• Mon. Oct 5th, 2026

24×7 Live News

Apdin News

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Byadmin

Oct 5, 2026



സാങ്കേതികവിദ്യ എന്നത് സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്ന ഒരു ഘടകം മാത്രമായിരുന്ന കാലം കഴിഞ്ഞു. ഇന്നു ഭാരതത്തിന്റെ മറ്റെല്ലാ പുരോഗതികള്‍ക്കും അടിത്തറയാകുന്ന പ്രധാന ശക്തിയാണത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സെമികണ്ടക്ടര്‍, നിര്‍മിതബുദ്ധി എന്നീ മേഖലകളില്‍ നാം കൈക്കൊള്ളുന്ന തീരുമാനങ്ങളായിരിക്കും ഈ നൂറ്റാണ്ടിലെ ആഗോള സമ്പദ്വ്യവസ്ഥയില്‍ ഭാരതം ഒരു പ്രധാന ശക്തിയായി മാറുമോ അതോ വെറും കാഴ്ചക്കാരായി ശേഷിക്കുമോ എന്ന് നിര്‍ണ്ണയിക്കുന്നത്.

ചരിത്രത്തിലെ ഓരോ കാലഘട്ടത്തിലും വികസനത്തിന്റെ പ്രധാന പ്രേരകശക്തിയെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നിട്ടുണ്ട്. പണ്ട് അത് ഭൂമി, അധ്വാനം, മൂലധനം, പ്രകൃതിവിഭവങ്ങള്‍ എന്നിവയായിരുന്നു. വ്യാവസായിക വിപ്ലവം യന്ത്രങ്ങളെയും ഊര്‍ജ്ജത്തെയും അതിലേക്ക് കൂട്ടിച്ചേര്‍ത്തു. ഇരുപതാം നൂറ്റാണ്ടില്‍ സാമ്പത്തിക സംവിധാനങ്ങളും സ്ഥാപനങ്ങളും അതിന്റെ ഭാഗമായി.

എന്നാല്‍ ഇന്ന് സംഭവിക്കുന്നത് ഒരു സാധാരണ മാറ്റമല്ല; മനുഷ്യചരിത്രത്തിലെ വലിയൊരു കുതിച്ചുചാട്ടമാണ്. സാങ്കേതികവിദ്യ സാമ്പത്തിക വളര്‍ച്ചയുടെ ഒരനുബന്ധ ഉപാ
ധി എന്ന നിലയില്‍ നിന്ന് അതിന്റെ അടിസ്ഥാനശിലയായി മാറിയിരിക്കുന്നു.

എ.ഐയും സെമികണ്ടക്ടറുകളും ഇനി സമ്പദ്വ്യവസ്ഥയെ സഹായിക്കുന്ന ഉപകരണങ്ങള്‍ മാത്രമല്ല; അവ സമ്പദ്വ്യവസ്ഥയെത്തന്നെ രൂപപ്പെടുത്തുന്ന ശക്തികളാണ്. കാര്യക്ഷമമായ പ്രവര്‍ത്തന സംവിധാനങ്ങളില്ലാത്ത ഒരു ഫാക്ടറിയുടെ ഉല്‍പ്പാദനക്ഷമത കുറയുന്നതുപോലെ, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത സാമ്പത്തിക സംവിധാനത്തിന്റെ കരുത്തും കുറയും. എ.ഐ ശേഷിയില്ലാത്ത ഒരു പ്രതിരോധ സംവിധാനത്തിന് ഭാവിയില്‍ പിടിച്ചുനില്‍ക്കുക അസാധ്യമാണ്. ഭാവിയിലെ തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും രാജ്യങ്ങള്‍ തമ്മിലുള്ള മത്സരവും എ.ഐയെയും ചിപ്പ് നിര്‍മ്മാണത്തെയും ആശ്രയിച്ചായിരിക്കും നിലനില്‍ക്കുക.

ആഗോള മാതൃകകളും ഭൗമരാഷ്‌ട്രീയവും പ്രകൃതിവിഭവങ്ങളില്ലാത്ത ചെറിയൊരു ദ്വീപായ തായ്വാന്‍ ഇന്ന് ലോക സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകസ്ഥാനം നേടിയത് സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിലെ മികവുകൊണ്ടാണ്. എ.ഐ ചിപ്പ് വിപ്ലവത്തില്‍ മുന്നിലെത്തിയ സാംസങ്, എസ്.കെ. ഹൈനിക്‌സ് എന്നീ കമ്പനികളുടെ കരുത്തില്‍ ദക്ഷിണ കൊറിയന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് (KOSPI) സൂചിക 2025-ല്‍ 72% ഉയര്‍ന്നു; ഇത് കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ അവരുടെ ഏറ്റവും മികച്ച നേട്ടമാണ്.

