ന്യൂദല്‍ഹി: ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ടാണ് ബ്രിക്സ് രാജ്യങ്ങളെ ഭയപ്പെടുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളും മറ്റ് ഏതാനും രാജ്യങ്ങള്‍ അംഗമായ ബ്രിക്സ് എന്ന മുന്നണി ഡോളറിന്റെ മൂല്യത്തെ ദുര്‍ബലമാക്കുമെന്നും യുഎസിന്റെ സാമ്പത്തിക മേധാവിത്വത്തെ വെല്ലുവിളിക്കുമെന്നുമാണ് അമേരിക്ക ഭയപ്പെടുന്നത്. ഇറാന്‍, ഇന്തോനേഷ്യ, യുഎഇ, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളും ബ്രിക്സില്‍ അംഗങ്ങളാണ്.
അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന പാശ്ചാത്യ രാജ്യങ്ങളുടെ സംഘടനയായ ജി7 ഗ്രൂപ്പിനെ വെല്ലുവിളിക്കുന്ന ഒന്നാണ് ബ്രിക്സെന്നും അത് അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകാധിപത്യത്തെ വെല്ലുവിളിക്കുന്ന ഒന്നാണെന്നും ബ്ര്യൂഗെല്‍ എന്ന തിങ്ക് ടാങ്കിന്റെ സീനിയര്‍ ഫെലോ ആയ അലീഷ്യ ഗാര്‍സ്യ പറയുന്നു.
ഈയിടെ ഡോളറിനെ തഴഞ്ഞ് പ്രാദേശിക കറന്‍സികളില്‍ ഇടപാടുകള്‍ നടത്തുമെന്ന് ബ്രിക്സ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യയ്‌ക്ക് രൂപയില്‍ തന്നെ റഷ്യയുമായി എണ്ണ ഇടപാടുകള്‍ നടത്താം. ഡീഡോളറൈസേഷന്‍ എന്ന് വിളിക്കപ്പെടുന്ന വ്യാപാരഇടപാടുകളില്‍ ഡോളറിനെ ഒഴിവാക്കുക എന്ന പ്രക്രിയ ബ്രിക്സ് രാജ്യങ്ങള്‍ തുടങ്ങിവെച്ചിരിക്കുന്നു എന്നതാണ് ട്രംപിനെയും അമേരിക്കയെയും വിറളി പിടിപ്പിക്കുന്നത്. ഇതനുസരിച്ച് അമേരിക്കയും ചൈനയും തമ്മില്‍ എണ്ണ ഇടപാട് ഇപ്പോള്‍ നടക്കുന്നത് ഡോളറില്‍ അല്ല. റൂബിളിലും യുവാനിലും ആണ്. യുഎഇ റഷ്യയുമായും ചൈനയുമായും ദിര്‍ഹത്തില്‍ വ്യാപാര ഇടപാടുകള്‍ നടത്തിതുടങ്ങിയിരിക്കുന്നു.
നേരത്തെ ബ്രിക്സ് രാജ്യങ്ങള്‍ക്ക് യൂണിറ്റ് എന്ന പേരില്‍ സ്വന്തമായി കറന്‍സി പോലും ഇറക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ചൈനയുടെയും ചൈനയുടെ കറന്‍സിയായ യുവാന്റെയും ആധിപത്യം കൂടുതലായി ഉണ്ടാകുമെന്ന് ഭയന്ന് ഇന്ത്യ അന്ന് ഇതിനെ തള്ളിക്കളഞ്ഞിരുന്നു. അതോടെ ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഒരു പൊതു കറന്‍സി എന്ന തീരുമാനം നടപ്പിലായില്ല.
ബ്രിക്സില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരായ സന്ദേശം പുറത്തുവരരുതെന്ന് ഇന്ത്യയും ബ്രസീലും ആഗ്രഹിക്കുന്നുണ്ട്. അതിന് കാരണം ബ്രിക്സിനുള്ളില്‍ റഷ്യയുടെയും ചൈനയുടെയും ആധിപത്യമാണെന്നുള്ളതിനാലാണ്. ബ്രിക്സ് രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാര ഇടപാട് 2024ല്‍ വെറും ഒരു ലക്ഷം ഡോളര്‍ മാത്രമാണ് നടന്നത്. പക്ഷെ പുതിയ സാഹചര്യത്തില്‍ ഇത് കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുള്ളതായി പറയുന്നു.