കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന് പയ്യന്നൂരിലെ ജ്യോത്സ്യന്‍ മാധവ പൊതുവാള്‍. എം.വി. ഗോവിന്ദനുമായി വര്‍ഷങ്ങളായുള്ള ബന്ധമണ്ടെന്നും തന്റെ അസുഖ വിവരമറിഞ്ഞാണ് അദ്ദേഹം കുടുംബ സമേതം എത്തിയതെന്നും മാധവ പൊതുവാള്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
മുഹൂര്‍ത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദന് വേണ്ടി നോക്കിയിട്ടില്ല. സ്‌നേഹ ബന്ധങ്ങളില്‍ ജ്യോതിഷം കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എംവി ഗോവിന്ദന്‍ വന്ന് ജാതകം നോക്കി എന്ന പ്രചാരണം ശരിയല്ല.കേന്ദ്ര മന്ത്രി അമിത് ഷാ ,അദാനി എന്നിവര്‍ തന്നെ കാണാന്‍ വന്നിട്ടുണ്ട്. അമിത്ഷാ ജ്യോത്സ്യം നോക്കിയിരുന്നു. സി പി എമ്മിനുളളിലെ പ്രശ്‌നങ്ങള്‍ കൊണ്ടാകാം ഇപ്പോള്‍ വിവാദമുണ്ടാകാന്‍ കാരണമെന്നും മാധവ പൊതുവാള്‍ അഭിപ്രായപ്പെട്ടു.
ചില നേതാക്കള്‍ ജ്യോത്സ്യനെ കാണുന്നുവെന്ന വിമര്‍ശനം സി.പി.എം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ വിമര്‍ശനം ഉണ്ടായെന്ന റിപ്പോര്‍ട്ട് എം.വി.ഗോവിന്ദന്‍ തളളി.കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പി ജയരാജനും ജ്യോതിഷ വിഷയം സംസ്ഥാനത്തെ സമിതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞത്.
ജ്യോതിഷികളുടെ വീട്ടില്‍ പോയാല്‍ എന്താണ് കുഴപ്പമെന്ന് എ.കെ. ബാലനും ചോദിച്ചിരുന്നു. താനുള്‍പ്പെടയുള്ള നേതാക്കള്‍ക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല അവിടെ പോകുന്നത്. സി.പി.എം അല്ല കോണ്‍ഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും എ.കെ. ബാലന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പയ്യന്നൂരിലെ പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ മാധവ പൊതുവാളിനെ കാണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതാണ് പാര്‍ട്ടി സംസ്ഥാന സമിതിയിലെ വിമര്‍ശനത്തിന് പ്രേരണയായതെന്നാണ് വാര്‍ത്ത വന്നത്.