എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് കുടുംബം അഭിഭാഷകനെ ഒഴിവാക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് കുടുംബം പറയുന്നു. ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം വ്യക്തമാക്കി.
ഹര്‍ജിക്കാരിയുടെ താല്‍പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകന്‍ ആവശ്യം ഉന്നയിച്ചതെന്നും കുടുംബം പറഞ്ഞു. തങ്ങള്‍ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിഷേധിക്കുകയാണ് ഉണ്ടായതെന്നും കുടുംബം പറയുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാറായിരുന്നു കുടുംബത്തിനായി ഹാജരായിരുന്നത്.
സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് എഡിഎമ്മിന്റെ ഭാര്യ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നത്. മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.