ന്യൂദല്‍ഹി: സുപ്രീംകോടതി നിര്‍ദേശിച്ചതുപോലെ ദല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്‌ക്കളെ മുഴുവന്‍ കൂടുകളിലേക്ക് മാറ്റാനുള്ള കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ദല്‍ഹിയില്‍ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളുണ്ടെന്നും അവയെ എട്ടാഴ്ചയ്‌ക്കുള്ളില്‍ ഷെല്‍റ്ററുകളിലേക്ക് മാറ്റുക എന്നത് അപ്രായോഗികമായ നിര്‍ദേശമാണെന്നാണ് മൃഗസ്നേഹിയായ മേനകാഗാന്ധി പ്രതികരിച്ചത്. എന്നാല്‍ മേനകാഗാന്ധിയുടെ ഈ വാദത്തെ കാറ്റില്‍ പറത്തിയാണ് എന്ത് വിലകൊടുത്തും സുപ്രീംകോടതി നിര്‍ദേശം നടപ്പാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവകാശപ്പെടുന്നത്.
ദല്‍ഹിയിലെ തെരുവുനായ്‌ക്കളെ ഷെല്‍റ്ററിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വിധിയെ രേഖാ ഗുപ്ത സ്വാഗതം ചെയ്തു. ദല്‍ഹിയില്‍ തെരുവ്നായ്‌ക്കളുടെ ശല്ല്യം ഭയാനകമായ തോതില്‍ വളര്‍ന്നു കഴിഞ്ഞു. ദല്‍ഹിയിലെ ജനങ്ങള്‍ തെരുവുനായ്‌ക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ആം ആദ്മി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. തെരുവ് നായ്‌ക്കളുടെ ഭയമില്ലാതെ കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും ദല്‍ഹിയിലെ തെരുവുകളില്‍ നടക്കാവുന്ന സ്ഥിതി കൊണ്ടുവരും.- രേഖാ ഗുപ്ത പറയുന്നു.
തെരുവു നായ്‌ക്കളുടെ കടിയേല്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അതുപോലെ തെരുവ് നായ്ശല്യം തടയാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കും.- രേഖാഗുപ്ത പറഞ്ഞു, ദല്‍ഹിയെ സുന്ദരവും സുരക്ഷിതവുമായ നഗരമാക്കി മാറ്റുക എന്ന പ്രതിജ്ഞയോടെ അധികാരത്തില്‍ കയറിയ ബിജെപി മുഖ്യമന്ത്രിയാണ് രേഖാ ഗുപ്ത. കെജ്രിവാളിന്റെ ആം ആദ്മി സര്‍ക്കാരിനെ തൂത്തെറിഞ്ഞാണ് രേഖാ ഗുപ്ത ദല്‍ഹിയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.