ജപ്പാന്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ സെമികണ്ടക്ടര്‍, എ.ഐ മേഖലകളിലേക്കുള്ള ബജറ്റ് വിഹിതം നാലിരട്ടിയോളം വര്‍ദ്ധിപ്പിച്ച് 1.23 ട്രില്യണ്‍ യെനിലെത്തിച്ചു. 2015 മുതല്‍ സെമികണ്ടക്ടര്‍ രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനായി ചൈന കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിക്കുന്നത്. ‘ചിപ്‌സ് ആക്ട്’നടപ്പിലാക്കിയ അമേരിക്ക 53 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള സബ്സിഡി വഴി 450 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ നിക്ഷേപം ഉറപ്പാക്കി. സാങ്കേതിക പരമാധികാരമാണ് സാമ്പത്തിക പരമാധികാരം എന്ന സത്യം ഈ രാജ്യങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഇതിനൊപ്പം ഇലക്ട്രോണിക്സ് രംഗത്ത് ഭാരതത്തിന്റെ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യത്തിലൂന്നിയുള്ള വളര്‍ച്ചയും ശ്രദ്ധേയമാണ്. മുന്‍പ് പൂജ്യത്തില്‍ നിന്നിരുന്ന സ്ഥാനത്തുനിന്ന് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 51 ബില്യണ്‍ ഡോളറിന്റെ ഐഫോണ്‍ കയറ്റുമതിയിലേക്ക് ഭാരതം എത്തി. 2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം (2026 ഏപ്രില്‍ – ആഗസ്ത്) 13.2 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്നു; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 47% വര്‍ദ്ധനവാണിത്.

റ്റാറ്റയുടെയും ഫോക്സ്‌കോണിന്റെയും അഞ്ച് അസംബ്ലി പ്ലാന്റുകളിലൂടെ ആഗോള ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 25% മുതല്‍ 28% വരെ ഇന്ന് ഭാരതത്തിലാണ് നടക്കുന്നത്. 2026 അവസാനത്തോടെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഐഫോണുകളും ഭാരതത്തില്‍ നിര്‍മ്മിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ശ്രദ്ധേയമായ വ്യവസായ നയ വിജയങ്ങളില ഒന്നാണ് ഇലക്ട്രോണിക്‌സ് രംഗത്തെ ഈ മാറ്റം.

ഭാരതത്തിന്റെ അവസരങ്ങളും വെല്ലുവിളികളും

സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍ ദീര്‍ഘകാല നേട്ടം കൈവരിക്കാന്‍ ആവശ്യമായ മൂന്ന് പ്രധാന ഘടകങ്ങളില്‍ രണ്ടെണ്ണം ഭാരതത്തിനുണ്ട്: 1, ജനസംഖ്യാപരമായ വലുപ്പം. 2,ബൗദ്ധിക മൂലധനം

ഭാരതത്തിലെ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും ആഗോള സാങ്കേതികവിദ്യയുടെ മുന്‍നിരയിലുണ്ട്. ലോകത്തെ പ്രമുഖ എ.ഐ, സെമികണ്ടക്ടര്‍ കമ്പനികളെ നയിക്കുന്നവരിലും ഗവേഷണം നടത്തുന്നവരിലും ധാരാളം ഭാരതീയരുണ്ട്.

എന്നാല്‍ ചരിത്രപരമായി ഭാരതം ഏറ്റവും കുറഞ്ഞ നിക്ഷേപം നടത്തിയിട്ടുള്ളത് മൂന്നാമത്തെ ഘടകത്തിലാണ്-സാങ്കേതിക പരമാധികാരം. സ്വന്തം മണ്ണില്‍, രാജ്യത്തിന്റെ തന്ത്രപരവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ക്കായി നിര്‍ണായക സാങ്കേതികവിദ്യകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും ഉപയോഗിക്കാനുമുള്ള ശേഷിയെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇവിടെ മറ്റൊരു വെല്ലുവിളി കൂടിയുണ്ട്: സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങള്‍ അത് ഇല്ലാത്ത രാജ്യങ്ങള്‍ക്കെതിരെ അതൊരു ആയുധമായി ഉപയോഗിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. ചില എ.ഐ മോഡലുകളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താനുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ സമീപകാല നീക്കങ്ങള്‍ ഇതിന് വ്യക്തമായ സൂചനയാണ്. സ്വന്തമായി എ.ഐ, ചിപ്പ് നിര്‍മ്മാണ ശേഷി വികസിപ്പിച്ചില്ലെങ്കില്‍ ഭാരതം വലിയ സാങ്കേതിക പാര്‍ശ്വവല്‍ക്കരണത്തിന് ഇരയാകാം.

