഞ്ഞപ്ര ദേവേശ ഭാഗവതര്‍ രാമനാഥന്‍, പാലക്കാട് ജില്ലയിലെ പച്ചപ്പാര്‍ന്ന മഞ്ഞപ്ര ഗ്രാമത്തിലാണ് ദേവേശ ഭാഗവതരുടെയും സീതാലക്ഷ്മിയമ്മാളുടെയും മകനായി 1923 മെയ് 20-ന് ജനിച്ചത്. ദേവേശ ഭാഗവതരാകട്ടെ കര്‍ണാടക സംഗീതത്തിന്റെ താത്ത്വികവും ശാസ്ത്രീയവുമായ കാര്യങ്ങളെ കുറിച്ച് അനിതര സാധാരണമായ അവഗാഹമുള്ള ആളും ഗായകനുമായിരുന്നു. അനുലോമവിലോമ ഗോപുഛ കണക്കുകള്‍, വ്യത്യസ്ത ജതികളില്‍ ചെയ്യുന്നത് ദേവേശ ഭാഗവതരുടെ ഒഴിവു സമയ വിനോദമായിരുന്നുവത്രേ.
ഔപചാരികമായ അടിസ്ഥാന വിദ്യാഭ്യാസപ്രക്രിയ പൂര്‍ത്തിയാക്കുന്ന പ്രഥമ കര്‍ണ്ണാടക സംഗീത വിദ്വാന്‍മാരുടെ ആദ്യ തലമുറയില്‍പെട്ട ആളാകണം എം.ഡി. രാമനാഥന്‍.
പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം സംഗീതത്തില്‍ ഉപരിപഠനം നടത്താന്‍ മദ്രാസില്‍(ചെന്നൈ) എത്തുകയും പ്രസിദ്ധമായ അടയാര്‍ കലാക്ഷേത്രത്തില്‍ അതിപ്രശസ്തനായ ടൈഗര്‍ വരദാചാരിയുടെ പ്രേഷ്ഠ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ ബന്ധം 1950-ല്‍ ടൈഗര്‍ അന്തരിക്കും വരെ തുടര്‍ന്നു.
ഏകദേശം ഇതേ കാലയളവില്‍ കലാക്ഷേത്രത്തില്‍ മലയാള-സംസ്‌കൃതം അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പ്രമുഖ മലയാള പണ്ഡിതനും സാഹിത്യകാരനും അദ്ധ്യാപകനുമായ ഡോ. എസ്.കെ. നായര്‍ ആത്മകഥാപരമായ ‘മറക്കാത്ത കഥകള്‍’ എന്ന തന്റെ ലേഖന സമാഹാരത്തില്‍ ലാളിത്യം വഴിഞ്ഞൊഴുകുന്ന, സദാ സന്തോഷവാനായ എം.ഡി.ആറിന്റെ ആര്‍ജ്ജവമുള്ള ഒരു ചിത്രം വരച്ചു ചേര്‍ത്തിട്ടുണ്ട്. ടൈഗറുമായുള്ള അദ്ദേഹത്തിന്റെ അടുത്ത അനൗപചാരിക ബന്ധം തന്റെ സ്വന്തം ‘ടൈഗര്‍ പേടി’യ്‌ക്ക് ശാശ്വതമായ ഉപശാന്തിയായതും എസ്.കെ. രസകരമായി ഓര്‍ത്തെടുത്തിട്ടുണ്ട്.
ഗുരുവിനെപ്പോലെ അതിവിളംബിതമായ ആലാപന ശൈലി പിന്തുടര്‍ന്ന എം.ഡി.ആര്‍ രാഗങ്ങളുടെ ഭാവതീവ്രത ഒട്ടുംതന്നെ ചോര്‍ന്നുപോകാതെ ആസ്വാദകര്‍ക്ക് അനുഭവേദ്യമാക്കി. ശഹാന, ശ്രീ, ആനന്ദഭൈരവി, രീതിഗൗള, യദുകുല കാംബോജി, ഹംസധ്വനി, ബേഗഡ തുടങ്ങി ചില രാഗങ്ങളുടെ അനവദ്യസുന്ദരങ്ങളായ അനവധി ആലാപനങ്ങള്‍ എം.ഡി.ആറിനെ അക്ഷരാര്‍ത്ഥത്തില്‍ അനശ്വരമാക്കുന്നു.
