• Wed. Jan 8th, 2025

24×7 Live News

Apdin News

“എന്നിലും ഒരു വന്യതയുണ്ട്..”-ദേശീയമാധ്യമങ്ങളിലും നിറഞ്ഞാടി ഉണ്ണിമുകുന്ദന്‍.. ഒറ്റയടിക്ക് പാന്‍ഇന്ത്യ സൂപ്പര്‍സ്റ്റാര്‍ പദവിയും പിടിച്ചെടുത്തോ?

Byadmin

Jan 8, 2025


മുംബൈ: മാര്‍ക്കോ എന്ന സിനിമ 100 കോടി ക്ലബ്ബില്‍ എത്തിയതോടെ ഉണ്ണി മുകുന്ദന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറായി എന്ന ചര്‍ച്ചകള്‍ കൊടുമ്പരിക്കൊള്ളുന്നതിനിടയില്‍, ദേശീയമാധ്യമങ്ങളിലും ഉണ്ണി മുകുന്ദന്‍ ചര്‍ച്ചയാവുന്നു. ഇന്ത്യാടൂഡേ, റിപ്പബ്ലിക്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി ദേശീയമുഖ്യധാരാമാധ്യമങ്ങളില്‍ ഒഴുക്കുള്ള ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍. ഇതോടെ ഉണ്ണി മുകുന്ദന്‍ ബാഹുബലിയിലെ പ്രഭാസ് പോലെ പതിയെ പാന്‍ഇന്ത്യ സൂപ്പര്‍താരപദവിയിലേക്ക് ചുവടുവെച്ചുകഴിഞ്ഞോ എന്ന ചോദ്യവും ഉയരുന്നു.

ഉണ്ണിമുകുന്ദന്റെ മാര്‍ക്കോ വടക്കേയിന്ത്യയിലെ തീയറ്ററുകളില്‍ നിന്നും അറ്റ്ലി സംവിധാനം ചെയ്ത ഹിന്ദി സിനിമയായ ബേബി ജോണിനെ കടപുഴക്കി എന്നത് ഒരു വലിയ വിജയമായിരുന്നു. വെറും മലയാളത്തിനപ്പുറം രാജ്യം വെട്ടിപ്പിടിച്ച ഉണ്ണി മുകുന്ദന്റെ നിസ്സാരമല്ലാത്ത ജയം. സിനിമ സിനിമ എന്ന സ്വപ്നവുമായി ഏറെ കഷ്ടപ്പെട്ടതിന് ശേഷം ഉണ്ണി മുകുന്ദന് ദൈവം നല്‍കിയ ഇടമാണിത്.

ഇന്ത്യാ ടുഡേ നടത്തിയ ഇന്‍റര്‍വ്യൂവില്‍ മാര്‍ക്കോയിലെ വയലന്‍സിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അപ്രതീക്ഷിതമായ, എന്നാല്‍ പക്വതയുള്ള ഉത്തരങ്ങള്‍ പറഞ്ഞ് ഉണ്ണിമുകുന്ദന്‍ അഭിമുഖം നടത്തുന്ന ജേണലിസ്റ്റിനെ ഞെട്ടിക്കുന്നത് കാണാം. എന്റെ ഉള്ളില്‍ തന്നെ മെരുങ്ങാത്ത ഒരു വന്യമൃഗമുണ്ടെന്നും അതാകാം ഇത്തരമൊരു സിനിമയുമായി മുന്നോട്ട് പോകാന്‍ പ്രചോദനമായതെന്നും ഉണ്ണി പറയുമ്പോള്‍ പഴയ സാധുവായ ഉണ്ണി മുകുന്ദനെ ഒരു നിമിഷം നമ്മള്‍ മറക്കുന്നു. മാത്രമല്ല, ഈ സിനിമ ചെയ്യും മുന്‍പ് മാതൃക എന്ന നിലയില്‍ നിരവധി കൊറിയന്‍ സിനിമകള്‍ കണ്ടിരുന്നെന്ന് ഉണ്ണി പറയുമ്പോള്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും മുന്‍പ് എത്ര ആഴമുള്ള തയ്യാറെടുപ്പുകള്‍ ഉണ്ണി സ്വീകരിക്കുന്നു എന്നും നമ്മള്‍ തിരിച്ചറിയുന്നു. മലയാളത്തിലെ ഈ യുവനടന്‍ മോശക്കാരനല്ല എന്ന ധാരണയാണ് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ഉണ്ണി പതിപ്പിച്ചു കഴിഞ്ഞു എന്ന് പറയാതെ വയ്യ.

