ന്യൂദൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ സ്ഥാപകനായ അഭിജിത് ദിപ്കെയുടെ മുൻകാല ആം ആദ്മി പാർട്ടി ബന്ധത്തെ ചോദ്യം ചെയ്താണ് ഓഗി ജനത പാർട്ടി രംഗത്ത്. എഎപിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ അദ്ദേഹം മുമ്പ് പങ്കെടുത്തിരുന്നതായി ഒജെപി ചൂണ്ടിക്കാട്ടി. കൂടാതെ 2024-ൽ ദിപ്കെ, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് നന്ദി അറിയിച്ച് ബോസ്റ്റണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ ട്വീറ്റും അവർ പങ്കുവച്ചു.
‘എല്ലാ തരത്തിലുള്ള കോക്രോച്ചുകളെയും ഇല്ലാതാക്കുക, എത്ര വലിപ്പമുള്ളതും ഏത് സ്പീഷീസായാലും അവയെ ഇല്ലാതാക്കുക’ എന്നതാണ് ലക്ഷ്യമെന്ന് ഒജെപി കുറിച്ചു. സിജെപിയുടെ ആശയവിനിമയ രീതിയെ പരിഹസിച്ച് ഒജെപി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടിയിട്ടുണ്ട്. പ്രമുഖ കാർട്ടൂൺ സിരീസായ “ഓഗി ആൻഡ് ദ കോക്രോച്ചസ്”എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഓഗി ജനത പാർട്ടി തങ്ങളുടെ ആശയവുമായി സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. ഇരു സംഘവും തമ്മിലുള്ള രസകരമായ മത്സരം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയാകുന്നു.
മൃഗസംരക്ഷണം മുൻനിർത്തിയാണ് ഒജെപിയുടെ പോസ്റ്റുകൾ അധികവും പ്രചരിക്കുന്നത്. തെരുവുനായകൾക്ക് സൗജന്യ ചികിത്സ, കൂടുതൽ മൃഗപരിപാലന ഷെൽട്ടറുകൾ, ഭക്ഷണ വിതരണം, ദത്തെടുക്കൽ ബോധവൽക്കരണം എന്നിവ ഉൾപ്പെട്ട ഒരു മാനിഫെസ്റ്റോ അവർ പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെടുന്ന പോസ്റ്റുകളും അവർ പങ്കുവെച്ചിരുന്നു.