ഐ.എസ്.എം 1.0-ല്‍ നിന്ന് 2.0-ലേക്ക്: ഒരു നയപരമായ മാറ്റം

‘ഇന്ത്യാ സെമികണ്ടക്ടര്‍ മിഷന്‍’ (ഐ.എസ്.എം), ‘ഇന്ത്യാ എ.ഐ മിഷന്‍’,”ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്’ സ്‌കീം, ‘ചിപ്‌സ് ടു സ്റ്റാര്‍ട്ടപ്പ്’ പ്രോഗ്രാം എന്നിവ ശരിയായ ആദ്യ ചുവടുവയ്‌പ്പുകളാണ്. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണവും രാഷ്‌ട്രീയ ഇച്ഛാശക്തിയുമാണ് ഉദ്യോഗസ്ഥ തലത്തിലെ തടസ്സങ്ങള്‍ മറികടന്ന് ഇവ യാഥാര്‍ത്ഥ്യമാക്കിയത്.

എന്നാല്‍ ആദ്യ ചുവടുകള്‍ ലക്ഷ്യസ്ഥാനമല്ല. ‘സെമികോണ്‍ ഇന്ത്യ 2026’-ല്‍ പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച്, ഐ.എസ്.എം 1.0 പ്രകാരം 1.64 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനത്തോടെ 12 സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ക്ക് അംഗീകാരം നല്‍കി. ഇതില്‍ 5 എണ്ണം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം തുടങ്ങി. തുടര്‍ന്ന് 1.275 ലക്ഷം കോടി രൂപ വകയിരുത്തി ഐ.എസ്.എം 2.0 പ്രഖ്യാപിച്ചു.

എന്നാല്‍ ഇതിലൊരു ഘടനാപരമായ പ്രശ്‌നമുണ്ട്. അംഗീകാരം ലഭിച്ച 12 യൂണിറ്റുകളില്‍ 9 എണ്ണവും അസംബ്ലി, ടെസ്റ്റിംഗ്, പാക്കേജിംഗ് സൗകര്യങ്ങളാണ്. അതായത്, അംഗീകരിച്ച പദ്ധതികളില്‍ 75 ശതമാനവും മൂല്യശൃംഖലയിലെ ഏറ്റവും കുറഞ്ഞ ലാഭവിഹിതമുള്ളതും (ഏകദേശം 6%), സാങ്കേതികമായി പഴക്കമുള്ളതുമായ വിഭാഗത്തിലാണ്.

ഇലക്ട്രോണിക്സ് അസംബ്ലിയും സെമികണ്ടക്ടര്‍ നിര്‍മ്മാണവും രണ്ടും രണ്ടാണ്. നിലവിലുള്ള ഉല്‍പ്പന്നം മറ്റൊരിടത്തേക്ക് മാറ്റി അസംബിള്‍ ചെയ്യുന്ന ലളിതമായ മാതൃകയാണ് ഐഫോണ്‍ നിര്‍മ്മാണത്തില്‍ വിജയിച്ചത്. എന്നാല്‍ സെമികണ്ടക്ടറുകള്‍ സാങ്കേതികവിദ്യയിലെ നിര്‍മ്മാണ വിപ്ലവത്തിലൂടെയാണ് കടന്നുപോകുന്നത്. എന്‍വിഡിയയുടെ ഡാറ്റാ സെന്റര്‍ വരുമാനം 2021-ലെ 3 ബില്യണ്‍ ഡോളറില്‍ നിന്ന് 2024-ല്‍ 47 ബില്യണ്‍ ഡോളറായി ഉയര്‍ന്നത് (15 മടങ്ങ് വളര്‍ച്ച) ഇതിന് തെളിവാണ്.

പാക്കേജിംഗിലെ 6% ലാഭവിഹിതമാണോ, അതോ സ്വന്തമായി ബൗദ്ധിക സ്വത്തവകാശമുള്ള ചിപ്പ് ഡിസൈനിംഗിലൂടെ ലഭിക്കുന്ന 50-70% ലാഭവിഹിതമാണോ ഭാരതത്തിന് വേണ്ടതെന്ന് നാം തീരുമാനിക്കണം.

