• Mon. Jan 20th, 2025

24×7 Live News

Apdin News

എട്ടുമാസത്തിനിടെ നാല് തൂക്കുകയർ; ശ്രദ്ധനേടി ജ‍ഡ്ജി എ.എം.ബഷീർ

Byadmin

Jan 20, 2025


പാറശാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ചത് നെയ്യാറ്റിന്‍കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍. ഗ്രീഷ്മയ്ക്ക് പരമാവധി ഇരട്ട ജീവപര്യന്തം വരെയാണ് പല നിയമവിദഗ്ധരും പ്രവചിച്ചിരുന്നത്.

എന്നാല്‍ കോടതി പരാമവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കുകയായിരുന്നു. 24 വയസ്സേ ഉള്ളുവെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പഠിക്കാന്‍ മിടുക്കി ആണെന്നുമുള്ള വാദങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു ശിക്ഷാവിധി.

എട്ട്‌ മാസത്തിനിടെ നാലാമത്തെ കുറ്റവാളിക്കാണ് ജഡ്ജി എ എം ബഷീര്‍ വധശിക്ഷ വിധിക്കുന്നത്. 2024 മേയ് മാസത്തില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലാണ് എ എം ബഷീര്‍ ഇതിനുമുമ്പ് വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനും അടക്കം മൂന്നുപേര്‍ക്കാണ് അന്ന് തൂക്കുകയര്‍ വിധിച്ചത്.

ഇപ്പോള്‍ ഗ്രീഷ്മ കൂടിയായതോടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലില്‍ കഴിയുന്ന രണ്ടു സ്ത്രീകള്‍ക്കും ശിക്ഷ വിധിച്ചത് ഒരേ ജഡ്ജിയെന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളി കൂടിയാണ് ഗ്രീഷ്മ.

ന്യായാധിപന്‍ എന്നതിനപ്പുറം സാഹിത്യകാരനെന്ന നിലയിലും പ്രശസ്തനാണ് എ എം ബഷീര്‍. നിരവധി നോവലുകളുടേയും കഥാ സമാഹാരങ്ങളുടെയും സഞ്ചാര സാഹിത്യ കൃതികളുടെയും രചയിതാവാണ്. നോവലുകളായ തെമിസ്, ഉറുപ്പ, പച്ച മനുഷ്യന്‍, റയട്ട് വിഡോസ്, കഥാസമാഹാരമായ ഒരു പോരാളി ജനിക്കുന്നു, സഞ്ചാര സാഹിത്യകൃതിയായ ജംറയും ഇദ്ദേഹത്തിന്റേതായുണ്ട്. ‘ജെ’ കേസ് എന്ന കേസ് സ്റ്റഡിയും പ്രസിദ്ധീകരിച്ചു.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണ്. അഭിഭാഷകനായിരിക്കെ 2002ല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം കോടതികളില്‍ ജോലി ചെയ്തു. ജില്ലാ ജഡ്ജിയായി തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള നിയമസഭാ സെക്രട്ടറിയായിരിക്കെയാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് ജഡ്ജ് ആയി നിയമിതനായത്.ഭാര്യ: സുമ. മക്കള്‍ അസ്മിന്‍ നയാര, ആസിം ബഷീര്‍.

By admin