അസാധാരണ വിജയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഈ വിജയം ഒരു കൂട്ടായ്മയാണെന്ന് വിനയത്തോടെ ഉണ്ണി മറുപടി നല്‍കുന്നു. മാര്‍ക്കോയുടെ വിജയത്തിന് പിന്നില്‍ താന്‍ ചെയ്ത ആക്ഷന്‍ മാത്രമല്ലെന്നും തിരക്കഥയും അതിന്റെ സംവിധാനവും സംഗീതവും അഭിമന്യു, കബീര്‍ യുക്തി തുടങ്ങിയ പുതിയ നടീനടന്‍മാര്‍…എല്ലാം നന്നായി പെര്‍ഫോം ചെയ്തെന്നും ആ കൂട്ടായ്മയാണ് സിനിമയെ വന്‍വിജയമാക്കിതീര്‍ത്തതെന്നും ഉണ്ണി പറഞ്ഞുവെയ്‌ക്കുമ്പോള്‍ പക്വതയുള്ള ഒരു ആക്ടറെയാണ് നമ്മള്‍ കാണുന്നത്.

താങ്കളുടെ വയലന്‍സ് അപാരമാണെന്നും കുട്ടികള്‍, മൃഗങ്ങള്‍, സ്ത്രീകള്‍….എല്ലാറ്റിനോടും താങ്കള്‍ കാണിക്കുന്ന വയന്‍സ് കാണുമ്പോള്‍ പൊറുക്കാന്‍ കഴിയാത്തതാണെന്ന് തോന്നിപ്പോയെന്നും ഒരു വനിതാ ജേണലിസ്റ്റ് പറയുമ്പോള്‍ ആക്ടര്‍ എന്ന നിലയില്‍ അത് ഉണ്ണിയുടെ തൊപ്പിയില്‍ തൂവലായി മാറുന്നു.

അനിമലിലും കെജിഎഫിലും കില്ലിലും കാണാത്ത ക്രൂരതകളും കൊലപാതകങ്ങളുമാണ് മാര്‍ക്കോയില്‍ കണ്ടതെന്നും ഞെട്ടിപ്പോയെന്നും ഒരു ജേണലിസ്റ്റ്. ഇത്ര അക്രമം കാണിച്ചപ്പോള്‍ പ്രേക്ഷകരുടെ പ്രതികരണത്തെ ഭയപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് ഗ്യാങ്ങ്സ്റ്റര്‍ എങ്ങിനെയാണ് പെരുമാറുന്നതെന്ന് അറിയില്ലെന്നും വെറും ഭാവനയുടെയും ചില സിനിമാമാതൃകകളുടെയും അടിസ്ഥാനത്തിലാണ് താനത് ചെയ്തതെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. രക്ഷകനും രാക്ഷസനും തമ്മില്‍ വ്യത്യാസമില്ലേയെന്നും എങ്ങിനെയാണ് ആ അതിര്‍വരമ്പുകള്‍ വരച്ചതെന്നും ചോദിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കണമെന്നും വയലന്‍സിന്റെ ക്രൂരതകള്‍ അനുഭവിപ്പിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നെന്നും ഉണ്ണി.

മാര്‍ക്കോ രണ്ടും മൂന്നും വരുമെന്നുള്ള ഉണ്ണി പറഞ്ഞപ്പോള്‍ എന്താണ് അതില്‍ പ്രതീക്ഷിക്കാവുന്നതെന്ന ചോദ്യത്തിന് കൂടുതല്‍ വയലന്‍സ് എന്നായിരുന്നു ഉണ്ണിയുടെ മറുപടി.
മാര്‍ക്കോയിലെയും കെജിഎഫിലെയും നായകന്മാരെക്കുറിച്ച് വലിയ താരതമ്യങ്ങള്‍ നടക്കുന്നുണ്ടെന്നും വില്ലന്റെ മാനറിസവും വയലന്‍സും ലുക്കും എല്ലാം ഒരു പോലെയാണെന്നും ഉള്ള കമന്‍റിന് ഇത് വലിയ ക്രെഡിറ്റായി കാണുന്നുവെന്നും താന്‍ യാഷിന്റെ ആരാധകനാണെന്നും തുറന്നുപറയാനും ഉണ്ണി മടി കാട്ടുന്നില്ല. സിനിമാവ്യവസായം തണുത്തുകിടന്നപ്പോള്‍ അതിനെയാകെ കൈപിടിച്ചുയര്‍ത്തിയ ആളാണ് യാഷെന്നും ഉണ്ണി മുകുന്ദന്‍.

താങ്കള്‍ മാര്‍ക്കോയെപ്പോലെ ക്രൂരനാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും തന്റെ ഉള്ളിലും വന്യതയുണ്ടെന്നും ആ കഥാപാത്രവുമായി അലിഞ്ഞുചേരാതെ ആ സിനിമ ഒരു നടന് ചെയ്യാന്‍ കഴിയില്ലെന്നും പക്ഷെ ആ വന്യത കൂടുതല്‍ ആഴത്തില്‍ അന്വേഷിച്ചു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഉണ്ണി.



By admin