ഭാവിയിലേക്കുള്ള തന്ത്രപരമായ ആവശ്യങ്ങള്‍ ദേശീയ സെമികണ്ടക്ടര്‍

ബെല്‍ജിയത്തിലെ ഇന്റര്‍യൂണിവേഴ്‌സിറ്റി മൈക്രോഇലക്ട്രോണിക്സ് സെന്റര്‍ (ഐ മെക്), തായ്വാനിലെ തായ്വാന്‍ സെമികണ്ടക്ടര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയുടെ നിലവാരത്തിലുള്ള സമ്പൂര്‍ണ്ണ ദേശീയ സെമികണ്ടക്ടര്‍ ഗവേഷണ സ്ഥാപനം ഭാരതത്തിന് അത്യാവശ്യമാണ്. സര്‍ക്കാരും സ്വകാര്യ മേഖലയും സംയുക്തമായി ഇതില്‍ നിക്ഷേപം നടത്തണം.

എ.ഐ ഇന്‍ഫറന്‍സ് ചിപ്പുകളില്‍ ശ്രദ്ധ

എ.ഐ മോഡലുകള്‍ പരിശീലിപ്പിക്കുന്ന വിപണി, എന്‍വിഡിയ പോലെയുള്ള വന്‍കിട കമ്പനികളുടെ കൈകളിലാണ്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കാനും ഉപകരണങ്ങളില്‍ എ.ഐ പ്രവര്‍ത്തിപ്പിക്കാനും ആവശ്യമായ ‘എ.ഐ ഇന്‍ഫറന്‍സ് ചിപ്പുകളുടെ’ വിപണി ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഇത്തരം ആവശ്യാധിഷ്ഠിത ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ പ്രാപ്തിയുള്ള 1,25,000-ല്‍ അധികം ഡിസൈന്‍ എഞ്ചിനീയര്‍മാര്‍ ഇന്ത്യയിലുണ്ട്.

വാണിജ്യവല്‍ക്കരണ ഫണ്ട്

ഐ.എസ്.എം 2.0 വഴി 1,000 കോടി രൂപയുടെ ‘ചിപ്പ് ഡിസൈന്‍ കമേഴ്സ്യലൈസേഷന്‍ ഫണ്ട്’ രൂപീകരിക്കണം. ഒപ്പം, സര്‍ക്കാര്‍ നേരിട്ട് സംഭരിക്കാന്‍ തയ്യാറുള്ള കുറഞ്ഞത് രണ്ട് ‘സോവറിന്‍ എ.ഐ ഇന്‍ഫറന്‍സ് ചിപ്പ്’ പദ്ധതികളെങ്കിലും പ്രഖ്യാപിക്കണം.

ഭാരതത്തില്‍ പ്രതിഭയുണ്ട്; വിശാലമായ ആഭ്യന്തര വിപണിയുണ്ട്; വിഭവങ്ങളും പിന്തുണ നല്‍കുന്ന ദീര്‍ഘവീക്ഷണമുള്ള പ്രധാനമന്ത്രിയുമുണ്ട്. തരംതാഴ്ന്ന അസംബ്ലി-പാക്കേജിംഗ് യൂണിറ്റുകളില്‍ മാത്രം നിക്ഷേപം തുടരുന്നതിന് പകരം, മൂല്യശൃംഖലയുടെ ഉയര്‍ന്ന തലങ്ങളായ ചിപ്പ് ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, സ്വന്തം ഐ.പി എന്നിവയിലേക്ക് ഭാരതം ശ്രദ്ധ കേന്ദ്രീകരിക്കണം.

പതിറ്റാണ്ടുകളായി പല വ്യവസായിക വിപ്ലവങ്ങളിലും ഭാരതം പിന്നിലായിപ്പോയിട്ടുണ്ട്. എന്നാല്‍ ഈ എ.ഐ സൂപ്പര്‍സൈക്കിള്‍ നാം നഷ്ടപ്പെടുത്തിക്കൂടാ. ലോകം ഉപയോഗിക്കുന്ന ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യുന്ന രാജ്യങ്ങളായിരിക്കും ഈ നൂറ്റാണ്ടിന്റെ ചരിത്രം എഴുതുക; ആ നിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കാന്‍ ഭാരതം സജ്ജമാകേണ്ടതുണ്ട്.

By admin