കണ്ണൂര്‍:എഡിഎം ആയിരുന്ന നവീന്‍ ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്നും നവീന്‍ ബാബുവിന് തെറ്റുപറ്റിയെന്ന് കണ്ണൂര്‍ കളക്ടര്‍ മൊഴി നല്‍കിയിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. എഡിഎമ്മിന്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെ റവന്യൂ വകുപ്പ് പരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്ന മന്ത്രി, പത്ത് മാസങ്ങള്‍ക്ക് ശേഷം ഇന്ന് ജില്ലാ കളക്ടറുമായി വേദി പങ്കിട്ടു.
എഡിഎം നവീന്‍ ബാബുവിന്റെ യാത്ര അയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എ ഡി എമ്മിനെ അപമാനിച്ച് കൊണ്ട് നടത്തിയ പ്രസംഗം ഉള്‍പ്പെടെ റവന്യൂ മന്ത്രിയെ അറിയിച്ചിരുന്നു എന്നാണ് കളക്ടര്‍ മൊഴി നല്‍കിയത്. ഇതിനുശേഷം ജില്ലയിലെ റവന്യൂ പരിപാടികളില്‍ മന്ത്രി കെ രാജന്‍ പങ്കെടുത്തിരുന്നില്ല. കളക്ടറുമായി വേദി പങ്കിടുന്നതില്‍ താത്പര്യം കാട്ടിയിരുന്നില്ല.
എന്നാല്‍ പിണക്കമില്ലെന്നാണ് മന്ത്രി കെ രാജന്‍ ഇപ്പോള്‍ പറയുന്നത്. നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ ഒരു തെറ്റും ചെയ്തതായി കണ്ടെത്തിയിട്ടുമില്ല. തനിക്ക് മുഖ്യമന്ത്രിക്കും ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും മന്ത്രി വെളിപ്പെടുത്തി.