ഉച്ചാരണ ശുദ്ധി പരിപാലിക്കുന്ന കാര്യത്തിലും അതിന്റെ തുടര്‍ച്ചയെന്നോണം അര്‍ത്ഥമറിഞ്ഞു പാടുന്നതിലും എം.ഡി. രാമനാഥന്‍ രൂപപ്പെടുത്തിയ രീതിശാസ്ത്രം ഇന്നും ഏറെ പ്രസക്തമായി തുടരുന്നു. സ്വാതി തിരുനാളിന്റെ ‘ഭാവയാമി രഘുരാമം’ എന്ന രാമയണ രാഗമാലിക എം.ഡി.ആര്‍ അര്‍ത്ഥമറിഞ്ഞ് പാടുമ്പോള്‍ രാഗഭംഗിയോടൊപ്പം തന്നെ സാഹിത്യഭംഗിയും പദച്ചേര്‍ച്ചയും സുതരാം വ്യക്തമാകുന്നത് ആ സംഗീതത്തിന്റെ മാറ്റേറ്റുന്നു എന്നതില്‍ സംശയമില്ല.
എം.ഡി.ആര്‍ രചിച്ച പല കൃതികളും കച്ചേരികളില്‍ ഏറെ ജനപ്രിയമായിട്ടുണ്ട്. ‘ഹരിയും ഹരനും ഒണ്‍ട്രേ’ എന്ന അഠാണ രാഗ കൃതി ലളിതമായ തമിഴില്‍ എഴുതപ്പെട്ട ശൈവ-വൈഷ്ണവ ഐക്യം സംബന്ധിച്ച കൃതി വളരെ പ്രശസ്തമാണ്. ഹിന്ദുസ്താനി ഛായയുള്ള ബാഗേശ്രീ രാഗത്തിലുള്ള ‘സാഗര ശയന വിഭോ’യും ഏറെ കേള്‍വിസുഖം നിറഞ്ഞതു തന്നെ.
എം.ഡി.ആറിനു 1974-ല്‍ പദ്മശ്രീ പുരസ്‌ക്കാരവും 1975-ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു. 1983-84 ലെ സംഗീതകലാനിധി പുരസ്‌ക്കാരത്തിനു എം.ഡി.ആര്‍ പരിഗണിയ്‌ക്കപ്പെട്ടെങ്കിലും, അതിനിടയില്‍ തന്നെ മരണമടഞ്ഞതിനാല്‍ അദ്ദേഹം സമ്മാനിതനായില്ല.
ലാല്‍ഗുഡിയും പഴനിയും പക്കമേളം ഒരുക്കിയ ഒരു എം.ഡി.ആര്‍ കച്ചേരി ഓണ്‍ലൈനില്‍ ഏറെ ജനപ്രിയത ആര്‍ജ്ജിച്ചിട്ടുണ്ട്. മൂന്നു കലാകാരന്‍മാരും തമ്മിലുള്ള സംഗീതപരമായ കൈമാറ്റങ്ങള്‍ ആലാപനത്തിന്റെ ഗുണമേന്‍മ വാനോളമുയര്‍ത്തുന്നതിന് ഏറ്റവും മികച്ച ഉദാഹരണമായി തുടരുന്നു. ഈ കച്ചേരിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബേഗഡ ‘സീതാപതേ’ അളവൊപ്പിച്ച രാഗവിസ്താരത്തിനും അര്‍ത്ഥമറിഞ്ഞുള്ള നിരവലുകള്‍ക്കും ലളിതമായ കണക്കുകളുടെ ലാവണ്യം വെളിവാക്കുന്ന സ്വരപ്രസ്താരത്തിനും ഒരു പാഠപുസ്തകമായി ഇന്നും തുടരുന്നു.