• Sun. Dec 28th, 2025

24×7 Live News

Apdin News

എന്തുകൊണ്ടാണ് ഇന്ത്യയ്‌ക്ക് ഇസ്രയേലിനോട് ഇത്ര സ്നേഹം?

Byadmin

Dec 28, 2025



ന്യൂദല്‍ഹി: ഒരു യഥാര്‍ത്ഥ സുഹൃത്ത് ആപല്‍ഘട്ടങ്ങളില്‍ ഓടിയെത്തി സഹായിക്കുന്ന ആളാണ്. കാര്‍ഗില്‍ യുദ്ധസമയത്ത് ലോക രാഷ്‌ട്രങ്ങളുടെ വിലക്കുകളെ മറികടന്ന് ഇന്ത്യയ്‌ക്ക് വേണ്ടി ആധുനിക ആയുധങ്ങള്‍ വിതരണം ചെയ്ത രാജ്യമാണ് ഇസ്രയേല്‍. ലേസര്‍ നിയന്ത്രിത ബോംബുകള്‍, നിരീക്ഷണത്തിനുള്ള ഡ്രോണുകള്‍, മറ്റ് ആധുനിക ആയുധങ്ങള്‍ എന്നിവ ഇസ്രയേല്‍ നല്‍കി.

ഇന്ത്യ അന്ന് മിറാഷ് 2000 യുദ്ധവിമാനത്തില്‍ ഘടിപ്പിക്കുകയായിരുന്നു ഈ ലേസര്‍ നിയന്ത്രിത ബോംബുകള്‍. അതിര്‍ത്തി നിയന്ത്രിത രേഖലംഘിക്കാതെ തന്നെ പര്‍വ്വത ശിഖരങ്ങളിലുള്ള ശത്രുക്യാമ്പുകള്‍ കത്തി ക്കാന്‍ ഈ ലേസര്‍ നിയന്ത്രിത ബോംബുകള്‍ക്ക് കഴിഞ്ഞു. ഇവിടെ പ്രത്യേകം നിരീക്ഷണം നടത്താന്‍ ഹെറോണ്‍ എന്ന ഡ്രോണും ഇസ്രയേല്‍ നല്‍കി. യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ വിലക്കുകളെ ലംഘിച്ചാണ് ഇസ്രയേല്‍ ഇന്ത്യയ്‌ക്ക് ഹെറോണ്‍ ഡ്രോണ്‍ നല്‍കിയത്.

ഇസ്രയേലിന്റെ സൈനിക ഉപഗ്രഹങ്ങള്‍ ഇന്ത്യയ്‌ക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കി. ഈ ഉപഗ്രഹങ്ങളില്‍ നിന്നും കാര്‍ഗിലിന്റെ വ്യക്തമായ ഫോട്ടോഗ്രാഫുകള്‍ ഇസ്രയേല്‍ഇന്ത്യയ്‌ക്ക് അന്ന് നല്‍കി. ടൈഗര്‍ ഹില്‍ പോലെ പാകിസ്ഥാന്റെ ഭീകരക്യാമ്പുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത് ഈ ഫോട്ടൊഗ്രാഫുകളില്‍ നിന്നാണ്.

ഇന്ത്യ ആയുധക്ഷാമം നേരിടുമ്പോഴെല്ലാം കാര്‍ഗില്‍ യുദ്ധസമയത്ത് ഇസ്രയേല്‍ ഇന്ത്യയുടെ ആയുധപ്പുര നിറച്ചു. അന്നത്തെ ഇന്ത്യയുടെ മിറാഷ് 2000 യുദ്ധവിമാനത്തില്‍ ആധുനിക വാര്‍ത്താവിനിമയസംവിധാനങ്ങള്‍ ഘടിപ്പിക്കാന്‍ അന്ന് ഇസ്രയേല്‍ വിദഗ്ധര്‍ ഇന്ത്യന്‍ വ്യോമസേനയെ സഹായിച്ചു.

റഷ്യയെപ്പോലെയും ഫ്രാന്‍സിനെപ്പോലെയും ഇന്ത്യയെ പ്രതിരോധമേഖലയില്‍ കയ്യയച്ച് സഹായിക്കുന്ന രാജ്യമാണ് ഇസ്രയേല്‍. ആപല്‍ഘട്ടത്തില്‍ മറ്റൊന്നും നോക്കാതെ കയ്യിലുള്ളതെന്തും തന്ന് സഹായിച്ച ഇസ്രയേലിനോട് ഇന്ത്യ എന്നും നന്ദിയുള്ളവരാണ്. ഇതാണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കിയത്. തന്ത്രപരമായ പങ്കാളിത്ത് എന്നാല്‍ അതില്‍ എല്ലാം ഉള്‍പ്പെടും. വെറും അന്യോന്യമുള്ള ആയുധവില്‍പന മാത്രമല്ല. അമേരിക്കയെ സംബന്ധിച്ചിടത്തോളം ആയുധങ്ങല്‍ വില്‍ക്കുക ലാഭമെടുക്കുക എന്നത് മാത്രമാണെങ്കില്‍ ഇന്ത്യ- ഇസ്രയേല്‍ ബന്ധം അങ്ങിനെയല്ല. തന്ത്രപരമായ പങ്കാളിത്തം എന്ന വാക്കിന് വലിയ ആഴങ്ങളുണ്ട്. ഇതില്‍ പരസ്പരം ചേര്‍ന്നുള്ള പ്രതിരോധ ആസൂത്രണം, പ്രതിരോധ സാങ്കേതികവിദ്യ പങ്കുവെയ്‌ക്കല്‍, ഭീകരവാദത്തെ ചെറുക്കല്‍, രഹസ്യവിവരശേഖരണം, സംയുക്ത സൈനികാഭ്യാസങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് ഒരു സഹകരണ ഉടമ്പടികളൊന്നും ഒപ്പുവെയ്‌ക്കാതെ തന്നെ ഇരുവരും പരസ്പര സുരക്ഷ ഉറപ്പാക്കാന്‍ ആവുന്നത്ര സഹായം നല്‍കുന്നു.

ഇസ്രയേല്‍ എന്ന രാജ്യം രൂപീകരിക്കുന്നതിനെതിരെ ഇന്ത്യ വോട്ട് ചെയ്തിട്ടും….
1948ല്‍ ഇസ്രയേല്‍ എന്ന രാജ്യം രൂപീകരിക്കുന്നതിന് എതിരെ വോട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. അന്ന് നെഹ്രുവായിരുന്നു പ്രധാനമന്ത്രി. എന്നിട്ടും 1971ല്‍ ഇന്ത്യ പാകിസ്ഥാനുമായി യുദ്ധം ചെയ്തപ്പോള്‍ ഇസ്രയേല്‍ ഇന്ത്യയ്‌ക്ക് ആയുധം നല്‍കി. അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ഗോള്‍ഡ മെയ്ര്‍ ഇറാന് നല്‍കാന്‍ വേണ്ടി വെച്ചിരുന്ന ആയുധങ്ങള്‍ ഇന്ത്യയ്‌ക്ക് നല്‍കുകയായിരുന്നു. ഒരു നയതന്ത്രബന്ധം പോലും ഇല്ലാതിരുന്ന സമയത്താണിതെന്നോര്‍ക്കണം.

 

By admin